ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരത്തു നിന്നും വയലാർ മടങ്ങിവരുന്നു ….

ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജൻമം കൂടി…..അനശ്വരകവിയുടെ വരികൾ. മലയാളസിനിമയുടെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ ആലേഖനം ചെയ്യപ്പെട്ടവ. ചന്ദ്രകളഭം ചാർത്തിയുറങ്ങിയ തീരത്തു ഇന്ന് വയലാർ ഇല്ല . വയലാർ രാമവർമ ഇനി അഭ്രപാളികളിൽ പുനർജനിക്കും. കവിയും നിരവധി ജനപ്രിയ നിത്യഹരിത ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമായ വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മയുടെ ജീവിതം സിനിമയാകുന്നു. നടക-സിനിമാ സംവിധായകനായ പ്രമോദ് പയ്യന്നൂരാണ് അനശ്വര കവിയുടെ ജീവിതം സിനിമയാക്കുന്നത്. ‘ബാല്യകാലസഖി’യാണ് പ്രമോദ് പയ്യന്നൂർ ഒരുക്കിയ ആദ്യ ചിത്രം

വയലാര്‍ ആയി അഭിനയിക്കുന്നത് ആരാണെന്ന കാര്യം പക്ഷേ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മലയാളത്തിലെ മികച്ച നടന്മാരിൽ ആരെങ്കിലുമായിരിക്കാം. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു,മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു മതങ്ങളുടെ പേരിൽ ദൈവത്തെപോലും മറന്ന നാട്ടിൽ ആ വരികൾ ഇന്നും അലയടിക്കുന്നു . സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍, ദേവീ… ശ്രീദേവീ… തേടിവരുന്നു തുടങ്ങി 1500ലധികം അർത്ഥവത്തായ പാട്ടുകളാണ് വയലാറിന്‍റെ തൂലിതുമ്പിൽ പിറന്നിട്ടുള്ളത്. അറുപതുകളിലും എഴുപതുകളിലുമുള്ള മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിന്‍റെ ചരിത്രാവിഷ്കാരം കൂടിയാവും സിനിമ . സുന്ദര സുരഭിലമായ നിരവധി ഗാനങ്ങളും സിനിമയിലുണ്ടാകുമെന്നതും ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. പ്രമോദ് പയ്യന്നൂർ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം ലൈൻ ഓഫ് കളേഴ്സിന്‍റെ ബാനറിൽ എം.സി.അരുണും സലിൽ രാജും ചേർന്നാണ് നിര്‍മ്മിക്കുന്നത്. സേതു അടൂരാണ് പ്രൊഡക്ഷൻ കൺട്രോളർ. ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനുഷഹൃദയങ്ങളുണ്ടോ എന്ന് പാടിയ കവി ഇന്നും ജീവിക്കുന്നു അനശ്വരനായിത്തന്നെ

Noora T Noora T :