ശരത്തും ദിലീപും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വലിയൊരു ഗ്യാങ്ങാണ്, ശരത്തും സംഘവും തന്നെ കള്ളക്കേസില്‍ കുരുക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു; നടുക്കുന്ന വെളിപ്പെടുത്തൽ! ബാലചന്ദ്രകുമാറിന് പിന്നാലെ നിർമ്മാതാവ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത് നിരവധി വാർത്തകളാണ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രോസിക്യൂഷൻ രേഖാമൂലം നൽകിയ വാദങ്ങൾക്ക് ദിലീപ് ഇന്ന് മറുപടി നൽകുകയാണ്. അതിനിടയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കേസില്‍ പ്രതികളായ ദിലീപും ശരത്തുമുള്‍പ്പെടെയുള്ളവര്‍ തനിക്കെതിരെയും ഗൂഡാലോചന നടത്തിയെന്ന് വ്യവസായിയും നിര്‍മാതാവുമായ സലീം വെളിപ്പെടുത്തുകയാണ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസിലെ പ്രതികള്‍ സലീമിന്റെ ആരോപണത്തിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. ശരത്തും ദിലീപും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വലിയൊരു ഗ്യാങ്ങാണെന്നാണ് സലീം പറയുന്നത്. സ്റ്റേഷനില്‍ വരുന്ന കേസുകള്‍ ഒത്തുതീര്‍ത്ത് വലിയ തുക വാങ്ങുന്നവരാണിവരെന്ന് അന്ന് തനിക്ക് മനസ്സിലായെന്നും സലീം പറഞ്ഞു. ശരത്തും സംഘവും തന്നെ കള്ളക്കേസില്‍ കുരുക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു.

ഇതിനെതിരെ പരാതി നല്‍കിയപ്പോള്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ദിലീപാണെന്നും സലീം പറഞ്ഞു. ആലുവ കേന്ദ്രീകരിച്ച് ദിലീപിന് വലിയ ഗുണ്ടാ സംഘമുണ്ടെന്നും ഇദ്ദേഹം പറയുന്നു. വിദേശ ജോലിയുമായി ബന്ധപ്പെട്ട് സലീം 2018 ല്‍ കേസിലകപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ഖത്തറിലെ സ്ഥാപനത്തിലെ മാനേജരായ ആലുവ ചെമ്മനങ്ങാട് സ്വദേശി സജീവന്‍ ജോലി വാഗ്ദാനം ചെയ്ത് ആലുവയില്‍ നിന്നുള്ള ഒരു യുവതിയെ ഖത്തറിലെത്തിച്ചു. എന്നാല്‍ പറഞ്ഞ ശമ്പളമില്ലെന്ന് പറഞ്ഞ് യുവതി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഇതോടെ സലീമിനെ പ്രതിയാക്കി യുവതിയുടെ ബന്ധുക്കള്‍ മനുഷ്യക്കടത്തിന് പരാതി നല്‍കി.

എന്നാല്‍ സലീം ഇതൊന്നുമറിഞ്ഞിരുന്നില്ല. സിനിമയുടെ പൂജയ്ക്ക് നാട്ടിലെത്തിയ സലീമിനെ ആലുവ പൊലീസ് ക്‌സറ്റഡിയിലെടുത്തു. ഈ കേസില്‍ സലീമിനെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടാനായിരുന്നു ശരത്തിന്റെ ശ്രമമെന്ന് സലീം പറയുന്നു. ആലുവ പൊലീസ് സ്റ്റേഷനിലേക്ക് വന്ന മുന്‍പരിചയമില്ലാത്ത ശരത് തന്നെ പുറത്തിറക്കാമെന്ന് ഉറപ്പു നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇടപെട്ട് പുറത്തിറക്കാമെന്നായിരുന്നു വാഗ്ദാനം. അഞ്ച് കോടി നല്‍കിയിരുന്നെങ്കില്‍ ദിലീപ് അകത്ത് കിടക്കില്ലായിരുന്നെന്നും ശരത് ഉദാഹരണമായി സലീമിനോട് പറഞ്ഞു. 50 രൂപ നല്‍കണമെന്നാണ് ശരത്ത് സലീമിനോട് ആവശ്യപ്പെട്ടത്. 50000 രൂപയായിരിക്കും ഉദ്ദേശിച്ചത് എന്ന് കരുതി സുഹൃത്ത് വഴി 50000 രൂപ ശരത്തിനെത്തിച്ചു.

എന്നാല്‍ 50 ലക്ഷം രൂപയാണ് തനിക്ക് വേണ്ടതെന്ന് ശരത്ത് പറഞ്ഞു. ഇത് നല്‍കാന്‍ പറ്റില്ലെന്ന് സലീം പറഞ്ഞു. പിറ്റേദിവസം സലീമിന് ഒരു ലക്ഷം രൂപ ബോണ്ടില്‍ ആലുവ മജിസ് ട്രേറ്റ് കോടതിയില്‍ വെച്ച് ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ ഈ സംഭവത്തില്‍ അന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും സലീം പരാതി നല്‍കി. ശരത് ബൈജു ചെമ്മനങ്ങാട്, അന്നത്തെ പൊലീസുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു കേസ്. ശരത്തിനെതിരെ കേസ് വന്നതോടെയാണ് ദിലീപ് രംഗത്തെത്തുന്നത്. ദിലീപിന് തന്നോട് അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും ശരത്തിനെ കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് തന്നെ നിരന്തരം സമീപിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ദിലീപും സലീമുമായി ഫോണിലൂടെ വലിയ വാക്ക് തര്‍ക്കമുണ്ടായെന്നും സലീം പറഞ്ഞു. ഇതിനിടെയാണ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവകവരുത്തുമെന്ന കാര്യം ദിലീപ് സലീമിനോട് പറഞ്ഞത്. ‘നീ വലിയ കളിയൊന്നും കളിക്കേണ്ട. വലിയ ആളാവാന്‍ നോക്കണ്ട. എന്നെ കേസില്‍ കുടുക്കിയ എവി ജോര്‍ജ്, സന്ധ്യ മാഡം എന്നിവര്‍ക്ക് വേണ്ടി രണ്ട് പ്ലോട്ടുകള്‍ മാറ്റിവെച്ചിട്ടുണ്ട്,’ എന്നായിരുന്നു ദിലീപ് അന്ന് പറഞ്ഞത്.

Noora T Noora T :