ഫോണിലെ കുറച്ചു ഡേറ്റ ‘ഷ്രെഡ്’ ചെയ്യണമെന്ന് പറഞ്ഞ് സായ്ശങ്കറിനെ കൊച്ചിയിലേക്കു വിളിച്ചുവരുത്തി; തെളിവുകൾ നശിപ്പിക്കാൻ നിർദേശം നൽകിയത് അയാൾ, വമ്പൻ കളികൾ ഓരോന്നായി പുറത്തേക്ക്… ആ മൊഴി നടുക്കുന്നു! പണി പാലും വെള്ളത്തിൽ… രാമൻപിള്ള അകത്തേക്ക്?

വധ ഗൂഢാലോചനക്കേസിലെ മുഖ്യ പ്രതി നടൻ ദിലീപ് സൈബ‌ർ വിദഗ്ദ്ധനും ബ്ലാക്ക്മെയിൽ കേസിലെ പ്രതിയുമായ സായ്ശങ്കറിന്റെ സഹായത്തോടെ രണ്ട് ഐ ഫോണുകളിൽ നിന്ന് നീക്കിയ വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ക്രൈംബ്രാഞ്ച് ആരംഭിച്ചിരിക്കുകയാണ്. മുംബയിലെ സ്വകാര്യ ഫോറൻസിക് ലാബിലെത്തിച്ച നാല് ഫോണുകളിൽ രണ്ടെണ്ണം മുക്കി പകരം കോടതിയിൽ ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങളാണ് വീണ്ടെടുക്കുക.

അതിനിടെ കേസിൽ ഏറ്റവും നിർണ്ണായകമായേക്കാവുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിലെ തെളിവുകൾ നശിപ്പിക്കാൻ നിർദേശം നൽകിയതു പ്രതിഭാഗത്തെ ഒരു അഭിഭാഷകനാണെന്ന് ഐടി വിദഗ്ധൻ സായ്‌ശങ്കർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചിരിയ്ക്കുകയാണ്. കേസിലെ ഒന്നാം പ്രതിയായ നടൻ ദിലീപ് ഉപയോഗിച്ചിരുന്ന ഐഫോണിലെ ഡേറ്റ വീണ്ടെടുക്കാൻ കഴിയാത്ത വിധം മായ്ച്ചുകളയാനാണു പ്രതിഭാഗം സായ്ശങ്കറിന്റെ സഹായം തേടിയത്. ദിലീപ് നേരിട്ടല്ല സായ്ശങ്കറെ ബന്ധപ്പെട്ടതെന്നും ആദ്യമൊഴിയിലുണ്ട്.

ഒരു കേസിൽ ദിലീപിന്റെ ഫോണിലെ കുറച്ചു ഡേറ്റ ‘ഷ്രെഡ്’ ചെയ്യണമെന്നു പറഞ്ഞാണ് അഭിഭാഷകൻ സായ്ശങ്കറിനെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയത്. അതിനു പ്രതിഫലമൊന്നും വാങ്ങിയില്ലെന്നാണു സായ്ശങ്കറിന്റെ മൊഴി. തൃപ്പൂണിത്തുറ പൊലീസ് 2015ൽ റജിസ്റ്റർ ചെയ്ത ഹണിട്രാപ് കേസിലെ രണ്ടാം പ്രതിയായ സായ് ശങ്കർ കോഴിക്കോട് കേന്ദ്രീകരിച്ച് ഐടി ബിസിനസ് ചെയ്യുന്നതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നതെന്നാണ് ആരോപണം.

കൊച്ചിയിലെ രണ്ട് ആഡംബര ഹോട്ടലുകളിൽ മുറിയെടുത്താണ് ഏൽപ്പിച്ച പണി സായ്ശങ്ക‌ർ പൂ‌‌ർത്തിയാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 2022 ജനുവരി 29മുതൽ 31വരെയാണ് ഇയാൾ ഹോട്ടലിൽ മുറിയെടുത്തത്. അഭിഭാഷകന്റെ ഓഫീസിലും സായ് എത്തി. ഇവിടത്തേയും കൊച്ചിയിലെ മുന്തിയഹോട്ടലിലേയും വൈഫൈ ഈ ഫോണുകളിൽ ഉപയോഗിച്ചിട്ടുണ്ട്. വാട്സ്ആപ് കാളുകൾ, ചാറ്റുകൾ, ഫോൺവിളികൾ, സ്വകാര്യ വിവരങ്ങളുൾപ്പെടെ നീക്കം ചെയ്തിട്ടുണ്ട്.വാട്സ്ആപ് മറ്റ് ഡിവൈസുകളിൽ ലോഗിൻ ചെയ്തതായ വിവരത്തെത്തുടർന്ന് ഇവ കണ്ടെത്താനും നീക്കമാരംഭിച്ചു.

ഫോണിലെ വിവരങ്ങൾ നീക്കംചെയ്യാൻ സായ് ഉപയോഗിച്ച ഐമാക് ലാപ്ടോപ്പ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ദിലീപ് കോടതിയിൽ ഹാജരാക്കിയ ഫോണുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധിച്ചപ്പോഴാണ് ആപ്പിൾ ഫോണുകളിലെ സുപ്രധാന വിവരങ്ങൾ മായ്ച്ചുകളഞ്ഞതായി തിരിച്ചറിഞ്ഞത്. മുംബയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെത്തിച്ച് ഫോണുകളിലെ വിവരങ്ങൾ പക‌ർത്തിയ ഹ‌ാ‌ർഡ് ഡിസ്കിന്റെ മിറ‌ർ ഇമേജ് പരിശോധനാഫലം ലഭിച്ചിട്ടില്ല.

Noora T Noora T :