നടിയെ ആക്രമിച്ച കേസിൽ വിഐപി ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച് വ്യക്തമായ ധാരണ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെങ്കിലും മാഡം എന്ന വ്യക്തിയെക്കുറിച്ച് ഇപ്പോഴും തുമ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ആരാണ് മാഡം എന്നോ ഇവരുടെ തൊഴിലിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ഇല്ല. എന്നാൽ ദിലീപിനോട് അടുത്ത് നിൽക്കുന്ന സിനിമാ മേഖലയിൽ നിന്നുള്ളവരാണ് മാഡമെന്നാണ് ബാലചന്ദ്ര കുമാർ നൽകുന്ന സൂചന.
അവരെ സംരക്ഷിക്കാൻ ശ്രമിച്ച് താൻ അകത്തായി എന്ന തരത്തിൽ ദിലീപ് സംസാരിക്കുന്ന ഓഡിയോയും ബാലചന്ദ്ര കുമാർ പുറത്തുവിട്ടിരുന്നു. ഈ ഓഡിയോയിൽ പറയുന്നവരാണ് മാഡമെന്നാണ് സൂചന. പക്ഷേ ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. എന്ത് വന്നാലും മാഡത്തെ ഒറ്റിക്കൊടുക്കാൻ ദിലീപ് തയ്യാറാവില്ലെന്ന സൂചനയും ഓഡിയോ നൽകുന്നുണ്ട്. മാഡം ആരാണെന്നുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം
ദിലീപടക്കം വധഗൂഢാലോചനക്കേസിലെ നാല് പ്രതികൾ ഉപയോഗിച്ചിരുന്ന ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ ‘മാഡ’ത്തിന്റെ വിളികളും തെളിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച്. ഫോൺ തിരിമറിക്ക് പിന്നിൽ നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നെന്നാണ് നിഗമനം.
ഗൂഢാലോചന നടന്ന ദിവസം ദിലീപിന്റെ വീട്ടിലെത്തിയ സിനിമാ നടിയെ വീട്ടിലെത്തി ചോദ്യം ചെയ്യും. ദിലീപ് ജയിലിൽ കഴിയവേ സന്ദർശിച്ചവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഒരു നടനൊപ്പം തിരുവനന്തപുരം വിതുര സ്വദേശിയായ രാഷ്ട്രീയ നേതാവ് ദിലീപിനെ സന്ദർശിച്ചെന്നും ഇയാളുമായി ദിലീപ് പണമിടപാട് കാര്യങ്ങൾ സംസാരിച്ചെന്നും ഈസമയം സ്ഥലത്തുണ്ടായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.
ഈ കേസില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മാഡം എന്ന വ്യക്തി ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ജയിലില്‍ പോകരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്