മലയാള സിനിമയ്ക്ക് തീരാവേദന നല്‍കി കൊണ്ടാണ് ഫെബ്രുവരി ഇരുപത്തി രണ്ടിന് കെപിഎസി ലളിത ഓര്‍മ്മയായത്. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം..വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. ജീവിതവും അഭിനയവും കെട്ടുപിണഞ്ഞുകിടക്കുന്നതുകൊണ്ടാവാം ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളെപ്പോലും വളരെ സ്വാഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കെ.പി.എ.സി. ലളിതയ്ക്ക് കഴിഞ്ഞത്.
മലയാളസിനിമയില്‍ ലളിത നിന്നയിടം ശൂന്യമാണിപ്പോള്‍. അമ്മയായും പ്രതിനായികയായും ഹാസ്യതാരമായും മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ ലളിതയുടെ വിയോഗം സിനിമാ മേഖലയ്ക്ക് തീരാ നഷ്ടമാണ്
അമ്മയുടെ വേര്‍പാടിന് ശേഷം ഉയര്‍ന്ന് വന്ന ആരോപണങ്ങളെ കുറിച്ച് ആദ്യമായി തുറന്ന് പറയുകയാണ് നടിയുടെ മകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍. മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിദ്ധാർത്ഥിന്റെ തുറന്ന് പറച്ചിൽ.
അമ്മയുടെ എല്ലാ കാര്യങ്ങളും ഞാനാണ് നോക്കിയിരുന്നത്. പലപ്പോഴും ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ പോവാതെ നേരെ ആശുപത്രിയിലേക്കാണ് ഞാന്‍ പോയിരുന്നത്. അമ്മയ്ക്ക് കൊടുക്കുന്ന മരുന്നുകള്‍ പോലും ഏതാണെന്ന് വരെ എനിക്ക് അറിയാമായിരുന്നു. രാത്രിയില്‍ ഉറങ്ങാതെ പകലാണ് അമ്മ ഉറങ്ങുക. അതൊക്കെ നേരെയാക്കി എടുക്കേണ്ടി വന്നിരുന്നു. നാല് ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് അമ്മയെ സാധാരണ നിലയിലേക്ക് എത്തിച്ചത്. പക്ഷേ ഇതൊന്നും അറിയാതെയാണ് പലരും എഴുതി തള്ളി കൊണ്ട് ഇരുന്നതെന്നാണ് സിദ്ധാർഥ് പറയുന്നത്.
കരള്‍ മാറ്റി വെക്കുക എന്നത് മാത്രമാണ് അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളു. പക്ഷേ അത് വെക്കാനുള്ള ആരോഗ്യം വേണം. എട്ട് മണിക്കൂറോളം നീണ്ട ഓപ്പറേഷനാണ്. അത്രയും നേരം അനസ്‌തേഷ്യ താങ്ങാന്‍ പറ്റിയ ഹൃദയം വേണം. അവരെ നേരെ നിര്‍ത്തിയാല്‍ തന്നെ അത്രയും മണിക്കൂര്‍ പിടിച്ച് നില്‍ക്കാനുള്ള ആരോഗ്യം ഉണ്ടാവണം. ഓപ്പറേഷന് ശേഷം മൂന്ന് മാസത്തോളം ഈ അവയവം ശരീരവുമായി യോജിക്കുന്നുണ്ടോന്ന് നോക്കണം. അതും ഐസിയു സെറ്റപ്പിലാണെന്നാണ് അഭിമുഖത്തിൽ പറയുന്നത്
അഭിമുഖത്തിന്റെ പൂർണ്ണ ഭാഗം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക