നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യം കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. 2018 മാര്‍ച്ചിലാണ് ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും സീല്‍ ചെയ്ത മെമ്മറി കാര്‍ഡും എറണാകുളം സെഷന്‍ കോടതിയിലേക്ക് അയച്ചത്. 2018 മാര്‍ച്ച് 15 മുതല്‍ 2019 മാര്‍ച്ച് 16 വരെ ഈ ദൃശ്യങ്ങള്‍ എറണാകുളത്തെ ജില്ലാ കോടതിയിലായിരുന്നു. ഈ കാലയളവിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പീഡന ദൃശ്യം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിജീവിത കത്തയച്ചതിന് പിന്നാലെ ഹൈക്കോടതി ഉത്തരവിട്ട് അന്വേഷണം നടക്കുകയാണ്.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ചു നിയമവിരുദ്ധമായി തുറന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ സ്ഥിരീകരണം. ദൃശ്യങ്ങള്‍ എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അന്വേഷണം നടക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ച് നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയാണോ അതോ പകര്‍ത്തിയതാണോ എന്നു വ്യക്തമല്ല.
ഇതില്‍ വിശദമായ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കൈമാറാന്‍ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും. വിശദമായ റിപ്പോർട്ടു നൽകാൻ കോടതി ആവശ്യപ്പെട്ടു. ഇതു പരിശോധിച്ച ശേഷം മാത്രം കൂടുതൽ സമയം നൽകണോ എന്നു തീരുമാനിക്കുമെന്നു കോടതി അറിയിച്ചു. തുടരന്വേഷണത്തിനു കൂടുതല്‍ സമയം നല്‍കുന്നതിനെ എതിര്‍ത്തു കേസിലെ പ്രതിയായ നടൻ ദിലീപും കോടതിയില്‍ ഹര്‍ജി നല്‍കും. നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ നിര്‍ണായകമായ തെളിവാണ് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്.
അതേസമയം ദൃശ്യങ്ങള്‍ ചോര്‍ന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. 2018 ഡിസംബര്‍ 13ന് ആണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതായി തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് എന്നാണ് വിവരം. ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അത് അതീവ ഗുരുതരമായ വീഴ്ച ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍മാര്‍, കേന്ദ്ര-സംസ്ഥാന വനിതാ കമ്മീഷന്‍, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്കും ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അതിജീവിത പരാതി നല്‍കിയിരുന്നു. തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന വാര്‍ത്തകളില്‍ അന്വേഷണം വേണം എന്നായിരുന്നു പരാതിയില്‍ അതീജീവിത ആവശ്യപ്പെട്ടത്. വിദേശത്തുളള ചിലര്‍ക്ക് ദൃശ്യങ്ങള്‍ ലഭിച്ചുവെന്നുളള വാര്‍ത്തകള്‍ ഞെടിക്കുന്നതാണെന്നും ഇത് തന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും അതിജീവിത കത്തില്‍ പറയുന്നു. തുടര്‍ന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി വിജിലന്‍സ് വിഭാഗമാണ് ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നത്.