മരണം അപ്രതീക്ഷിതം, നഷ്ടമായത് അടുത്ത സുഹൃത്തിനെ; അനുസ്മരിച്ച് നടന്‍ ഇന്നസെന്റ്

തിരക്കഥാകൃത്ത് ജോണ്‍ പോൾ ആന്തരിച്ചുവെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ദീര്‍ഘകാലമായി ജോണ്‍ പോള്‍ ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.

ഇപ്പോഴിതാ അദ്ദേഹത്തെ അനുസ്മരിച്ച് നടന്‍ ഇന്നസെന്റ്. തനിക്ക് നഷ്ടമായത് തന്റെ അടുത്ത സുഹൃത്തിനെയാണെന്ന് ഇന്നസെന്റ് ട്വന്റിഫോറിനോട് പറഞ്ഞു. മലയാള സിനിമയില്‍ ഇത്രയും തിരക്കഥകള്‍ എഴുതിയിട്ടുള്ള മറ്റാരെങ്കിലും ഉണ്ടോ എന്ന പോലും സംശയമാണ്. ഇളക്കങ്ങള്‍, വിടപറയുംമുമ്പേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ജോണ്‍ പോളിനൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും ഇന്നസെന്റ് അനുസ്മരിച്ചു

ജോണ്‍ പോള്‍ ബാങ്കില്‍ ജോലി ചെയ്യുന്ന സമയത്താണ് തിരക്കഥ എഴുതി തുടങ്ങുന്നത്. അന്ന് മുതലേ നല്ല പരിചയമാണ്. ജോണ്‍ പോളിന്റെ മരണം അപ്രതീക്ഷിതമാണ്. ജോണ്‍ പോളിന്റെ വിയോഗ വാര്‍ത്ത ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ കേള്‍ക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. ഇന്നസെന്റ് പറഞ്ഞു.

നൂറിലധികം ചിത്രങ്ങളുടെ തിരക്കഥയെഴുതിയയാളാണ് ജോൺ പോൾ.വായനയും ചിന്തയും സമന്വയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ജോൺ പോൾ. ഞാൻ, ഞാൻ മാത്രം എന്ന ചിത്രം മുതൽ കമൽ സംവിധാനം ചെയ്‌ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രംവരെ നീളുന്നതായിരുന്നു അദ്ദേഹം ഒരുക്കിയ സിനിമകൾ. വാണിജ്യ-സമാന്തര സിനിമകളിൽ സമന്വയിപ്പിച്ച് നിരവധി ചിത്രങ്ങൾ ജോൺ പോൾ ഒരുക്കി. ചലച്ചിത്രകാരൻ, നിർമ്മാതാവ്, മാദ്ധ്യമ പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അദ്ദേഹം ഈ മേഖലകളിലെ വിദ്യാർത്ഥികൾക്ക് തന്റെ വലിയ അനുഭവ സമ്പത്ത് പങ്കുവയ്‌ക്കാൻ ഒരിക്കലും മടികാണിച്ചിട്ടുമില്ല.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും 80കളിലും 90കളിലുമുള‌ള നിരവധി ഹിറ്റ് ചിത്രങ്ങളിൽ തിരക്കഥയൊരുക്കി. കാതോട് കാതോരം, കാറ്റത്തെ കിളിക്കൂട്, ഇണ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, അതിരാത്രം, കേളി,ചമയം, ഒരു യാത്രാമൊഴി, കൊടിയേറ്റം,യാത്ര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥയൊരുക്കി. തിരക്കഥയിൽ മാത്രമല്ല നിർമ്മാണരംഗത്ത് എം.ടി ഒരുക്കിയ ‘ഒരു ചെറുപുഞ്ചിരി’ എന്ന ചിത്രത്തിലും ജോൺപോൾ ശ്രദ്ധേയനായി. സംസ്ഥാന, ദേശീയ, രാജ്യാന്തര അവാർഡുകൾ ചിത്രം സ്വന്തമാക്കി. മാക്‌ടയുടെ സ്ഥാപക സെക്രട്ടറിയും ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവവുമായിരുന്നു അദ്ദേഹം.മികച്ച സംവിധായകനുള‌ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള‌ള ദേശീയ അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്‌ട്ര നിരൂപക സംഘടന ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് പ്രത്യേക ജൂറി അവാർഡ്, തിരക്കഥയ്‌ക്കും ഡോക്യുമെന്ററിക്കുമുള‌ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഗ്യാങ്‌സ്‌റ്റർ, കെയർഓഫ് സൈറാബാനു എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു

Noora T Noora T :