നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു നടി മഞ്ജു വാര്യരുടെ മൊഴി ക്രൈം ബ്രാഞ്ച് എടുത്തത്. എറണാകുളത്ത് മഞ്ജുവുള്ള ഹോട്ടലിലെത്തി നാലു മണിക്കൂറോളം അന്വേഷണ സംഘം മഞ്ജുവില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ദിലീപിന്റെ ഫോണുകളില്‍ നിന്നും ലഭിച്ച ശബ്ദ സാമ്പിളുകള്‍ തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു മൊഴിയെടുത്തത്. ഈ സംഭാഷണങ്ങളുടെ പശ്ചാത്തലം സംബന്ധിച്ചും മഞ്ജുവിനോട് വിവരങ്ങള്‍ തേടി. സൗണ്ട് സിസ്റ്റം ഉപയോഗിച്ചാണ് മൊഴിയെടുത്തത്.
ദിലീപിന്റെ ഫോൺസംഭാഷണങ്ങൾ നടി സ്ഥിരീകരിച്ചു. ഇതിനൊപ്പം പുതിയ ഗൂഢാലോചനാ വാദങ്ങളും തള്ളി. മഞ്ജുവിന്റെ വാട്‌സാപ്പ് ചാറ്റുകൾ ഉള്ളതുകൊണ്ടാണ് ഫോണിലെ വിവരങ്ങൾ മാച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. എന്നാൽ പുറത്തു വന്നാൽ കുഴപ്പമുള്ള ഒരു ആശയ വിനിമയവും ദിലീപുമായി നടത്തിയിട്ടില്ലെന്നും മഞ്ജു ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇത് പുനരന്വേഷണത്തിൽ നിർണ്ണായകമാകും.ക്രൗൺപ്ലാസ ഹോട്ടലിൽ ക്രൈംബ്രാഞ്ച് എത്തിയത് ലേഡി സൂപ്പർസ്റ്റാറിനെ മുൻകൂട്ടി അറിയിച്ചിട്ടായിരുന്നു
ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണ് മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയത്.. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചാനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. നടിക്കൊപ്പം ഉറച്ചു നിൽക്കുമെന്നാണ് മഞ്ജു വാര്യർ എപ്പോഴും പറയുന്നത്. കോടതിയിലും മൊഴി മാറ്റിയില്ല. ഇപ്പോൾ പുനരന്വേഷണത്തിലും ഇരയ്‌ക്കൊപ്പമാണ് ലേഡി സൂപ്പർ സ്റ്റാർ.
അതേസമയം നടൻ ദിലീപിന്റേതെന്ന് സംശയിക്കുന്ന നിർണായക ശബ്ദരേഖ ശനിയാഴ്ച പുറത്തു വന്നിരുന്നു. ദിലീപ് 2017 നവംബർ 15ന് ആലുവയിലെ പത്മസരോവരം വീട്ടിൽ സുഹൃത്ത് ബൈജു ചെങ്ങമനാടുമായി നടത്തിയ 10 സെക്കൻഡ് നീളുന്ന സംഭാഷണമാണ് പുറത്തുവന്നത്.
വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ആറ് ശബ്ദതെളിവുകളിൽ ഈ ശബ്ദരേഖയും സമർപ്പിച്ചിരുന്നു. ഈ ശബ്ദരേഖ തന്റേതല്ലെന്ന് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യംചെയ്യലിൽ ദിലീപ് പറഞ്ഞിരുന്നു. എന്നാൽ, ഇത് ദിലീപിന്റെ ശബ്ദംതന്നെയാണെന്ന് മറ്റ് സാക്ഷികളിൽ ചിലരും തിരിച്ചറിഞ്ഞിട്ടുണ്ട്. ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് ഫോറൻസിക് ലാബിൽ നൽകിയിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനില്ലെന്ന് കാവ്യാ മാധവന്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തെ നടി അസൗകര്യം അറിയിച്ചു. ബുധനാഴ്ച്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടില്‍ വെച്ച് കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇന്ന് ചോദ്യം ചെയ്യലിന് സന്നദ്ധയാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ കേസില്‍ നിര്‍ണായകമാവും. തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്. ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ഫോണ്‍ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ കാവ്യയായിരുന്നു കേസില്‍ കുടുങ്ങേണ്ടത് എന്ന പരാമര്‍ശമുണ്ടായിരുന്നു.