പള്‍സർ സുനി ക്രിമിനലാണ് എന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല… പക്ഷെ അതിലേക്ക് ദിലീപിനെ വലിച്ചിഴയ്ക്കുന്നത് എന്തിനാണ്! ദിലീപിനെ കേസിലേക്ക് വലിച്ചിഴച്ചതാണ് യഥാർത്ഥത്തില്‍ പള്‍സർ സുനിയുടെ അഭിഭാഷകന്റെ ബുദ്ധി

നടിയെ ആക്രമിച്ച കേസാണ് മാധ്യമങ്ങളിലടക്കം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇനി കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്. നേരത്തെ തിങ്കളാഴ്ച രാവിലെ ആലുവയിലെ പൊലീസ് ക്ലബ്ബില്‍ എത്താന്‍ ആവശ്യപ്പെട്ട് കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചെന്നൈയില്‍ നിന്നും തിങ്കളാഴ്ച മാത്രമേ കൊച്ചിയില്‍ എത്തുകയുള്ളുവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് ആവശ്യപ്പെടുകയായിരുന്നു കാവ്യയുടെ ഈ നീക്കത്തിന് പിന്നാലെ ചോദ്യം ചെയ്യല്‍ മനുപ്പൂർവ്വം നീട്ടിക്കൊണ്ട് പോവുന്നുവെന്ന ആരോപണങ്ങളുമായി ചിലർ എത്തിയപ്പോള്‍ അത് അവരുടെ അവകാശമാണെന്ന വാദമാണ് രാഹുല്‍ ഈശ്വർ ഉയർത്തുന്നത്. ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ..

കൃത്യമായ നിയമോപദേശം കാവ്യക്ക് കിട്ടിയിട്ടുണ്ടാവും. കാര്യമായ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അവർക്ക് കാണും. അതിനുള്ള അവകാശം അവർക്ക് കാണും. ദിലീപിനെ അനുകൂലിച്ച് പറഞ്ഞാലും അല്ലെങ്കിലും ചോദ്യം ചെയ്യലിന് തയ്യാറെടുക്കാനായി കാവ്യക്ക് ധാരാളം സമയമുണ്ട്. 12-ാം തിയതി എങ്ങനെയാണ് കോടതിയുടെ സമീപനം എന്ന് നോക്കാം. സമയം നീട്ടിക്കൊടുക്കുമോ ഇല്ലയോ എന്ന് അറിയാമെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.

സുരാജിന്റെയും ശരത്തിന്റേതുമായി പുറത്ത് വന്ന ശബ്ദ രേഖ വിശ്വസിക്കുകയാണെങ്കില്‍ ദിലീപ് നിരപരാധിയാണെന്ന് പറയേണ്ടി വരും. അതുകൊണ്ട് തന്നെ ഒരു പരിധിക്ക് അപ്പുറത്ത് ആ തെളിവുകള്‍ക്ക് പ്രാധാന്യം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതൊരാളുടെ അഭിപ്രായം മാത്രമാണ്. അതുകൊണ്ട് തന്നെ അതിന് വലിയ വില കോടതി പോലും കൊടുക്കുമെന്ന് കരുതുന്നില്ല.

ഇത്തരമൊരു തെളിവ് വന്നതോടെ കാവ്യയുടെ കൂടെ നിലപാട് അറിയുകയെന്ന ചട്ടപ്രകാരമുള്ള കാര്യത്തിലേക്കാവും പൊലീസും പോവുന്നത്. സത്യം പറഞ്ഞാല്‍ എന്റെ ഉള്ളിന്റെ ഉള്ളിലെ രഹസ്യം എന്ന് പറയുന്നത് കാവ്യയെ അറസ്റ്റ് ചെയ്യുകയും അവരാണ് ഇതിന് പിന്നിലെന്ന് പറയുകയും ചെയ്യണം. പിന്നെ ബൈജുകൊട്ടാരക്കര പറയുന്നത് പോലെ കാവ്യയല്ല, തിരുവനന്തപുരത്തെ സീരിയല്‍ നിർമ്മാതാവാണ് മാഡം എന്നുകൂടി പറയണം.

അപ്പോള്‍ ഈ നാല് വർഷം ദിലീപിനെ വേട്ടയാടിയത് അർത്ഥശൂന്യമായിരുന്നുവെന്ന് അവസാന ആഴ്ച പറയുന്നത് പോലെയാവും. അതുകൊണ്ട് തന്നെ അവർ അങ്ങനെ പറയണമെന്നാണ് എന്റെ ആഗ്രഹം. ദിലീപ് അനുകൂലിയെന്ന് നെറ്റിയില്‍ എഴുതി ഒട്ടിക്കുന്നയാളാണ് ഞാന്‍. അങ്ങനെ വളരെ ചുരുക്കം പേർ മാത്രമേ ദിലീപ് അനുകൂലിയെന്ന് പരസ്യമായി പറയാന്‍ ധൈര്യം കാണിച്ചിട്ടുള്ളു. ഈ കേസ് കഴിയുമ്പോള്‍ അത് എനിക്ക് കൂടിയുള്ള ഒരു പൊന്‍തൂവലാണെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

2011 ല്‍ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയില്‍ വന്നപ്പോള്‍ ശ്രീമതി മേനക സുരേഷിനെ പള്‍സർ സുനി പിന്തുടരുന്ന ഒരു സംഭവമുണ്ടായി. അന്ന് തന്നെ സുരേഷ് കുമാർ പൊലീസില്‍ പോയി പരാതി നല്‍കുകയും ചെയ്തിരുന്നു. പള്‍സർ സുനിക്ക് ക്രിമിനല്‍ ചരിത്രമുണ്ടെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. പള്‍സർ സുനിയുടെ ക്രിമിനല്‍ ബന്ധത്തിന് ദിലീപിന്റെ ആവശ്യമൊന്നും ഇല്ല. നേരത്തെ തന്നെ ജയിലില്‍ പോയ വ്യക്തിയാണ്.

പള്‍സർ സുനി ക്രിമിനലാണ് എന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. പക്ഷെ അതിലേക്ക് ദിലീപിനെ വലിച്ചിഴയ്ക്കുന്നത് എന്തിനാണ്. ദിലീപിനെ കേസിലേക്ക് വലിച്ചിഴച്ചതാണ് യഥാർത്ഥത്തില്‍ പള്‍സർ സുനിയുടെ അഭിഭാഷകന്റെ ബുദ്ധി. ദിലീപിനേയും കൂടി കേസിലേക്ക് വലിച്ചിട്ടോ, അദ്ദേഹം ഏതെങ്കിലും രീതിയില്‍ കേസ് ഫൈറ്റ് ചെയ്തോളുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

പള്‍സർ സുനിയെപ്പേലുള്ളവരെ അകറ്റി നിർത്തേണ്ടതുണ്ട്. എന്നാല്‍ ഇവരുമായി ദിലീപിന് ബന്ധമില്ല. മേനക സുരേഷിനെ തട്ടിക്കൊണ്ട് പോയത് ദിലീപാണോ? അല്ലെങ്കില്‍ മേനക സുരേഷിനെ തട്ടിക്കൊണ്ടുപോവാന്‍ ദിലീപിന് എന്താണ് താല്‍പര്യം. അവിടെ പ്രതി പള്‍സർ സുനി മാത്രമാണ് കുറ്റക്കാരന്‍, അല്ലെങ്കില്‍ അങ്ങനെ ഒരു പരാതി നിലവിലുണ്ടെന്നും രാഹുല്‍ ഈശ്വർ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സൂചിപ്പിക്കുന്നു.

Noora T Noora T :