നടിയെ ആക്രമിക്കുന്നതിന്റെ ദ്യശ്യങ്ങള്‍ നിയമ വിരുദ്ധമായി കൈകാര്യം ചെയ്തതില്‍ കോടതി ജീവനക്കാരെ ഉടന്‍ ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്.
അതിനിടെ കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിക്കുന്ന ദ്യശ്യങ്ങള്‍ നിയമവിരുദ്ധമായി ആക്സസ് ചെയ്തോ എന്ന് അറിയുന്നതിന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നാലേ വ്യക്തമാകൂ എന്ന് ഐ ടി വിദഗ്ധന്‍ സംഗമേശ്വരന്‍ പറയുകയാണ്. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിക്കുന്ന ദ്യശ്യങ്ങള്‍ നിയമവിരുദ്ധമായി ആക്സസ് ചെയ്തെന്ന് ഫോറന്‍സിക് പരിശോധനയില്‍ എഫ് എസ് എല്ലിന്റെ കണ്ടെത്തലില്‍ ഹാഷ് വാല്യൂ എന്താണെന്നും സംഗേമശ്വരന്‍ വ്യക്തമാക്കി.
ഒരു ഫയലിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെങ്കില്‍ ഒറിജിനല്‍ ഫയല്‍ തന്നെ മാറിയിട്ടുണ്ടാകാം എന്നും അത് അപകടകരമായ സാഹചര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമെ ഈ കേസില്‍ ഫയലിന്റെ ഹാഷ് വാല്യൂവാണോ മാറിയത്, മെമ്മറി കാര്‍ഡിന്റെ വാള്യത്തിന്റെ ഹാഷ് വാല്യൂവാണോ മാറിയതെന്ന് കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
സംഗമേശ്വരന്‍ പറഞ്ഞത് ഇപ്രകാരമാണ്
ഹാഷ് വാല്യൂ എന്ന് പറയുന്നത് ഒരു ആല്‍ഫ ന്യൂമെറിക് ആണ്. അതായത് എ മുതല്‍ ഇസ്ഡ് വരെയുളള അക്ഷരങ്ങളും, പൂജ്യം മുതല്‍ ഒമ്പത് വരെയുളള അക്കങ്ങളും ചേര്‍ന്നിട്ടുളള ഒരു സിക്‌സ് ലെംഗ്ത് ഉള്ള വാല്യൂ ആണ് ഹാഷ് വാല്യു. എല്ലാ ഡിജിറ്റല്‍ ഫയലുകള്‍ക്കും ഹാഷ് വാല്യൂ എന്ന് പറയുന്ന കോണ്‍സപ്റ്റ് ഉണ്ട്. ഹാഷ് വാല്യൂ പ്രധാനമായും ഉപയോഗിക്കുന്നത് ഒരു ഡിജിറ്റല്‍ ഫയലിന്റെ ഇന്റഗ്രിറ്റി, ഉറപ്പ് വരുത്തുന്നതിനാണ്. അതായത് ഒരു ഫയല്‍ ആരെങ്കിലും മോഡിഫൈ ചെയ്തിട്ടുണ്ടോ, അതല്ല ആരെങ്കിലും ടാംപര്‍ ചെയ്തിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള ഉപാധിയാണ് ശരിക്ക് പറഞ്ഞ് കഴിഞ്ഞാല്‍ ഹാഷ് വാല്യു എന്ന് പറയുന്നത്.
ഹാഷ് വാല്യൂവിനൊരു പ്രത്യേകത ഉണ്ട്. ഒരു ഡിജിറ്റല്‍ ഫയലിന് ഒരു ഹാഷ് വാല്യൂ മാത്രമെ ഉണ്ടായിരിക്കൂ. അതുപോലെ രണ്ട് ഫയലുകള്‍ക്ക് ഒരേ ഹാഷ് വാല്യൂ ഒരിക്കലും ഉണ്ടാകില്ല. അതായത് രണ്ട് ഡിജിറ്റല്‍ ഫയലുകള്‍ തമ്മില്‍ സംസാരിക്കുകയാണെങ്കില്‍ ലാലേട്ടന്റെ ലൂസിഫര്‍ സിനിമയില്‍ പറയുന്നത് പോലെ നിന്റെ ഹാഷല്ല, എന്റെ ഹാഷ് എന്ന് പറയും. ഹാഷ് എന്നു പറയുന്നത് ഒരു മാത്തമാറ്റിക്കല്‍ ഫംഗ്ഷനാണ്. ഗണിത ശാസ്ത്രത്തിന്റെ ഫോര്‍മുല ഉപയോഗിച്ച് അല്‍ഗ്വരിതം ഉപയോഗിച്ച് കണ്ടുപിടിക്കുന്നതാണ്. ഇതിനെ വണ്‍വേ ഫംഗ്ഷന്‍ എന്നു പറയും.
വണ്‍ വേ ഫംഗ്ഷന്‍ എന്ന് പറഞ്ഞാല്‍, ഒരു ഡിജിറ്റല്‍ ഫയലില്‍ നിന്ന് അതിന്റെ ഹാഷ് കണ്ടുപിടിക്കാന്‍ പറ്റും. പക്ഷെ ഹാഷ് കിട്ടിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് ഏതാണ് ഡിജിറ്റല്‍ ഫയലെന്ന് കണ്ടെത്താന്‍ സാധിക്കില്ല. അതായത് അരിയരച്ച് നമുത്ത് ദോശ മാവോ ഇഡ്ഡലി മാവോ ഉണ്ടാക്കാം, പക്ഷെ ദോശ മാവില്‍ നിന്നോ ഇഡ്ഡലി മാവില്‍ നിന്നോ നമുക്ക് അറിയുണ്ടാക്കാന്‍ പറ്റില്ല. റിവേഴ്‌സബിള്‍ പ്രോസസ് അല്ല അത്. അത് വണ്‍വേ പ്രോസസ് ആണ്. വണ്‍വേ പ്രോസസ് ഉപയോഗിത്ത് ഹാഷ് എങ്ങനെ മാറും എന്ന് നോക്കാം. ഒരു ഫയലില്‍ എഡിറ്റിങ് നടത്തിയിട്ടുണ്ടെങ്കില്‍ അത് എത്ര ചെറുതാണെങ്കിലും അതിന്റെ ഹാഷ് മാറും.
ഒരു ഫയല്‍ മോഡിഫൈ ചെയ്യുകയാണ് എന്നുണ്ടെങ്കില്‍, അതില്‍ എന്ത് മാറ്റമാണെങ്കിലും അത് ഒരു ഫുള്‍സ്റ്റോപ്പോ എക്‌സ്‌ക്ലമേഷന്‍ മാര്‍ക്കോ ആയിരിക്കട്ടെ അതിന്റെ ഹാഷ് തീര്‍ച്ചയായിട്ടും മാറും. ഹാഷ് മാറണമെങ്കില്‍ അതില്‍ എഡിറ്റിംഗോ മോഡിഫൈയോ നടന്നിട്ടുണ്ടാകണം. ഹാഷ് വാല്യു മാറണം എന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ മാറിയിട്ടുണ്ടെങ്കില്‍ ഒറിജിനല്‍ ഫയല്‍ തന്നെ റിപ്ലേസ് ആയിട്ടുണ്ടാകാം. അതാണ് കുറച്ചുകൂടി അപകടം. അത് തെളിയിക്കുന്നതിന് ടെക്നിക്കുകള്‍ ഉണ്ട്. ഹാഷ് വാല്യു എന്ന് പറയുന്നത് രണ്ട് കാര്യങ്ങള്‍ക്കാണ് ഉള്ളത്.
ചില കാര്യങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഒന്ന് ഒറിജിനല്‍ എവിഡന്‍സ് എങ്ങനെയാണ് കളക്ട് ചെയ്തത്, അതുപോലെ എങ്ങനെയാണ് പ്രിഫര്‍ ചെയ്തിട്ടുള്ളത് എന്നത് ക്ലാരിറ്റിയില്ല. അത് റിപ്പോര്‍ട്ട് വരുമ്പോള്‍ മാത്രമെ മനസിലാകു. മെമ്മറി കാര്‍ഡിനും, യു എസ് ബി, പെന്‍ഡ്രൈവ് എന്നിവക്കും എല്ലാം വാള്യം എന്ന കോണ്‍സപ്റ്റ് ഉണ്ട്. വാള്യത്തിനാണ് ഹാഷ് എന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും റിപ്പോര്‍ട്ടില്‍ വരും. ഒരു ഫയല്‍ പല തവണ തുറന്ന് നോക്കിയത് കൊണ്ട് ഒറിജിനല്‍ ഫയല്‍ മോഡിഫൈ ചെയ്യുന്നില്ല. അത് കൊണ്ട് തന്നെ ഹാഷ് വാല്യൂ മാറില്ല. ഹാഷ് വാല്യൂ മാറണമെങ്കില്‍ ഫയലില്‍ മാറ്റം വരുത്തണം.
മെമ്മറി കാര്‍ഡിന്റെ വാള്യവും ഫയലിന്റെ ഹാഷും വ്യത്യസ്തമായിട്ടുളള കോണ്‍സപ്റ്റുകളാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമെ ഈ കേസില്‍ ഫയലിന്റെ ഹാഷ് വാല്യൂവാണോ മാറിയത്, മെമ്മറി കാര്‍ഡിന്റെ വാള്യത്തിന്റെ ഹാഷ് വാല്യൂവാണോ മാറിയതെന്ന് കണ്ടെത്താന്‍ സാധിക്കുകയൊളളൂ. അപ്പോള്‍ എന്തുകൊണ്ട് ആ റിപ്പോര്‍ട്ട് വൈകുന്നു എന്നതിന്റെ ഉത്തരം അതില്‍ തന്നെ ഉണ്ട്.