ഇന്ന് നിർണ്ണായക ദിനം… കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കും. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയെന്ന പരാതിയില്‍ എഡിജിപിയും ഇന്ന് വിശദീകരണം നൽകുകയും ചെയ്യും.
നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണം ഏപ്രില്‍ 15 ന് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി അന്വേഷണ സംഘത്തിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തീര്‍പ്പാക്കിയായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണത്തിന് 3 മാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കാര്യം അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയെ അറിയിക്കും. ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും.
തുടരന്വേഷണത്തിന് ക്രൈം ബ്രാഞ്ച് നല്‍കിയ സമയപരിധി അവസാനിച്ചെങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ല. സൈബർ വിദഗ്ധന്‍ സായ് ശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച അന്വേഷണം ഒന്നില്‍ കൂടുതല്‍ കോടതികളിലേക്കു നീളുന്നു. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍െ്രെഡവ് 2018 ഡിസംബര്‍ 13ന് ഏതോ ലാപ്‌ടോപ് ഉപയോഗിച്ചു പകര്‍ത്തിയെടുത്തതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ സൈബര്‍ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
2017 ഫെബ്രുവരി രാത്രിയാണു കേസിനു കാരണമായ കുറ്റകൃത്യം നടക്കുന്നത്. കേസിലെ തൊണ്ടിമുതലായ പെന്‍ഡ്രൈവ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയില്‍ ഇരുന്ന ഘട്ടത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പരിശോധനാ റിപ്പോര്‍ട്ടാണ് അന്വേഷണ സംഘത്തിന് ആദ്യം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിരസ്തദാര്‍, തൊണ്ടി മുതലുകളുടെ ചുമതലയുള്ള ക്ലാര്‍ക്ക് എന്നിവരെ ചോദ്യം ചെയ്യാനുള്ള അനുവാദം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഒരിക്കല്‍ ദൃശ്യം പകര്‍ത്തിയതായി കണ്ടെത്തിയ 2018 ഡിസംബര്‍ 13നു പുറമേ മറ്റു ചില തീയതികളിലും ഇതേ പെന്‍ഡ്രൈവ് ഒന്നില്‍ കൂടുതല്‍ ലാപ് ടോപ്പുകളുമായി ബന്ധിപ്പിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചു. അങ്കമാലി മജിസ്‌ട്രേട്ട് കോടതി, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, വിചാരണക്കോടതിയായ അഡീ. സെഷന്‍സ് കോടതി എന്നിവിടങ്ങളിലാണ് ഈ കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ പലഘട്ടങ്ങളിലായി സൂക്ഷിച്ചിരുന്നത്.
രഹസ്യവിചാരണ നടക്കുന്ന കേസില്‍ കോടതിയുടെ സേഫ് കസ്റ്റഡിയില്‍ നിന്നു പുറത്തുപോകാന്‍ പാടില്ലാത്ത രഹസ്യ സ്വഭാവമുള്ള കോടതി രേഖകള്‍ പലതും പ്രതികളുടെ ഫോണുകളിലെ രഹസ്യ ഫോള്‍ഡറുകളില്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം കോടതികളിലേക്കും എത്തിയത്.
കോടതിയുടെ ഔദ്യോഗിക അനുമതിയില്ലാതെ കേസിലെ ഏറ്റവും നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഒന്നില്‍ അധികം തവണ അനധികൃതമായി പരിശോധിച്ചതും പകര്‍ത്തിയതും ഗുരുതരമായ വീഴ്ചയാണ്.