ദിലീപ് ഒറ്റയ്ക്കായി, അവസാനം എത്തിയ സംവിധായകനും… ശബ്ദം തിരിച്ചറിഞ്ഞു! ചോദ്യം ചെയ്യല്‍ അവസാന ഘട്ടത്തിലേക്ക്

അന്വേഷണ ഉദ്യോ​ഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപ് ഉൾപ്പെടെ പ്രതികളുടെ ചോദ്യം ചെയ്യലിനിടെ തന്നെ വിളിച്ചു വരുത്തിയത് പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാൻ വേണ്ടിയാണെന്ന് സംവിധായകനും തിരക്കഥാകൃ‌ത്തുമായ വ്യാസൻ എടവനക്കാട്

ദിലീപടക്കം എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു. വർഷങ്ങളായി അടുപ്പം ഉള്ളവരാണ് എല്ലാവരുമെന്ന് വ്യാസൻ എടവനക്കാട് പറഞ്ഞു. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്നാണ് ദിലീപിന്റെ ശബ്ദം വ്യാസൻ തിരിച്ചറിഞ്ഞത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ ഇന്നലെ സംവിധായകൻ റാഫിയെ വിളിച്ചുവരുത്തിയതും ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാന്‍ ആയിരുന്നു. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്‍റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിരുന്നു. എസ്പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേൾപ്പിച്ചിരുന്നു. ഇവരുടെ ശബ്ദം തന്നെയാണോ ഇതിലുള്ളതെന്നും ആരാഞ്ഞു. ഇതിനുശേഷമാണ് തിരിച്ചറിയാൻ അതുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്

അതേസമയം നടിയെ ആക്രമിച്ച കേസിലെ ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധനാഫലങ്ങൾ ലഭിച്ചു. അടുത്തിടെ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളാണ് പരിശോധനയ്‌ക്ക് അയച്ചു കൊടുത്തത്. കൂടുതൽ റിപ്പോർട്ടുകൾ ഇനിയും വരാനുണ്ടെന്നാണ് എഡിജിപി ശ്രീജിത്ത് പറഞ്ഞത്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെയും കൂട്ടുപ്രതികളെയും ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും തുടരുകയാണ്. പരിശോധനാഫലങ്ങൾ ലഭിച്ച സാഹചര്യത്തിൽ ചോദ്യം ചെയ്യൽ കടുപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന്റെ ഭാഗമായി കൂടുതൽ പേരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അന്വേഷണസംഘം വിളിച്ചു വരുത്തുന്നുണ്ട്.
ഇന്ന് രാത്രി എട്ട് മണിവരെയാണ് ദിലീപിനെ ചോദ്യം ചെയ്യാനുള്ള അനുമതി കോടതി നൽകിയിരിക്കുന്നത്. അതേസമയം, ദിലീപിനെ കസ്റ്റഡിയിൽ വാങ്ങുന്ന കാര്യത്തിൽ വൈകിട്ടോടു കൂടി അന്തിമ തീരുമാനമെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

അതിനിടെ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കാൻ ഹൈക്കോടതി സമയം നീട്ടിനൽകിയിരിക്കുകയാണ്. 10 ദിവസം ആണ് കൂടുതൽ അനുവദിച്ചത്. പുതിയ സാക്ഷികളുടെ വിസ്താരത്തിന് കൂടുതൽ ദിവസം അനുവദിക്കണമെന്ന സർക്കാർ അപേക്ഷയിലാണ് നടപടി. അഞ്ച് സാക്ഷികളിൽ മൂന്ന് പേരുടെ വിസ്താരം പൂർത്തിയാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പുതിയ അഞ്ചു സാക്ഷികളെ പത്തുദിവസത്തിനുളളിൽ വിസ്തരിക്കണമെന്നായിരുന്നു കഴിഞ്ഞയാഴ്ചത്തെ കോടതി ഉത്തരവ്. എന്നാൽ ഇതിൽ ചില സാക്ഷികൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അതിനാൽ കൂടുതൽ സമയം വേണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്.

Noora T Noora T :