തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. ഹോളി ആഘോഷങ്ങൾക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി നടി സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഗായത്രിയുടെ സുഹൃത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്.
കാർ ഡിവൈഡറിൽ ഇടിച്ച ശേഷം വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് വാഹനം മറിഞ്ഞത്. മൂവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗായത്രിയും, 38 കാരിയായ വഴിയാത്രക്കാരിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വാഹനമോടിച്ച സുഹൃത്തും മരിച്ചു.
‘ഡോളി ഡിക്രൂസ്’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗായത്രി ശ്രദ്ധേയമാകുന്നത്. പിന്നീട സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടേയും പ്രശസ്തിയിൽ എത്തി. നിരവധി ആരാധകരുള്ള ഗായത്രി സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയതിന് പിന്നാലെയാണ് അഭിനയ മേഖലയിലേക്ക് കടക്കുന്നത്. തന്റെ ആദ്യ വെബ് സീരീസായ ‘മാഡം സാർ മാഡം ആൻതേ’യിൽ മികച്ച പ്രകതികരണമാണ് ലഭിച്ചത്. ഇതു കൂടാതെ നിരവധി ഷോർട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്.