26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം, നിശാഗന്ധി ഓഡിറ്റോറിയത്തിൽ സമാപന ചടങ്ങ്! മുഖ്യാതിഥി നവാസുദ്ദീന്‍ സിദ്ദിഖ്

26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീലവീഴും. വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന ചടങ്ങ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയാണ് മുഖ്യാതിഥി.

ചടങ്ങിൽ എഴുത്തുകാരന്‍ ടി.പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തുടർന്ന് സുവർണ്ണ ചകോരം നേടിയ സിനിമ മേളയിൽ പ്രദർശിപ്പിക്കും.വൈകീട്ട് 5:30ക്കാണ് സമാപന സമ്മേളനം തുടങ്ങുന്നത്.

ചരിത്രത്തിലെ തന്നെ മികച്ച മേളകളില്‍ ഒന്നെന്ന പ്രേക്ഷകപ്രീതി കേരളം സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഉണ്ട്.അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിച്ചത്. നിറഞ്ഞ സദസ്സിലായിരുന്നു എല്ലാ സിനിമയും പ്രദർശിപ്പിച്ചത്. കൊവിഡ് കാലത്ത് നടന്ന മേളയിൽ അതിജീവനത്തിന്റെ കഥ പറയുന്ന സിനിമകളും ഉണ്ടായിരുന്നു.

Noora T Noora T :