നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പ്രതികൾ ഉപയോഗിച്ച ഫോണുകൾ നാളെ കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതിയായ ദിലീപിന്റെ ഉൾപ്പെടെ നാല് ഫോണുൾപ്പെടെ ആറ് ഫോണുകൾ ഹാജരാക്കാൻ നേരത്തെ ഹൈക്കോടതി പ്രതികളോട് ആവശ്യപ്പെട്ടിരുന്നു. ദിലീപ് മുംബൈയിൽ പരിശോനയ്ക്കായി അയച്ച രണ്ട് ഫോണുകൾ ഇന്ന് വൈകീട്ട് തിരികെ ലഭിക്കുമെന്നാണ് കരുതുന്നത്. നാല് ഫോണുകൾ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്ന് നേരത്തെ പ്രതിഭാഗം വ്യക്തമാക്കിയിരുന്നു.
നാളെ രാവിലെ അഭിഭാഷകർ ഫോൺ കോടതിയിൽ ഹാജരാക്കും. നാല് ഫോണുകളില്‍ രണ്ടെണ്ണം സഹോദരന്‍ അനൂപിന്‍റെയും ഒന്ന് ബന്ധു അപ്പുവിന്‍റേതുമാണ്. ഈ ഫോണുകള്‍ കേരളത്തില്‍ തന്നെയുണ്ട്. മുംബൈയിലുള്ള രണ്ട് ഫോണുകളാണ് ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തുന്നത്. നാളെ രാവിലെ 10.15നു മുന്‍പായി ഫോണുകള്‍ കോടതിയിലെത്തിക്കണം. ഫോണുകള്‍ എവിടെയാണ് പരിശോധന നടത്തേണ്ടതെന്ന് കോടതി തീരുമാനിക്കും. പരിശോധനാ റിപ്പോര്‍ട്ട് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകുന്ന ഗൂഢാലോചന കേസില്‍ ഫോണുകളില്ലാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകില്ലെന്ന പ്രോസിക്യൂഷന്‍ നിലപാടാണ് ദിലീപിന് തിരിച്ചടിയായത്. സർക്കാരിന്റെ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിൽ വിശ്വാസമില്ലെന്നും അതിൽ സ്വാധീനം ഉണ്ടാകുമെന്നുമായിരുന്നു ദിലീപിന്‍റെ വാദം. തന്നെ പൊലീസും മാധ്യമങ്ങളും വേട്ടയാടുകയാണെന്നും കോടതി ദയ കാണിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ തെളിവായ ഫോൺ കൊടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വിവിധ കോടതികൾ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഏജൻസികൾ, അംഗീകൃത ഏജൻസികൾ എന്നിവ വഴിയേ ഫോൺ പരിശോധിക്കാൻ കഴിയൂ എന്ന് കോടതി പറഞ്ഞു. സ്വന്തം നിലയിൽ ഫോൺ പരിശോധിക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തു.
അതേസമയം മൊബൈൽ ഫോണുകൾ അന്വേഷണസംഘം മുമ്പാകെ ഹാജരാക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് ഉന്നയിച്ച കാരണങ്ങൾ കള്ളത്തരമാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്റെ കൈവശമുണ്ടായിരുന്ന പഴയ ഫോണുകൾ നശിപ്പിച്ച കളഞ്ഞതിന് താൻ ദൃക്‌സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു .