നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മാധ്യമങ്ങളിലടക്കം കേസിനെ കുറിച്ച് നിരവധി വാദ പ്രതിവാദങ്ങൾ നടക്കുന്ന വേളയിൽ കേസിലെ അന്വേഷണം അഡ്വ.രാമന്‍പിള്ളയിലേക്കും കാവ്യാ മാധവനിലേക്കും വരുന്നത് നല്ല രീതിയില്‍ ഗുണകരമാവുമെന്നാണ് ഒരു ദിലീപ് അനുകൂലിയെന്ന നിലയില്‍ ഞാന്‍ കരുതുന്നതെന്ന് രാഹുല്‍ ഈശ്വർ.
കാവ്യയിലേക്കൊക്കെ കേസ് വരുന്നതോടെ കേസിന്റെ ഫോക്കസ് ഇല്ലായ്മയും അടിസ്ഥാനമില്ലായ്മയും വ്യക്തമാവും. പിടിവിട്ടപ്പോള്‍ അഭിഭാഷകനെയടക്കം ലക്ഷ്യം വെച്ചു എന്നുള്ള ധാരണ അഭിഭാഷകരിലേക്കും പൊതുസമൂഹത്തിലേക്കും ദിലീപ് വിരോധികള്‍ അല്ലാത്ത മാധ്യമപ്രവർത്തകരിലേക്കും പോവും.
അതുകൊണ്ടാണ് പോലീസ് ആ രീതിയില്‍ തന്നെ മുന്നോട്ട് പോവണമെന്ന് പറയുന്നത്. കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. പറ്റുമെങ്കില്‍ രാമന്‍പിള്ളയ്ക്കെതിരേയും നടപടി എടുക്കണം. അപ്പോള്‍ പൊലീസിന്റെ ശരിയില്ലായ്മ കൂടുതല്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ഞങ്ങളെപ്പോലുള്ളവർക്കും കോടതിയില്‍ അഭിഭാഷകർക്കും കൂടി അവസരം കിട്ടുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ചാനൽ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം.
കാവ്യമാധവനെ അറസ്റ്റ് ചെയ്യില്ല എന്നൊന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. കേസില്‍ ദിലിപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചുവെന്ന് പറയുന്ന സായ് ശങ്കറിനെ സാക്ഷിയാട്ടായിരുന്നു ആദ്യം പൊലീസ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ പ്രതിയാക്കി. ഇത് തന്നെ കാവ്യയുടെ കാര്യത്തിലും സംഭവിക്കണെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
കാവ്യയുടെ മൊഴിയെടുക്കാന്‍ ആലുവയിലെ വീട് പറ്റില്ലെന്ന് പൊലീസ് അറിയച്ചതിനെക്കുറിച്ചും രാഹുല്‍ ഈശ്വർ ചർച്ചയില്‍ നിലപാട് വ്യക്തമാക്കി. പൊലീസുകാരെ കൊല്ലാന്‍ പോയ സ്ഥലമല്ലേ, അതുകൊണ്ട് അവർക്ക് ആശങ്ക കാണും അതുകൊണ്ടാണ് മാറ്റിയതെന്നൊക്കെ മറ്റ് ദിലീപ് വിരോധികള്‍ പറയുമായിരിക്കും. എന്നാല്‍ അതൊന്നുമല്ല സത്യം. രണ്ട് കൂട്ടർക്കും എന്തെങ്കിലും അസൌകര്യങ്ങള്‍ കാണുമായിരിക്കും. അതുകൊണ്ടാവും സ്ഥലം മാറ്റിയതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
കേരളത്തിലെ ഒരു പൊലീസുകാരനും ഒരു മാധ്യമപ്രവർത്തകന്‍ പോലൂം ദിലീപ് പൊലീസിനെ കൊല്ലാന്‍ ശ്രമിച്ചുവെന്ന വാദം സീരിയസായി വിശ്വസിക്കില്ല. ഈ കേസ് എങ്ങനെ വന്നുവെന്ന് എല്ലാവർക്കും അറിയാം. എന്നിരുന്നാലും ചോദ്യം ചെയ്യലിനായി ദിലീപിന്റെ വീടല്ലാതെ മറ്റൊരു സ്ഥലം വേണമെന്ന് പറയാന്‍ പൊലീസിന് അവകാശമുണ്ട്.
നേരത്തെ ദിലീപിന് അനുകൂലമായും ബൈജു പൌലോസ് ഭീഷണിപ്പെടുത്തിയെന്നുമൊക്കെ പറഞ്ഞയാളാണ് സായി ശങ്കർ. അന്ന് അദ്ദേഹം തട്ടിപ്പുകാരനും ക്രിമിനലുമായിരുന്നു. ഇന്നിപ്പോള്‍ അദ്ദേഹം ദിലീപിന് എതിരായി പറഞ്ഞ് തുടങ്ങിയതോടെ അദ്ദേഹം സൈബർ വിദഗ്ധനും ഹാക്കർ വിദഗ്ധനുമായി മാറിയിരിക്കുകയാണെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നു.
തന്റെ കുടുംബത്തെ വെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ആദ്യ അഭിമുഖത്തില്‍ സായി ശങ്കർ അഭിപ്രായപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി അദ്ദേഹം ഇപ്പോള്‍ ഇങ്ങനെ പറയുന്നതിനെ നമുക്ക് കുറ്റം പറയാന്‍ സാധിക്കില്ല. എല്ലാവർക്കും കുടുംബം പ്രധാനമാണ്. ദിലീപിന്റെ കുടുംബത്തെ ഹരാസ് ചെയ്തപോലെ സായ് ശങ്കറിനോടും പൊലീസ് ചെയ്തോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. അതിനെക്കുറിച്ചും അന്വേഷണം വേണം. പൊലീസ് ഭീഷണിപ്പെടുത്തിയതോടെയാണ് അദ്ദേഹം മൊഴി മാറ്റിയതെങ്കില്‍ കുറ്റം പറയാന്‍ സാധിക്കില്ലെന്നും ചാനൽ ചർച്ചയിൽ അദ്ദേഹം സൂചിപ്പിച്ചു
അതേസമയം, ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവൻ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് കാവ്യ. ആലുവയിലെ പത്മസരോവരം വീട്ടിൽ ചോദ്യം ചെയ്യണമെന്നാണു കാവ്യ ആവശ്യപ്പെട്ടിരുന്നത്.