ദിലീപ് മറച്ചുവെച്ച അദൃശ്യസാന്നിധ്യം… ‘മാഡം’ അത് തന്നെ? കയ്യെത്തും ദൂരത്ത്, ആ വെളിപ്പെടുത്തൽ ലോകോത്തര ട്വിസ്റ്റിലേക്ക്

നടിയെ ആക്രമിച്ച കേസ് ഉയർന്ന് വന്നപ്പോൾ മുതൽ തന്നെ മാഡത്തിന്റെ പേരും ചർച്ചകളിൽ നിറഞ്ഞതാണ്. ഈ കേസില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ജയിലില്‍ പോകരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്. വിഐപി ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച് വ്യക്തമായ ധാരണ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെങ്കിലും മാഡം എന്ന വ്യക്തിയെക്കുറിച്ച് തുമ്പുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

എന്നാൽ നടി ആക്രമണ കേസിലെ അദൃശ്യ സാന്നിദ്ധ്യത്തിലേക്ക് ഒരുപടി കൂടി അടുത്ത് എത്തിനിൽക്കുകയാണ് അന്വേഷണസംഘം. നിലവിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള നീക്കം മാഡവുമായുള്ള സാദൃശ്യമാണെന്നും സൂചനയുണ്ട്. പുനരന്വേഷണത്തിൽ സുപ്രധാന കണ്ണിയായ മാഡത്തിലേക്ക് അന്വേഷണം എത്തിക്കാൻ‌ തന്നെയാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുക.

കാവ്യാ മാധവനാണ് മാ‍ഡമെന്ന തരത്തിലുള്ള അഭ്യൂഹം പൂർണമായും തള്ളാതെയാണ് നിലവിൽ അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. കാവ്യയെ ചോദ്യം ചെയ്താൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരും. കാവ്യയെ പൾസർ സുനിക്ക് പരിചയമുണ്ടെന്ന സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നു. പൾസർ സുനി പേരു പറയാതെ മാഡമെന്ന് മാത്രം വിളിക്കുന്ന ഈ വ്യക്തി ദിലീപ് ജയിലിൽ കിടന്നപ്പോൾ നിയമപരമായ കാര്യങ്ങൾ നിയന്ത്രിച്ചതായും സൂചനയുണ്ട്. കേസിൽ നിർണായക റോളുണ്ടായിട്ടും ആദ്യഘട്ട അന്വേഷണത്തിൽ പൊലീസിന് മാഡത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
കാവ്യയുടെ മൊഴി നിലവിൽ നിർണായകമാണ്. ദിലീപ് പറഞ്ഞ കാര്യങ്ങളിൽ നിന്ന് വിപരീതമായി എന്തെങ്കിലും കാവ്യയുടെ മൊഴിയിൽ കണ്ടെത്തിയാൽ ദുരൂഹത മറനീക്കി പുറത്തുവരും.
കേസിലെ നിര്‍ണായക വ്യക്തിയായി കരുതപ്പെടുന്ന മാഡത്തിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. കാവ്യയാണോ മാഡമെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. പൊലീസ് ക്ലബില്‍ വെച്ചല്ല കാവ്യയെ ചോദ്യം ചെയ്യുക. അന്വേഷണ സംഘം വീട്ടിലെത്തിയാണ് നടിയെ ചോദ്യം ചെയ്യുക.

അതേസമയം നേരത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം കാവ്യയെ പറ്റി ചോദിച്ചത് പുറത്ത് പറയാൻ സാധിക്കില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. കേസിലെ മാഡത്തിന്റെ റോൾ വളരെ വലുതാണെന്നും, അധികം വെെകാതെ മാഡത്തിന്റെ പങ്ക് വെളിച്ചത്ത് വരുമെന്നും ബാലചന്ദ്രകുമാർ എഡിറ്റേഴ്‌സ് അവറിൽ പറഞ്ഞു.മാഡത്തിനെ പ്രതി ചേ‍ർക്കാൻ പൊലീസ് മനപൂർവ്വം ശ്രമിക്കില്ല, എന്നാൽ അന്വേഷണം മാഡത്തിലേക്ക് തന്നെ ഒടുക്കം എത്തുമെന്നും താൻ കരുതുന്നതായി ബാലചന്ദ്രകുമാർ പറഞ്ഞു. കേസ് അന്വേഷണം ഫലപ്രദമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നടിയെ പള്‍സര്‍ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോടും കോടതിക്ക് നല്‍കിയ മൊഴിയിലും പറഞ്ഞിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.

ദിലീപിന്റെ വീട്ടിലെ സംസാരത്തില്‍ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം തനിക്ക് തോന്നിയതെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്. ”പഴയതിനെക്കാള്‍ ഗൗരവത്തോടെയാണ് പൊലീസ് ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിനെ കാണുന്നത്. കേസുമായി ബന്ധപ്പെട്ടൊരു മാഡം ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്. ടേപ്പില്‍ കിട്ടാത്ത പല സംസാരങ്ങളും അവിടെ നടന്നിട്ടുണ്ട്. ആ സംസാരത്തില്‍ നിന്നാണ് മാഡത്തിന്റെ സാന്നിധ്യം തോന്നിയത്. സംസാരം പലതും റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല’, ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു

Noora T Noora T :