വധഗൂഢാലോചന കേസ്; ശ്രീകാന്ത് ഭാസിയെ ചോദ്യം ചെയ്യുന്നു.. രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ പുറത്തു വരുന്നത്

വധഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് സംശയമുള്ളവരെ എല്ലാം ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ സഹോദരനെയും സഹോദരി ഭർത്താവിനെയും ചോദ്യം ചെയ്തതിന് പിന്നാലെ വധഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീകാന്ത് ഭാസിയെ ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം ശ്രീകാന്ത് ഭാസിക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന.

ശ്രീകാന്ത് ഭാസിക്ക് ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഇരുവരും ഹോട്ടലില്‍വച്ച് പല തവണ സംസാരിച്ചിരുന്നതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ സംരഭമായ ദേ പുട്ടില്‍ ശ്രീകാന്ത് ഭാസിക്ക് നിക്ഷേപമുണ്ടായിരുന്നു. കൂടാതെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത് കാര്‍ണിവല്‍ ഗ്രൂപ്പിന്റെ അങ്കമാലിക്കടുത്തുള്ള ഗസ്റ്റ് ഹൗസില്‍ നിന്നായിരുന്നു.

സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. വധഗൂഢാലോചന കേസില്‍ ഇതു രണ്ടാം തവണയാണ് അനൂപിനെ അന്വേഷണം സംഘം ചോദ്യം ചെയ്യുന്നത്. ദിലീപില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലത്തെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യല്‍. കൂടുതല്‍ അന്വേഷണത്തിനു ശേഷം ദിലീപിനെയും ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.

അതേസമയം ബി. രാമൻപിള്ളയെ മൊഴിയെടുക്കാൻ വിളിപ്പിച്ചതിൽ അഭിഭാഷകർക്കിടയിൽനിന്നു കടുത്ത വിമർശനമാണ് ഉയരുന്നത്. പൊലീസ് നടപടി അഭിഭാഷകരുടെ തൊഴിൽപരമായ സ്വാതന്ത്ര്യത്തിലുള്ള ഇടപെടലാണെന്നു വ്യാഖ്യാനിക്കാൻ ഇടയുണ്ടെന്ന് അഖിലേന്ത്യാ അഭിഭാഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി.പി. പ്രമോദ് പ്രതികരിച്ചു.

സിആർപിസി 160 പ്രകാരമാണ് നോട്ടിസ് കൊടുത്തിരിക്കുന്നതെന്നു പ്രമോദ് പറഞ്ഞു. ഒരു സാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമം മറ്റൊരു വ്യക്തി വഴി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ റജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ ചോദിച്ചറിയണം എന്നുമാണ് നോട്ടിസിലുള്ളത്. രാമൻപിള്ള സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപണമില്ലെങ്കിലും കോടതിയിൽ വിചാരണ നേരിടുന്ന ഒരു പ്രതിയുടെ അഭിഭാഷകൻ എന്ന നിലയിൽ അദ്ദേഹം ആ രീതിയിൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. അഭിഭാഷകർക്കു നോട്ടിസ് കൊടുക്കുന്ന സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. സാക്ഷിയെ സ്വാധീനിക്കുന്ന സാഹചര്യമുണ്ടായാൽ ഇരയ്ക്കു നീതി നിഷേധിക്കപ്പെടും എന്ന പ്രശ്നമുണ്ട്. വാളയാർ കേസ് പോലെയുള്ള സാഹചര്യം നിലനിൽക്കുന്നതായിരിക്കാം പൊലീസിനെ ഇത്തരത്തിൽ ഒരു നോട്ടിസ് നൽകാൻ പ്രേരിപ്പിച്ചതെന്നും പ്രമോദ് പറഞ്ഞു.

Noora T Noora T :