കര്‍ണാടകയില്‍ ഹൈന്ദവ പഠന ശാലകളും മദ്രസകളും നിരോധിക്കണം! എല്ലാവരുടെ ഉള്ളിലും മതമെന്നത് വലിയ വിഷയമായി കിടക്കുന്നുണ്ട്… ശാസ്ത്ര ബോധം, പരിഷ്തരണ ബോധം, അന്വേഷണ ത്വര എന്നിവയാണ് കുട്ടികളില്‍ വളര്‍ത്തേണ്ടത്; ജസ്ല മാടശേരി

കര്‍ണാടകയില്‍ ഹിജാബ് വിവാദം രൂക്ഷമാവുകയാണ്. ഇതിന് പിന്നാലെ ഈ വിഷയത്തിൽ പ്രതികരണവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശേരി. കര്‍ണാടകയില്‍ നടക്കുന്നത് ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്. അത് അംഗീകരിക്കാന്‍ കഴിയില്ല. അതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങള്‍ വ്യക്തമാണ്. അതേസമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മനസ്സില്‍ മതചിന്തകള്‍ കുത്തിവെച്ച് പരുവപ്പെടുത്തുന്നതിനോട് തീര്‍ത്തും വിയോജിക്കുന്നെന്നും ജസ്ല മാടശേരി ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.

ജസ്ലയുടെ വാക്കുകളിലേക്ക്

കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ച് കൊണ്ടല്ല ഇത്തരത്തിലുള്ള ഒരു നിരോധനവും നടപ്പാക്കേണ്ടത്. നിരോധിക്കുകയാണെങ്കില്‍ എല്ലാ സ്‌കൂളുകളില്‍ നിന്നും എല്ലാ മതത്തിന്റെ ആചാരങ്ങളും അനാചാരങ്ങളും നിരോധിക്കുകയാണ്. കുട്ടികളെ സംബന്ധിച്ച് മതം എന്നു പറയുന്നത് ഒരാളുടെയും തെരഞ്ഞെടുപ്പല്ല. നമ്മള്‍ ജനിച്ചു വീഴുന്നത് മുതല്‍ നമ്മുടെ തലയിലേക്ക് ആരോ കുത്തിവെച്ച് തരുന്നതാണ്. കുട്ടികള്‍ അതിന്റെ ഇര മാത്രമാണ്

മതചിഹ്നങ്ങള്‍ ധരിച്ച് സമൂഹത്തിലിറങ്ങുന്നതിനോട് തനിക്ക് വ്യക്തപരമായി യോജിപ്പില്ലെന്നും ജസ്ല മാടശേരി പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികള്‍ ഹിജാബ് ധരിച്ച് വരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരു തരത്തിലുള്ള മത ചിഹ്നങ്ങളും അണിഞ്ഞ്് നടക്കുന്നവരോട് യാതൊരു യോജിപ്പുമില്ലാത്തയാളാണ് ഞാന്‍. ബുര്‍ഖ പോലുള്ള വസ്ത്രങ്ങളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്. ഒരാളുടെ മുഖം ഒരാളുടെ ഐഡന്റിറ്റിയാണ്. ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് ഏറ്റവും വലിയ വൃത്തികേടാണ്. എന്ന് മാത്രമല്ല ഞാന്‍ നാളെ പുറത്തിറങ്ങുമ്പോള്‍ എന്റെയടുത്ത് ഇത്തരത്തില്‍ വന്നിരിക്കുന്നത് ഗോവിന്ദചാമിയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വസ്ത്രം സമൂഹത്തില്‍ ഒരുപാട് കണ്ട് വരുന്നുണ്ട്, ജസ്ല മാടശേരി പറഞ്ഞു.

കുട്ടികളില്‍ കുഞ്ഞുനാള്‍ മുതല്‍ കുത്തി നിറയ്ക്കുന്നത് നിര്‍ത്തണം. കര്‍ണാടകയില്‍ ഹൈന്ദവ പഠന ശാലകളും മദ്രസകളും നിരോധിക്കണം. എല്ലാവരുടെ ഉള്ളിലും മതമെന്നത് വലിയ വിഷയമായി കിടക്കുന്നുണ്ട്. ശാസ്ത്ര ബോധം, പരിഷ്തരണ ബോധം, അന്വേഷണ ത്വര എന്നിവയാണ് ചെറുപ്പം മുതല്‍ കുട്ടികളില്‍ വളര്‍ത്തേണ്ടതെന്നും ജസ്ല മാടശേരി പറഞ്ഞു.

Noora T Noora T :