നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവിക്കുന്ന സംഭവ വികാസങ്ങള്‍ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് തലവനായിരുന്ന എസ് ശ്രീജിത്തിന്റെ മാറ്റവും ഏറെ വിവാദത്തിലായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ ചോര്‍ന്നു എന്നുളള ആരോപണവും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്…. തങ്ങൾക്ക് ലഭിച്ച സമയത്തിനുള്ളിൽ പരമാവധി തെളിവുകൾ ശേഖരിച്ച് തുടരന്വേഷണത്തിന്റ റിപ്പോർട്ട് സമർപ്പിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ അന്വേഷണ സംഘം.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ദിലീപുമായി ബന്ധമുള്ള യുവനടിയെ ഉടനെ ചോദ്യം ചെയ്‌തേക്കുമെന്നുള്ള വാർത്തയും പുറത്തുവരുന്നു. ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍നിന്ന് ഈ നടിയുടെ അക്കൗണ്ടിലേക്കു വലിയ തുക നിക്ഷേപിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട് . കൂടാതെ ദിലീപിന്റെ അറസ്‌റ്റിനുശേഷം കാവ്യയും ഈ നടിയും മൂകാംബികയില്‍ വച്ചു കണ്ടതായും പറയുന്നു.
നടിയുമായുള്ള ചിത്രങ്ങള്‍ ദിലീപിന്റെ മൊബൈലില്‍ കണ്ടുവെന്നു മൊഴിയുണ്ട്. സൈബര്‍ ഹാക്കര്‍ സായ്‌ശങ്കര്‍ വഴി ഈ ചിത്രങ്ങളും ദിലീപിന്റെ ഫോണില്‍നിന്നു മായ്‌ച്ചുകളഞ്ഞു. അവ വീണ്ടെടുക്കാനാവാത്തവിധം നശിപ്പിക്കപ്പെട്ടുവെന്നാണു സൈബര്‍ ഫോറന്‍സിക് പരിശോധനയില്‍ വ്യക്‌തമായത്. നശിപ്പിച്ചുകളഞ്ഞതില്‍ പല നിര്‍ണായക ദൃശ്യങ്ങളും വീഡിയോകളും ഉണ്ടെന്നാണു സായ്‌ശങ്കറിന്റെ മൊഴി. മായിച്ചു കളഞ്ഞവ പെന്‍ഡ്രൈവിലേയ്‌ക്കു പകര്‍ത്തി നല്‍കി. യുവനടിയുമൊത്തുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുറത്തുവരുന്നതു തന്റെ സ്വകാര്യതയെ ബാധിക്കുമെന്നാണു ദിലീപ് ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി.
നടിയുമൊത്തുള്ള ചിത്രങ്ങളില്‍ പലതും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുംവിധമുള്ളതാണ്. ഇവയെല്ലാം അന്വേഷണസംഘം ദുരുപയോഗം ചെയ്യുമെന്ന് ആശങ്കയുള്ളതിനാലാണു ഇവ ഫോണില്‍നിന്നു മാറ്റിയതെന്നാണു ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞത്.
അതേസമയം സായ്‌ശങ്കറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ദിലീപിന്റെ അഭിഭാഷകരില്‍നിന്നു ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. സാക്ഷികളെന്ന നിലയിലാവും മൊഴിയെടുക്കല്‍. ദിലീപിന്റെ ഫോണുമായി മുംബൈയിലേക്കു പോയ സംഘത്തില്‍ രണ്ട് അഭിഭാഷകരുമുണ്ടായിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രോസിക്യൂഷനോട് ചോദ്യംങ്ങൾ ഉന്നയിച്ച് വിചാരണക്കോടതി. വ്യക്തമായ തെളിവുകൾ ഹാജരാക്കാതെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുതെന്ന് കോടതി വിമർശിച്ചു. സാധ്യതകളെപ്പറ്റിയല്ല തെളിവുകളെപ്പറ്റിയാണ് പ്രോസിക്യൂഷൻ പറയേണ്ടത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകൾ ആവശ്യമാണ്. സ്വാധീനിക്കാൻ ശ്രമിച്ചതായി ഏതെങ്കിലും സാക്ഷികൾ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
പൊതുജനാഭിപ്രായം നോക്കിയല്ല പ്രോസിക്യൂഷൻ പ്രവർത്തിക്കേണ്ടത്. പബ്ലിക്ക് പ്രോസിക്യൂട്ടറാണ്, പൊലീസ് പ്രാസിക്യൂട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണം. കോടതിയെ പുകമറയിൽ നിർത്താൻ ശ്രമിക്കരുതെന്നും കോടതി കുറ്റപ്പെടുത്തി. രേഖകൾ ചോർന്നു എന്ന ആരോപണത്തിലും പബ്ലിക് പ്രോക്യൂട്ടർക്ക് വിമർശനമേറ്റു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്ന പ്രോസിക്യൂഷൻ ആരോപണത്തിൽ 30-03-2022 ന് അന്വേഷണത്തിന് കോടതി അനുമതി നൽകിയതാണ്. പിന്നീട് എന്തുണ്ടായെന്നും കോടതി ചോദിച്ചു. രേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ല. ദിലീപിൻ്റെ ഫോണിലേത് രഹസ്യ രേഖകൾ അല്ലെന്നും കോടതി പറഞ്ഞു.
കേസില്‍ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച വാദങ്ങള്‍ക്കെതിരെ വിചാരണക്കോടതി തന്നെ മറുചോദ്യങ്ങള്‍ ഉന്നയിച്ചതോടെ രാവിലെ 11 മണിക്കു തുടങ്ങിയ നടപടികള്‍ ഉച്ചയ്ക്കു 3 മണിവരെ നീണ്ടു. പ്രോസിക്യൂഷന്‍ മുഴുവന്‍ തെളിവുകളും ഹാജരാക്കിയ ശേഷം മാത്രം വാദം നടത്താമെന്നു പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. 19നു കേസ് വീണ്ടും പരിഗണിക്കും. അന്നും ശക്തമായ വാദപ്രതിവാദം നടക്കാനാണ് സാധ്യത.