‘ഞാനിപ്പോ എന്താ വേണ്ടേ?’ ‘പോയിട്ട് പരമാവധി ആദരാഞ്ജലി സംഘടിപ്പിച്ചോണ്ട് വാ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി; നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിംഗ് പറയുന്നു

ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ശ്രീനിവാസന്‍ മരിച്ചെന്ന രീതിയിലും വ്യാജ വാര്‍ത്തകള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഈ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിംഗ്.

മനോജിന്റെ കുറിപ്പ്…

രാത്രിയില്‍ ശ്രീനിയേട്ടനോട് സംസാരിക്കവേ വീണ്ടും തോരാതെ പെയ്യുന്ന ആദരാജ്ഞലി വാര്‍ത്തകളെപ്പറ്റി ശ്രീനിയേട്ടന്‍: ‘ആദരാഞ്ജലികളെ പുശ്ചിക്കാന്‍ താനാരാ ? അത് സ്‌നേഹമാണ്, മരിക്കുന്നതിന് മുന്‍പേ ചിലരത് തരുന്നെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് നമ്മളോടുള്ള സ്‌നേഹം നിറഞ്ഞു തുളുമ്പുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്.

എനിക്ക് അഞ്ജലികള്‍ ഇഷ്ട്ടമാണ്.. മനോജിന് ജീവിച്ചിരിക്കുമ്പോള്‍ ആദരാഞ്ജലി കിട്ടാത്തതിന്റെ കൊതിക്കെര്‍വ്വാണ്… ‘ഞാനിപ്പോ എന്താ വേണ്ടേ?’ ശ്രീനിയേട്ടന്‍: ‘പോയിട്ട് പരമാവധി ആദരാഞ്ജലി സംഘടിപ്പിച്ചോണ്ട് വാ… പിന്നെ, അഞ്ജലികളെ തടയുന്ന ഒറ്റ പോസ്റ്റ് പോലും ഇട്ടേക്കരുത്… ഐ നീഡ് മാക്‌സിമം അഞ്ജലീസ്… യു ഗെറ്റ് മീ ?

മാര്‍ച്ച് 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന അദ്ദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. തുടര്‍ന്ന് മാര്‍ച്ച് 31ന് ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി.

മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Noora T Noora T :