കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അഞ്ച് വര്‍ഷം പിന്നിട്ടിട്ടും നടിക്ക് നീതി കിട്ടിയിട്ടില്ലെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. എന്നാല്‍ ദിലീപ് ഈ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം സമൂഹ മാധ്യമങ്ങള്‍ വഴി ദിലീപിനെ നിരപരാധിയാക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല.
ഇപ്പോഴും ദിലീപ് കേസില്‍ പ്രതിയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച സംഭവത്തെ ആഘോഷിക്കുന്ന ന്യായീകരണ തൊഴിലാളികള്‍, ആദ്യ കേസില്‍ ദിലീപ് ഒരുപാട് ദിവസം ജയിലില്‍ കിടന്ന കാര്യം മറന്നുപോവുകയാണെന്നും സംവിധായകന്‍ തുറന്നടിച്ചു. ഒരു യുട്യൂബ് ചാനലിലൂടെയായിരുന്നു ബൈജുവിന്റെ പ്രതികരണം.
തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു സിനിമാ മേഖലയിലെ ഒരു നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ച് വര്‍ഷം തികയുകയാണ്. ഈ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും, ഈ ആക്രമണത്തിന് കാരണക്കാരായവര്‍, പണക്കൊഴുപ്പിന്റെയും അഹങ്കാരത്തിന്റെയും ഉത്തുംഗ ശൃംഖങ്ങള്‍ കീഴടക്കി വിലസി നടക്കുകയാണെന്ന് പറയേണ്ടി വരും. നമ്മുടെ ജനാധിപത്യ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍, പ്രത്യേകിച്ച് ഇങ്ങനെയുള്ള കാര്യങ്ങളില്‍ ലജ്ജ തോന്നുന്നു. വല്ല അറബി നാടുകളിലോ മറ്റോ ആയിരുന്നെങ്കില്‍ ഇതിലെ പ്രതികളുടെ അവസ്ഥ വേറൊന്നാവുമായിരുന്നു. അവര്‍ ഇവരുടെ പ്രധാന അവയങ്ങളൊക്കെ മുറിച്ച് കളയുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് തേരാ പാര ഇവര്‍ നടക്കേണ്ടി വരുമായിരുന്നു.
നടുറോഡില്‍ വെച്ചാണ് ആ നടി ആക്രമിക്കപ്പെട്ടത്. അതൊരു ക്വട്ടേഷനാണെന്ന് അന്നേ തെളിഞ്ഞിരുന്നു. അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ആ പെണ്‍കുട്ടിയെ നശിപ്പിക്കുക. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുക. അതുവെച്ച് ആ കുട്ടിയെ തന്നെയും, മറ്റുള്ളവരുടെ മുന്നില്‍ ആ കുട്ടിയെ ബ്ലാക് മെയില്‍ ചെയ്യാനുള്ള ഒരുപാധിയായി, അല്ലെങ്കില്‍ തങ്ങളുടെ വ്യക്തിവിരോധം തീര്‍ക്കാന്‍ ആ ദൃശ്യങ്ങള്‍ സഹായകരമാകും എന്ന് മനസ്സിലാക്കി ചെയ്ത നീച പ്രവൃത്തിയാണിത്. ഈ സംഗതി നടന്ന് പിറ്റേ ദിവസം തന്നെയാണ്, മാക്ടയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന താന്‍ ഒരു പ്രസ് മീറ്റ് നടത്തിയത്. ഈ സംഭവം നടന്നത് ഒരു സിനിമയുടെ ഡബ്ബിംഗ് ജോലി പൂര്‍ത്തിയാക്കാനായി ഈ കുട്ടി വന്നപ്പോഴാണെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.
അങ്ങനെയെങ്കില്‍ ലൊക്കേഷനില്‍ നിന്ന് വരുന്ന വണ്ടിക്കുള്ളില്‍ ഈ കുട്ടി വരുമ്പോള്‍ ഇങ്ങനൊരു സംഗതി നടന്നിട്ടുണ്ടെങ്കില്‍, അത് സിനിമാക്കാര്‍ അറിയാതെ നടക്കാന്‍ സാധ്യതയില്ല. സിനിമയ്ക്കുള്ളില്‍ നിന്ന് തന്നെ വന്ന ക്വട്ടേഷനാണിത്. അതങ്ങനെ തന്നെയായിരുന്നു. ആദ്യമൊന്നും മിണ്ടാതിരുന്ന സിനിമാക്കാര്‍, ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ എറണാകുളത്ത് ഒരു മീറ്റിംഗ് നടത്തി. മെഴുകുതിരി ഒക്കെ കത്തിച്ച് വെച്ചായിരുന്നു പ്രകടനം. അതോടെ അവരുടെ ആവേശം കഴിഞ്ഞു. അന്നത്തെ ആ മീറ്റിംഗില്‍ നടി മഞ്ജു വാര്യര്‍ ശക്തമായി ഒരു കാര്യം പറഞ്ഞിരുന്നു. പ്രതി ആരെന്ന് ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള പരാമര്‍ശമായിരുന്നു അത്. ഇന്ന് ആ കേസില്‍ എട്ടാം പ്രതിയായി നില്‍ക്കുന്ന ദിലീപും, ആ പെണ്‍കുട്ടി സഹോദരിയാണെന്ന തരത്തിലായിരുന്നു സംസാരിച്ചത്.
ഈ യോഗം കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് തെളിവുകള്‍ ശേഖരിച്ചു. കോടതിയിലും അത് ഹാജരാക്കി. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളും ഹാജരാക്കി. അതിന്റെ വാദങ്ങളും പ്രതിവാദങ്ങളുമൊക്കെ നടന്നു. അതിനിടയില്‍ ദിലീപിന് ജാമ്യം കിട്ടാതെയായി. എന്തുകൊണ്ടാണ് ജാമ്യം കിട്ടാതിരുന്നത്? ഇന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. എന്നാല്‍ അന്ന് ജാമ്യം കിട്ടാതെ 85 ദിവസത്തോളം ദിലീപ് ജയിലില്‍ കിടന്നു. എന്തുകൊണ്ടാണ് ജാമ്യം കിട്ടാത്തത് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം ഈ രണ്ട് കേസിലും ഒരേപോലെ തെളിവുകള്‍ ഉണ്ടായിരുന്നു.
ദിലീപ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ നോക്കിയ കേസില്‍ രണ്ടോ മൂന്നോ ഓഡിയോ ക്ലിപ്പുകളും, ഒന്ന് രണ്ട് സാക്ഷി മൊഴികളും മാത്രമാണ് ഉണ്ടായിരുന്നത്. അത് ചിലപ്പോള്‍ കോടതിക്ക് സ്വീകാര്യമായി കാണില്ല. അതിനാണ് ജാമ്യം കിട്ടിയത്. അതല്ലാതെ ആദ്യ കേസില്‍ ഇപ്പോഴും ജാമ്യത്തില്‍ ഇറങ്ങി നില്‍ക്കുന്ന ദിലീപാണ്. അദ്ദേഹം പ്രതിയായി തുടരുകയാണ്. ആദ്യത്തെ കേസില്‍ ഗൂഢാലോചനയ്ക്കാണ് ദിലീപ് അറസ്റ്റിലായത്. ലോകത്താദ്യം ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്ത കേസിലെ ഗൂഢാലോചനയാണ്. കേള്‍ക്കുമ്പോള്‍ തന്നെ നാണക്കേട് തോന്നും. പക്ഷേ അഞ്ച് വര്‍ഷം പിന്നിട്ടപ്പോഴാണ് കേസിന്റെ ഗതി ഒരുപാട് മാറി മറിഞ്ഞത്. 62 ഓളം ഹര്‍ജികളും ഉപഹര്‍ജികളുടെയും പ്രളയമായിരുന്നു ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അടക്കം.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ അഭിഭാഷകരെയാണ് ദിലീപ് ഈ കേസിനായി ഇറക്കിയത്. മുകുള്‍ റോത്തഗി, കേരളത്തില്‍ രാമന്‍പ്പിള്ള എന്നിവരൊക്കെ ദിലീപിന് വേണ്ടി ഹാജരായി. എല്ലാവരും കോടികള്‍ വാങ്ങുന്ന വക്കീലന്മാരാണ്. ഒരു സിറ്റിംഗിന് തന്നെ പത്ത് ലക്ഷത്തോളം വാങ്ങുന്ന വക്കീലന്മാര്‍ ഒക്കെ ദിലീപിന് വേണ്ടി വന്നു. 130ഓളം തവണ ദിലീപ് കോടതികളില്‍ കയറിയിറങ്ങുമ്പോള്‍ എത്ര കോടികള്‍ ഇതിന് ചെലവായി എന്ന് മനസ്സിലാക്കണം. മീഡിയകളിലൊക്കെ വന്ന് തന്നെ പൊക്കി പറയാന്‍, താന്‍ നിരപരാധിയാണെന്ന് പറയിപ്പിക്കാനുള്ള ശ്രമവും ദിലീപ് നടത്തി. അത് നടക്കാതെ വന്നപ്പോള്‍ ചിലയാളുകളെ തന്റെ പക്ഷത്ത് നിന്ന് പറഞ്ഞ് വിട്ടു. പിന്നെ എല്ലാം പോലീസിന്റെ ഗൂഢാലോചനയാണെന്ന് പറയാന്‍ തുടങ്ങി.
പോലീസ് എന്ത് കാര്യമാണ് ദിലീപിനെ പോലൊരാളെ ജയിലില്‍ ഇട്ടത് കൊണ്ട് നേട്ടം. ആ പെണ്‍കുട്ടിക്ക് വേണ്ടി വാദിക്കുന്നവരെല്ലാം കള്ളന്മാരാണ്. ചില ഓണ്‍ലൈന്‍ മീഡിയകളില്‍ ഇല്ലാത്ത വാര്‍ത്ത പടച്ചുവിടുന്നതൊക്കെ ഇതിനിടയില്‍ ഉണ്ടായി. ഈ കേസിന്റെ ഒരു ഭാഗത്ത് ഇതെല്ലാം നടന്നിരുന്നു. ഈ കേസില്‍ വഴിത്തിരിവായത് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു. ഓഡിയോ ക്ലിപ്പുകളും ചിത്രങ്ങളും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിരുന്നു. ഇതോടെ ചര്‍ച്ചകള്‍ വലിയ രീതിയില്‍ നടന്നു. അഞ്ച് വര്‍ഷം കഴിയുമ്പോഴും ദിലീപ് പോലീസുകാരുടെ കണ്ണിലെ കരടായി നില്‍ക്കുന്നത് ഇതേ പോലുള്ള ഒരു ഗൂഢാലോചനയിലാണ്. അഞ്ച് വര്‍ഷം മുമ്പ് നടിക്കായി ക്വട്ടേഷന്‍ കൊടുത്തു. അതോ പോലെ തന്നെ പോലീസുകാരെ വധിക്കാനും അഞ്ച് വര്‍ഷത്തിന് ശേഷം ക്വട്ടേഷന്‍ കൊടുത്തു. ഇതെല്ലാം ദിലീപിലെ ക്രിമിനല്‍ സ്വഭാവമാണ് വ്യക്തമാക്കുന്നത്.
കേസില്‍ ജാമ്യം കിട്ടിയെങ്കിലും ദിലീപിന് കാര്യങ്ങള്‍ എളുപ്പമല്ല. സഹോദരനെയും സഹോദരി ഭര്‍ത്താവിനെയുമെല്ലാം പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന് പിന്നീട് വ്യക്തമാക്കി. കോടതിക്ക് അത് പോലും സംരക്ഷിക്കാന്‍ സാധിച്ചില്ല എന്നതാണ് വാസ്തവം. ഇന്ത്യയില്‍ തന്നെ ആദ്യമായി കേള്‍ക്കുന്ന കാര്യമാണിത്. ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അടക്കം പരാതി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗം അത് അന്വേഷിക്കുന്നുണ്ട്. ഇതേ കേസിലെ വഴിത്തിരിവാണ്. കേസില്‍ നടി കക്ഷി ചേര്‍ന്നിട്ടുണ്ട്. ചോര്‍ന്ന ദൃശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ആദ്യം തൊട്ട് അന്വേഷണം നടക്കേണ്ടി വരും. ആ കുട്ടിക്ക് നീതി കിട്ടാന്‍ മലയാളികളായ ഓരോ സ്ത്രീയും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
2017 ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയത്. ദിലീപിന്റെ നിർദേശപ്രകാരമാണ് ഇത് ചെയ്‌തതെന്ന് ഒന്നാംപ്രതി സുനിൽകുമാർ (പൾസർ സുനി) പൊലീസിന് നൽകിയ മൊഴികളും തെളിവുകളുമാണ് കേസിൽ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട് അഞ്ചുവർഷമാകുന്ന വേളയിലാണ് ദിലീപ് ഇപ്പോൾ വീണ്ടും പൊലീസിന്റെ മുന്നിലെത്തുന്നത്. 14 പ്രതികളുള്ള കേസിന്റെ വിചാരണ തുടരുകയാണ്.