ഇനി ഒരു പെൺകുട്ടിയും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകരുത്, ഞങ്ങളുടെയെല്ലാം പരിപൂർണ്ണ പിന്തുണയോടെ എന്റെ സഹോദരി വേദനിക്കുന്ന ഈ യാഥാർത്ഥ്യത്തിന് മുന്നിലേക്ക് ധീരയായി കടന്നു വന്നു; നടിയുടെ സഹോദരന്റെ കുറിപ്പ് വൈറൽ

നടിയെ ആക്രമിച്ച കേസിൽ നീതിക്കുവേണ്ടിയുള്ള ഒരു പടയോട്ടമാണ് ഇപ്പോൾ നടക്കുന്നത്. അതിജീവിത പോരാടുന്നത് ഇനി അവർക്ക് വേണ്ടിയല്ല സമൂഹത്തിനു വേണ്ടിയാണെന്ന് നമ്മൾ തിരിച്ചറിയണം. ഇത്തരമൊരു സാഹചര്യം നാളെയൊരു പെണ്‍കുട്ടിക്കും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയിട്ടായിരിക്കണം ഈ പോരാട്ടം. മനുഷ്യത്വമുള്ള കേരള സമൂഹം ഒന്നായി അണിനിരക്കണം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ.

ഇപ്പോഴിതാ നടിയുടെ ബന്ധുവായ രാജേഷ് ബി മേനോൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

കുറിപ്പിന്റെ പൂർണ്ണ രൂപം

കോടതി നിൽക്കുന്നത് ആരുടെ ഭാഗത്ത് ?

  • ദൃശ്യങ്ങൾ ഫോറൻസിക് ലാബിൽ അയക്കുന്നത് തടഞ്ഞുകൊണ്ട് പ്രിൻസിപ്പൽ സെഷൻസ് കോടതി.
  • ദൃശ്യങ്ങൾ ദുരുപയോഗിച്ചത് സിഎഫ്എൽ ൽ അയക്കാൻ 2022 ഏപ്രിൽ 4 ന് പോലീസ് കോടതിയിൽ ഫോർവേഡ് നോട്ട് നൽകിയിരുന്നു.
  • 2018 ഡിസംബർ 13 വരെ ദൃശ്യങ്ങൾ ദുരുപയോഗിച്ചതായി തെളിഞ്ഞു.
  • കോടതി , ദൃശ്യങ്ങൾ ഔദ്യോഗികമായി കണ്ടത് 2017 ഫെബ്രുവരി 18 നാണ്. സത്യസന്ധവും നീതിയുക്തവുമായി അന്വേഷണം നടത്തുന്ന അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കോടതി എടുക്കുന്ന ഈ നിലപാട് തികച്ചും സംശയം ജനിപ്പിക്കുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായ അന്വേഷണം നടത്തുവാനുള്ള അവസരം ഒരുക്കേണ്ടതിന് പകരം , കോടതി എടുത്തിരിക്കുന്ന ഈ നിലപാട് ആരെയെല്ലാം രക്ഷിക്കാനാണ് എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഈ കേസിന്റെ അന്വേഷണത്തിൽ ഇതിന്റെ അന്വേഷണ ഉദ്യോഗസ്ഥർ ഞങ്ങൾക്ക് നൽകുന്ന പിന്തുണ ചെറുതല്ല. ലൈംലൈറ്റിൽ നമ്മൾ കാണുന്ന ഏതാനും പോലീസുദ്യോഗസ്ഥന്മാർക്കപ്പുറം ഞങ്ങൾ ഇതുവരെ കാണാത്ത അറിയാത്ത ഒരു വലിയ വിഭാഗം പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ അഞ്ചര വർഷമായി യാതൊരുവിധത്തിലുള്ള സ്വാധീനത്തിനും വശംവദരാകാതെ രാപ്പകലില്ലാതെ അക്ഷീണം പ്രവർത്തിക്കുന്നു. അവരുടെയെല്ലാം പ്രവർത്തിയെ കാറ്റിൽപറത്തിക്കൊണ്ടാണ് ചില അഭിഭാഷകരുടെയും നീതിപീഠത്തിന്റെയും നിലപാട് എന്നത് സത്യത്തിൽ ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട് എന്ന സത്യം മറച്ചു വെക്കുന്നില്ല . എന്റെ ഓർമ്മയിൽ കോടതിക്ക് ആദ്യമായാണ് ഇത്തരത്തിലൊരു അധ:പതനം വന്നുചേർന്നിരിക്കുന്നത്. നീതിക്ക് അതീതരാണ് തങ്ങളെന്ന് വിശ്വസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യൂന്ന ഒരുവിഭാഗം അഭിഭാഷകരും വിധികർത്താക്കളും പ്രത്യക്ഷത്തിൽ ഞങ്ങൾ അനീതിയുടെ കൂടെ നിൽക്കുന്നു എന്ന് പരസ്യമായി നിലപാട് എടുക്കുകയാണിപ്പോൾ. ഇതുവരെ ഒളിഞ്ഞും മറഞ്ഞും പ്രതികളെ സംരക്ഷിച്ചിരുന്ന പല അഭിഭാഷകരും നീതി നടപ്പാക്കേണ്ടവരിൽ ചിലരും തങ്ങളുടെ യഥാർത്ഥ മുഖവും നിലപാടും വ്യക്തമാക്കിക്കൊണ്ട് ഇപ്പോൾ മുന്നോട്ടു വന്നിരിക്കുകയാണ്.

കോടതി സംശുദ്ധമാണെങ്കിൽ കോടതിക്ക് നേരെ വരുന്ന ആരോപണങ്ങൾ എത്രയും വേഗം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത് , അതിനുപകരം ക്ലിപ്പ് ചോർന്ന വിഷയത്തിൽ അതിനുത്തരവാദികളായവരെ ചോദ്യം ചെയ്യുന്നതിനെ തടയുകയും , അതുപോലെത്തന്നെ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന കോടതി വ്യവഹാരങ്ങളെ നിഷ്കരുണം എതിർക്കുകയും ആണ് ചെയ്യുന്നത്. അതിനർത്ഥം ചില ഉദ്യോഗസ്ഥർ തങ്ങൾക്ക് പറ്റിയ പിഴവിനെ കോടതിയുടെ മറവിൽ മന:പ്പൂർവ്വം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു എന്നതാണ്. കേസിന്റെ അന്വേഷണത്തിന് അവശ്യവും അതി നിർണായകവുമായ രേഖകളാണ് കോടതിയോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. ആ രേഖകൾ എന്തിനാണ് നൽകേണ്ടത് ? എന്ന് കോടതി നിഷ്കർഷിക്കുന്നു എങ്കിൽ അതിന് പിറകിൽ നമ്മൾ അറിയപ്പെടാത്ത മറ്റൊരു കുറ്റകൃത്യം കൂടി മറഞ്ഞിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ. ശിരസ്തദാർ , തൊണ്ടി ക്ലർക്ക് എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനെ കോടതിയിലെ ചില ഉദ്യോഗസ്ഥർ ഭയപ്പെടുന്നുവെങ്കിൽ കോടതിയുടെ മറവിൽ മറ്റെന്തോ ഒളിച്ചുവയ്ക്കാൻ ഇവർ ശ്രമിക്കുന്നുണ്ട്. അതല്ല എങ്കിൽ കോടതിയുടെ വിശ്വാസ്യത കളങ്കപ്പെടാതിരിക്കുവാനും, സത്യം സത്യമായി തന്നെ മറനീക്കി പുറത്തു വരുവാനും കോടതി തയ്യാറാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ സ്വതന്ത്രമായ അന്വേഷണത്തിന് വിഘാതം സൃഷ്ടിക്കുന്നതിലൂടെ അന്വേഷണ ഉദ്യോഗസ്ഥർ സഞ്ചരിക്കുന്നത് കൃത്യമായ ദിശയിലാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

ഈ കേസിന്റെ വിജയം കേവലം ഞങ്ങളുടെ മാത്രം വിജയമല്ല. ഞങ്ങളുടെ കൂടെ നിൽക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും വിജയം കൂടിയാണ്. സമൂഹത്തിൽ അറിയപ്പെടുന്ന ഒരു അഭിനേത്രിയോട് കോടതിയുടെ പേരിൽ ചില അഭിഭാഷകരും വിധികർത്താക്കളും ഇത്തരം ഒരു നിലപാടാണ് എടുക്കുന്നതെങ്കിൽ സമൂഹത്തിൽ സാധാരണക്കാരായ പെൺകുട്ടികൾക്ക് എങ്ങനെയാണ് നീതി ലഭിക്കുക. ഇനി ഒരു പെൺകുട്ടിയും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകരുത് എന്ന ഉത്തമ വിശ്വാസം കൊണ്ടാണ് ഞങ്ങളുടെയെല്ലാം പരിപൂർണ്ണ പിന്തുണയോടെ എന്റെ സഹോദരി ഭാവന വേദനിക്കുന്ന ഈ യാഥാർത്ഥ്യത്തിന് മുന്നിലേക്ക് ധീരയായി കടന്നു വന്നത്.

അതോടെ സമൂഹത്തിലെ വിവിധ മണ്ഡലത്തിലുള്ള അനവധി പെൺകുട്ടികൾ തങ്ങൾക്കു സംഭവിച്ച വേദനകൾ ധീരതയോടെ തുറന്നു പറയാൻ തയ്യാറായി എന്നത് തന്നെയാണ് ഇതിലെ ഏറ്റവും വലിയ കാര്യം . കഴിഞ്ഞ വർഷങ്ങളിൽ നിങ്ങളോരോരുത്തരും ഞങ്ങൾക്ക് നൽകുന്ന പിന്തുണ നിങ്ങൾ കരുതുന്നതിലും എത്രയോ അപ്പുറത്താണ്. മാനസികമായി ഞങ്ങളെ തകർക്കുന്നതിന് സോഷ്യൽ മീഡിയയിൽ സ്ത്രീ – പുരുഷഭേദമന്യേ ആക്രമണം അഴിച്ചു വിടുന്ന മനോരോഗികളെ ഞങ്ങളെ പോലും അറിയിക്കാതെ നിങ്ങൾ നേരിടുന്നതിലൂടെ , ഞങ്ങളുടെ ദുഃഖം നിങ്ങളുടേത് കൂടിയാണെന്ന് ഒരിക്കൽ കൂടി നിങ്ങൾ ഞങ്ങളെ ബോധ്യപ്പെടുത്തുന്നു. നിങ്ങളുടെ കരുതൽ ഞങ്ങൾക്ക് നൽകുന്ന ഊർജവും ആത്മവിശ്വാസവും ചെറുതല്ല.
സത്യത്തിന് എത്ര കാലം ചെന്നാലും മറനീക്കി പുറത്തു വന്നേ മതിയാകൂ. സത്യമേവ ജയതേ.

Noora T Noora T :