നിർമ്മാതാവും നടനുമായ ആൻണി പെരുമ്പാവൂരിന് യുഎഇ ഗോള്‍ഡന്‍ വിസ. ആന്റണി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിസ നൽകിയതിന് യുഎഇയിലെ അധികൃതർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
മോഹൻലാലിനും മലയാള സിനിമയ്ക്കും ആശിർവാദ് സിനിമാസിനും നന്ദി അറിയിക്കുന്നുവെന്നും ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രംഗത്തെത്തുന്നത്.
വർഷങ്ങളായി അഭിനേതാവും നിർമ്മാതാവായും മലയാള സിനിമയിൽ ഉള്ളയാളാണ് ആന്‍റണി. ഒരു അഭിനേതാവായി ആദ്യം മുഖം കാണിച്ച ചിത്രം 1991 ചിത്രം ‘കിലുക്ക’മാണ്. തുടര്‍ന്ന് ‘മരക്കാര്‍’ വരെ മോഹന്‍ലാല്‍ നായകനായ 27 ചിത്രങ്ങളിലും പ്രണവ് മോഹന്‍ലാല്‍ നായകനായ രണ്ട് ചിത്രങ്ങളിലും (ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്) ആന്‍റണി ഇതിനകം അഭിനയിച്ചു.
2000ല്‍ പുറത്തെത്തിയ നരസിംഹമാണ് ആശിര്‍വാദ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് മോഹന്‍ലാല്‍ നായകനായ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ആശിര്‍വാദിന്‍റേതായി പുറത്തെത്തി. നിലവില്‍ മോഹന്‍ലാല്‍ നായകനാവുന്ന എല്ലാ സിനിമകളും നിര്‍മ്മിക്കുന്നത് ആശിര്‍വാദ് ആണ്. പ്രിയദര്‍ശന്‍റെ സംവിധാനത്തിലെത്തിയ 100 കോടി ബജറ്റ് ചിത്രം മരക്കാര്‍ ആണ് ഈ നിര്‍മ്മാണ കമ്പനിയുടേതായി പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം. ഷാജി കൈലാസ് മോഹന്‍ലാല്‍ നായകനാക്കി ഒരുക്കുന്ന എലോണ്‍ ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണ്.
കഴിഞ്ഞ ദിവസം മീനയ്ക്ക് ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു.
ദുബായ് കൾച്ചർ ആൻഡ് ടൂറിസം വകുപ്പാണ് നടി മീനയ്ക്ക് ഗോൾഡൻ വിസ അനുവദിച്ചത്. തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ ലഭിക്കുന്ന ദുബായിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ കഴിഞ്ഞത് ഏറെ സന്തോഷം പകരുന്നു എന്ന് മീന പറഞ്ഞു.