സമരവേദിയിൽ അതിജീവിതയ്ക്ക് പിന്തുണയുമായി ഓടിയെത്തി..പി ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ… സംഭവ ദിവസം അദ്ദേഹം അനുഭവിച്ച സമ്മര്‍ദ്ദം നേരിട്ട് കണ്ടിട്ടുണ്ട്

നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് കൊച്ചിയിൽ പരസ്യ പ്രതിഷേധം നടത്തയിരിക്കുകയാണ് നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചർ എന്ന സംഘടന.അതിജീവിതക്ക് നീതിവേണം എന്ന മുദ്രാവാക്യം ഉയര്‍ത്തി എറണാകുളം ഗാന്ധിക്വയറിലാണ് മുൻ എം എൽ എ പി.ടി. തോമസിന്റെ സുഹൃത്തുക്കള്‍ പ്രതിഷേധം നടത്തുന്നത്. മുന്‍ തൃക്കാക്കര എം എല്‍ എ പി ടി തോമസിന്റെ ഭാര്യ ഉമ തോമസും രവീന്ദ്രന്റെ സത്യഗ്രഹ വേദിയിലുണ്ട്.

പി ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ. സംഭവ ദിവസം പി ടി തോമസ് അനുഭവിച്ച സമ്മര്‍ദ്ദം നേരിട്ട് കണ്ടിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കവെ പൊലീസ് തലപ്പത്ത് ഉണ്ടായ മാറ്റം പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമാണ് എന്നും ഉമ തോമസ് പറഞ്ഞു.

മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് ആദ്യമായാണ് അതിജീവിതയ്ക്ക് പിന്തുണയുമായി ഒരു നടന്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചുവര്‍ഷം പിന്നിടുമ്പോഴും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം തുടരുന്നു എന്ന് ആരോപിച്ചാണ് നടന്‍ രവീന്ദ്രന്‍ അടക്കമുള്ളവരുടെ പ്രതിഷേധം. നടിയെ ആക്രമിച്ച കേസില്‍ സംഭവിക്കുന്നതാണ് ഇരയുടെ പേര് പറയുന്നതിനടക്കം നിര്‍മാതാവ് വിജയ് ബാബുവിനെ പോലുള്ളവര്‍ക്ക് ധൈര്യം നല്‍കുന്നതെന്നും ഈ സാഹചര്യത്തിലാണ് അന്തരിച്ച മുന്‍ എം എല്‍ എ പി ടി തോമസ് തുടങ്ങിവെച്ച സമരം തുടരുന്നതെന്നും സമര സംഘാടകര്‍ പറഞ്ഞു.

അതേസമയം തങ്ങളുടേത് 5 വര്‍ഷത്തിന് ശേഷം വരുന്ന പ്രതിഷേധമല്ലെന്ന് രവീന്ദ്രന്‍ പറയുന്നു. ആദ്യമായി അതിജീവിതയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയത് പി ടി തോമസ് ആയിരുന്നുവെന്നും ഇതേ ഗാന്ധി സ്‌ക്വയറില്‍ അദ്ദേഹം സത്യാഗ്രഹം നടത്തിയിരുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞിരുന്നു. ഈ വിഷയം ജനശ്രദ്ധയില്‍പ്പെടുത്തിയതും അതിന്റെ ഗൗരവം അധികാരികളെ ബോധ്യപ്പെടുത്തിയതും പി ടി തോമസ് ആയിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ആശങ്കപ്പെടുത്തുന്നതാണ് എന്നും അതിജീവിതയ്ക്ക് നീതി കിട്ടുമോ എന്നുള്ളതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നതെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. നീതിയെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചത് ആരെല്ലാമാണോ അവരെല്ലാം ശിക്ഷിക്കപ്പെടേണ്ടതാണ് എന്ന് രവീന്ദ്രന്‍ വ്യക്തമാക്കി. നീതിയെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചവരെല്ലാം ശിക്ഷിക്കപ്പെടേണ്ടവരാണ്. ശരിക്കും പറഞ്ഞാല്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കേണ്ടവരാണ്. ഇവിടെ യഥാര്‍ഥമായിട്ടുള്ള ന്യായപരമായിട്ടുള്ള, ഒരു നീതി അതിജീവിതയ്ക്ക് കിട്ടേണ്ടതാണ് എന്നും രവീന്ദ്രന്‍ പറഞ്ഞു.

എല്ലാ അർത്ഥത്തിലും ഒതുക്കി തീർക്കുമായിരുന്ന ഈ കേസ് പി ടി യെന്ന രാഷ്ട്രീയക്കാരന്റെ സാന്നിധ്യം കൊണ്ട് കേരളീയർ അറിയുകയായിരുന്നു. അക്രമത്തിനിരയായ യുവതിയുടെ അടുത്ത് ആ രാത്രിയിൽ പിടി എത്തിയതാണ് ആ കേസിൽ നിർണ്ണായകമായത്.

വാഹനത്തിനുള്ളിൽ അതിക്രൂരമായി നടിയെ പീഡിപ്പിച്ച ശേഷം പൾസർ സുനി അവരെ കൊണ്ടിറക്കിയത് നടൻ ലാലിന്റെ വീട്ടിലായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പാതിരാത്രിയിൽ നിർമ്മതാവ് കൂടിയായ ആന്റോ ജോസഫിനെ ലാൽ കാര്യമറിയിച്ചു. ഗൗരവം പിടി കിട്ടിയ ആന്റോ തന്റെ സുഹൃത്ത് കൂടിയായ പിടി തോമസിനെ ആ രാത്രി വിളിച്ചുണർത്തി വണ്ടിയിൽ കയറ്റി. ലാലിന്റെ വീട്ടിലെത്തിയ തൃക്കാക്കര എംഎൽഎ കേട്ടത് ആ വാഹനത്തിനുള്ളിലെ നടക്കുന്ന പീഡനമായിരുന്നു. ഒരു പക്ഷേ സിനിമയിലെ വമ്പൻ തോക്കുകൾ ഇടെപട്ട് ഒതുക്കി തീർക്കാൻ സാധ്യതയുണ്ടായിരുന്ന കേസിൽ പിടി തോമസ് ഇടപെട്ടു. ഐജിയായിരുന്ന വിജയനെ ഫോണിൽ വിളിച്ച് എല്ലാം അറിയിച്ചു. പിടിയെ പോലൊരു എംഎൽഎ ഇടപെട്ട കേസിൽ എഫ് ഐ ആർ എടുത്തില്ലെങ്കിൽ ഉണ്ടാകുമായിരുന്ന പുലിവാലുകൾ പൊലീസ് തിരിച്ചറിഞ്ഞു. രാത്രിയിൽ നടിക്ക് ആത്മവിശ്വാസം പകർന്ന പിടി തോമസ് കേസുമായി മുമ്പോട്ട് പോകണമെന്ന് നിർദ്ദേശിച്ചു. അങ്ങനെ പൾസർ സുനി അകത്തായി. പിന്നാലെ ദീലീപും.

ഈ കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണ്. വിചാരണയിൽ കോടതിയിൽ എത്തി സാക്ഷി മൊഴിയും പിടി തോമസ് നൽകി. യാതൊരു വിധ സമ്മർദ്ദത്തിനും വഴങ്ങാത്ത മൊഴി. കേസിന്റെ അന്തിമ വിധിയിൽ ഇത് നിർണ്ണായകമായി മാറും. അന്ന് രാത്രി ആ കേസിന് പിന്നിൽ പൾസർ സുനിയാണെന്ന് നടി പറഞ്ഞത് പിടിയും കോടതിയിലെ രഹസ്യ വിചാരണയിൽ പറഞ്ഞിട്ടുണ്ട്. ഗൂഢാലോചനാ അന്വേഷണത്തിലേക്ക് കേസ് എത്തിയതിന് പിന്നിലും പിടി തോമസിന്റെ നിരന്തര ഇടപെടലുകൾ ഉണ്ട്. ഒരു ഘട്ടത്തിൽ താര സംഘടനയായ അമ്മയെ പോലും പരസ്യമായി വിമർശിച്ച് പിടി രംഗത്തു വന്നിരുന്നു. സിനിമയിലെ കൊള്ളരുതായ്മകൾക്കെതിരെ സിനിമാ സംഘടനകളുടെ കണ്ണു തുറപ്പിച്ചതും പിടിയുടെ ആ വെളിപ്പെടുത്തലുകളായിരുന്നു.

ദിലീപിന്റെ അറസ്റ്റിൽ കാര്യങ്ങൾ തീരില്ലെന്നും സംഭവത്തിനു പിന്നിലെ വിദേശബന്ധവും ഹവാല ഇടപാടും അടക്കം അന്വേഷിക്കണമെന്നും പി.ടി. തോമസ് പറഞ്ഞിരുന്നു. വിദേശത്തേക്കു വലിയ തോതിൽ മനുഷ്യക്കടത്തു നടത്തിയ സംഭവവുമായി പൾസർ സുനിക്ക് ബന്ധമുണ്ട്. നടിക്കു നേരെ പീഡനശ്രമം ഉണ്ടായി 20 ദിവസം കഴിഞ്ഞപ്പോൾത്തന്നെ ഇതേക്കുറിച്ചു മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. ഈ കത്തു വെളിച്ചം കണ്ടിട്ടില്ല. കേസിൽ ഗൂഢലോചനയില്ലെന്ന് ആവർത്തിച്ചു പറഞ്ഞു മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുകയായിരുന്നുവെന്നും പിടി തോമസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സംഭവത്തിൽ ജയിലിൽ കഴിയുന്ന ജിൻസൺ എന്ന പ്രതി സ്ഥലം എംഎൽഎയെന്ന നിലയിൽ തന്നോടു പറഞ്ഞ കാര്യങ്ങൾ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും കൈമാറിയിരുന്നു. കേസിലെ യഥാർഥ സംഭവങ്ങളെക്കുറിച്ചു പുറത്തറിഞ്ഞു എന്നു മനസ്സിലാക്കിയതോടെയാണ് സർക്കാരിനും നിലപാടു മാറ്റേണ്ടി വന്നത്. നിർണായകമായ ഒരു കേസും ബി. സന്ധ്യ അന്വേഷിച്ചു തെളിഞ്ഞിട്ടില്ല. എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഈ കേസിൽ സർക്കാർ അവരെ നിയോഗിച്ചതെന്നും പി.ടി. തോമസ് ആരോപിച്ചിരുന്നു. വിചാരണയ്‌ക്കൊടുവിലെ വിധിയിൽ പിടി തോമസിന്റെ ഈ ആരോപണം ശരിയാണോ എന്ന് തെളിയും. ആ വിധി കേൾക്കാൻ കാത്തു നിൽക്കാതെയാണ് പിടി തോമസിന്റെ വിടവാങ്ങൽ.

2017 ഫെബ്രുവരിയില്‍ ആണ് എറണാകുളത്ത് വെച്ച് തെന്നിന്ത്യയിലെ പ്രശസ്തയായ നടി ആക്രമിക്കപ്പെടുന്നത്. നടന്‍ ദിലീപാണ് ആക്രമണത്തിന് ക്വട്ടേഷന്‍ കൊടുത്തത് എന്നാണ് പൊലീസ് പറയുന്നത്. കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കവെ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ മറ്റൊരു കേസും ദിലീപിനെതിരെ ചുമത്തി. ദിലീപിന്റെ സഹോദരനടക്കം ആറ് പേരാണ് ഈ കേസിലെ പ്രതികള്‍.

അതിനിടെ ദിലീപ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തകളും ശബ്ദരേഖകളും പുറത്തുവന്നിരുന്നു. അതിനിടെ കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു

Noora T Noora T :