നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഏറ്റവും ഒടുവിൽ വന്ന വാർത്ത.. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
കേസിന്റെ ഈ ഘട്ടത്തില്‍ അന്വേഷണത്തിന് പ്രതിയുടെ സാന്നിധ്യം പൊലീസിന് ആവശ്യമാണെന്ന് റിട്ട.എസ്പി ജോർജ് ജോസഫ്. സായ് ശങ്കറുമായും ബാലചന്ദ്ര കുമാറുമായൊക്കെയുള്ള ഇടപാടുകള്‍ ഒത്തിരി ചർച്ച ചെയ്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനെ ദിലീപിനെ വിളിച്ച് ഇത്രയും നാളായിട്ട് ചോദ്യം ചെയ്തിട്ടില്ല. അവർക്ക് ആവശ്യമായ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമമായിരുന്നു.
നശിപ്പിക്കപ്പെട്ട തെളിവുകളെ കുറിച്ചുള്ള ഏകദേശ ധാരണയൊക്കെ ഇപ്പോള്‍ അവർക്ക് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദിലീപിനെ അവർക്ക് ആവശ്യമെന്നും അദ്ദേഹം പറയുന്നു. ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ഡെവലപ്പ്മെന്റുകളില്‍ പ്രതിക്ക് പറയാനുള്ളത് കേട്ട ശേഷം പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികള്‍ക്കായി പൊലീസ് കോടതിയെ സമീപിച്ചേക്കും. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലും പൊലീസ് കേസെടുത്തു. അതിലേക്കും ആവശ്യമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
സായ് ശങ്കറിന്റെ റോള്‍, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം വിശദമായി പരിശോധിക്കുകയും എല്ലാവരേയും വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യേണ്ടിയും ഇരിക്കുന്നു. ഈ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലായിരിക്കും ദിലീപ് ഇനി പുറത്ത് നില്‍ക്കണമോയെന്ന് തീരുമാനിക്കപ്പെടുക. തെളിവുകളില്‍ പ്രതിക്ക് പറയാനുള്ള കാര്യങ്ങള്‍ പൊലീസ് കോടതിയെ അറിയിക്കും. അതിന് തൃപ്തികരമായ ഒരു മറുപടി ദിലീപിന് പറയാനില്ലെങ്കില്‍ അത് ബുദ്ധിമുട്ടാകുമെന്നും ജോർജ് ജോസഫ് പറയുന്നു.
ജാമ്യത്തില്‍ ഇറങ്ങിയാല്‍ അന്വേഷണവുമായി സഹകരിച്ചോളാം, കേസിലെ തെളിവ് നശിപ്പിക്കാനോ സാക്ഷിയെ സ്വാധീനിക്കാനോ നീങ്ങത്തില്ല എന്നതൊക്കെയുള്ള ഉപാധികളുടെ അടിസ്ഥാനത്തിലാണ് ദിലീപിന് ജാമ്യം നല്‍കിയത് . ഈ ജാമ്യം റദ്ദ് ചെയ്യാനുള്ള കാരണങ്ങളുമായി പൊലീസ് കോടതിയിലേക്ക് പോവുകയും കോടതി ജാമ്യം ക്യാന്‍സല്‍ ചെയ്യുകയും ചെയ്യും. ദിലീപ് ജയിലില്‍ കിടന്ന് കൊണ്ടുള്ള ഒരു വിചാരണയിലേക്ക് തന്നെയാണ് കാര്യങ്ങള്‍ പോവുന്നത്.
നിലവിലെ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കേസിന്റെ അന്വേഷണം ഏകദേശം ഒരുമാസം കൊണ്ട് തീരുകയെന്നാണ് പ്രതീക്ഷിക്കുന്നത്. വധഗൂഡാലോചന കേസില്‍ എടുത്ത ഒരു നിലപാട് കോടതി ഇപ്പോള്‍ എടുക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പുതിയ ഡെവലപ്പ്മെന്റുകളും നിരവധി തെളിവുകളും വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇപ്പോള്‍ ഉയർന്ന വരുന്ന കാര്യങ്ങളില്‍ പൊലീസ് വ്യക്തമായ അന്വേഷണം നടത്തിയതിന് ശേഷമുള്ള റിപ്പോർട്ട് കോടതിയില്‍ കൊടുക്കും. അതുകൊണ്ട് ദിലീപിന്റെ ഇനിയുള്ള മുന്നോട്ട് പോക്ക് അത്ര ശോഭനമല്ലെന്നും ജോർജ് ജോസഫ് പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഡാലോചന നടത്തുകയും അതിലേക്ക ആള്‍ക്കാരെ സംഘടിപ്പിക്കുന്നതുമൊക്കെ നമ്മള്‍ കണ്ട് കഴിഞ്ഞു. ഉണ്ടായിരുന്ന ചില തെളിവുകള്‍ നശിപ്പിക്കുകയും ചെയ്ത.
വക്കീലുമായി ചേർന്ന് ഡിലീറ്റ് ചെയ്യപ്പെട്ട മൊബൈല്‍ ഫോണിലെ വിവരങ്ങള്‍, ആരെക്കൊണ്ട് ഡിലീറ്റ് ചെയ്യിച്ചു എന്ന കാര്യങ്ങളൊക്കെ വിശദമായി തന്നെ പ്രതിയുമായി നേരിട്ട് ഇരുന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ ദിലീപിന് എന്ത് വിശദീകരണമാണ് നല്‍കാനുള്ളത് എന്നൊക്കെ അറിയാനുണ്ട്. അതിന് തീർച്ചയായും ദിലിപീന്റെ സാന്നിധ്യം ആവശ്യമാണ്. ജാമ്യത്തിലിരിക്കുന്ന പ്രതിയാണെങ്കിലും വിളിച്ച് വരുത്തിയെ പറ്റുമെന്നും ജോർജ് ജോസഫ് പറയുന്നു.