കൈവിട്ട് പോയ സംഭാഷണം ജയിലിലേക്ക് ഇരച്ചെത്താൻ ക്രൈം ബ്രാഞ്ച്, പൾസർ സുനിയുടെ നാവ് ദിലീപിനെ ചതിച്ചു നിർണ്ണായക മണിക്കൂർ

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക നീക്കം നടത്തി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ശബ്ദസാമ്പിൾ വീണ്ടും അന്വേഷണസംഘം ശേഖരിക്കുന്നു.

കേസിലെ മാപ്പുസാക്ഷിയും പൾസർ സുനിക്കൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന ആളുമായ തൃശൂർ സ്വദേശി ജിൻസന്റെ ശബ്ദസാമ്പിൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ജയിലിൽനിന്ന് ജിൻസനെ ഫോണിൽ വിളിച്ച പൾസർ സുനി, തന്റെ ആശങ്കകളെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത് പുറത്തുവന്നതോടെ അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

ഫോൺ സംഭാഷണത്തിലുള്ളത് ഇരുവരുടെയും ശബ്ദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് സാമ്പിൾ പരിശോധന. പൾസർ സുനിയുടെ ശബ്ദസാമ്പിൾ ആദ്യം ശേഖരിച്ചിരുന്നു. എന്നാൽ, ഒരിക്കൽകൂടി പരിശോധിക്കുമെന്നാണ് വിവരം.

അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍റെ മൊഴി വീട്ടിലെത്തി എടുക്കുമെന്നാണ് വിവരം. അതിനുശേഷം തുടർനടപടി ആലോചിക്കും

അതേസമയം നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്ഥതയിട്ടുള്ള ലക്ഷ്യയിലെ മുൻ ജീവനക്കാരനും ആയ സാഗർ വിൻസന്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കള്ള തെളിവുകൾ ഉണ്ടാക്കാൻ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ഹർജി. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം സംഘം നൽകിയ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. ആലപ്പുഴ സ്വദേശിയാണ്‌ സാഗർ വിൻസന്റ്. എന്നാൽ ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിൾ ബഞ്ചാണ് വിധി പറയുക

അതോടൊപ്പം തന്നെ കേസിൽ നാലാം പ്രതി വിജീഷ് നൽകിയ ജാമ്യ ഹർജിയിലും ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ അനന്തമായി നീണ്ടുപോകുന്ന കേസിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹർജിയിൽ വിജീഷ് പറയുന്നത്. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്

Noora T Noora T :