ദിലീപ് രണ്ട് ഐ ഫോണുകളിൽ നിന്ന് ഡേറ്റ കൾക്കൊപ്പം നീക്കിയ 12 കാൾ രേഖകളിൽ ആറെണ്ണം നിഗൂഢം….. നിർണ്ണായക സൂചന പുറത്ത്! ഭർത്താവ് സൈബർ വിദഗ്ദ്ധനാണെന്ന് താൻ ഇപ്പോഴാണ് അറിഞ്ഞതെന്ന് സായ് ശങ്കറിന്റെ ഭാര്യയും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് ഉടൻ അവസാനിപ്പിക്കണമെന്നാണ് കോടതി നിർദ്ദേശം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപീനെതിരെ നിര്‍ണായക തെളിവുകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിന്റെ സഹായത്തോടെ നടൻ ദിലീപ് രണ്ട് ഐ ഫോണുകളിൽ നിന്ന് ഡേറ്റ കൾക്കൊപ്പം നീക്കിയ 12 കാൾ രേഖകളിൽ ആറെണ്ണം നിഗൂഢം. ആരോടാണ് സംസാരിച്ചതെന്നും ഉദ്ദേശ്യമെന്തെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച്. സൂചനകൾ ലഭിച്ചെങ്കിലും കാര്യങ്ങൾ വ്യക്തമാവാൻ മായ്ച്ചു കളഞ്ഞ വിവരങ്ങൾ വീണ്ടെടുക്കണം. ഇതെല്ലാം ഉൾപ്പെടുന്ന ഫോറൻസിക് റിപ്പോർട്ട് ഉടൻ ലഭിച്ചേക്കും.

സംശയിക്കുന്നവരെ നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.ഫോണുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഐഫോണുകളിൽ നിന്ന് വിവരങ്ങൾ നീക്കിയത്. ഡേറ്റ മായ്ച്ചുകളഞ്ഞതിന് പിടിക്കപ്പെട്ടാലും രക്ഷിക്കാമെന്ന് ഉറപ്പ് കൊടുത്തായിരിക്കാം വഞ്ചനക്കേസ് പ്രതികൂടിയായ സായ് ശങ്കറിനെ പ്രതികളും അഭിഭാഷകരും കൊച്ചിയിൽ എത്തിച്ചതെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. സായ് ശങ്കർ കോഴിക്കോട് നിന്ന് മുങ്ങിയതായാണ് വിവരം. എറണാകുളത്തുണ്ടെന്നാണ് കരുതുന്നത്.കഴിഞ്ഞ ദിവസം കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകിയെങ്കിലും എത്തിയിരുന്നില്ല. കൊവിഡ് ലക്ഷണങ്ങളുള്ളതിനാൽ 10 ദിവസം സമയം ആവശ്യപ്പെടുകയും ചെയ്തു.

ഭർത്താവ് സൈബർ വിദഗ്ദ്ധനാണെന്ന് താൻ ഇപ്പോഴാണ് അറിഞ്ഞതെന്ന് സായ് ശങ്കറിന്റെ ഭാര്യയും പറയുന്നു . ഇന്നലെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ഇവർ ഇങ്ങനെ പറഞ്ഞത്. ഉദ്യോഗസ്ഥർ ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഭാര്യയുടെ ലാപ്പ്ടോപ്പ് ഉപയോഗിച്ചാണ് ദിലീപിന്റെ ഫോണിൽ നിന്ന് വിവരങ്ങൾ സായ് ശങ്കർ നീക്കം ചെയ്തത്. ഇത് ഫോറൻസിക് പരിശോധനയ്ക്കച്ചിരിക്കുകയാണ്.

2018ൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയതിന് സായ് ശങ്കറിനെതിരെ കേസുണ്ട്. ഇലക്ട്രോണിക്സ് ഉപകരണം നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതിന് 2021ലും കേസെടുത്തിട്ടുണ്ട്. ഡി.ആ‌ർ.ഐ ഉദ്യോഗസ്ഥനായ സുഹൃത്തിന്റെ പേരിലായിരുന്നു ഈ തട്ടിപ്പ്.

Noora T Noora T :