നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. 22 മണിക്കൂർ ചോദ്യം ചെയ്യൽ പൂർത്തിയായപ്പോൾ സാമ്പത്തിക ഇടപാടുകളടക്കം കേസിൽ വഴിത്തിരിവാകുന്ന സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന.
മൊഴികളിലെ വൈരുദ്ധ്യം തുടരുന്നതിനാൽ ഇന്നത്തെ 11 മണിക്കൂർ ചോദ്യം ചെയ്യൽ നിർണായകം. ചോദ്യം ചെയ്യൽ ഇന്ന് അവസാനിക്കും. ഡിജിറ്റൽ തെളിവുകൾ പ്രതികളെ കേൾപ്പിക്കുകയും കാണിക്കുകയും ചെയ്തു. ഇന്നലെ വിളിച്ചു വരുത്തിയ രണ്ട് സംവിധായകർ ഉൾപ്പെടെയുള്ളവരുടെ മൊഴിയും നിർണായകമാകും. തെളിവുകൾ സീൽവച്ച കവറിൽ 27ന് കോടതിയിൽ സമർപ്പിക്കും. ചോദ്യം ചെയ്യലിന്‍റെ അവസാന ദിവസമായ ഇന്ന് പരാതിക്കാരനായ സംവിധായകൻ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നുവെങ്കിലും ഒഴിവാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്‍റെ ആവശ്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ദിലീപിനെയും സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ഉച്ചവരെ ഒന്നിച്ചിരുത്തിയാണ് എസ്.പി മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. ഉത്തരങ്ങളിൽ പെരുത്തക്കേടുണ്ടായിരുന്നു. വ്യക്തത വരുത്താൻ ഉച്ചയ്ക്കുശേഷം പ്രത്യേകം ചോദ്യം ചെയ്തു. ദിലീപിനെയാണ് കൂടുതൽ സമയം ചോദ്യം ചെയ്തത്. സുഹൃത്ത് ബൈജു ചെങ്ങമനാടും മാനേജർ അപ്പുവും മൊഴി പഠിച്ചുപറയുന്നതു പോലെയാണ് തോന്നിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളിലൊരാൾ വധഗൂഢാലോചന സ്ഥിരീകരിച്ചതായി പറയുന്നുണ്ടെങ്കിലും വ്യക്തത ലഭിച്ചിട്ടില്ല.
നാളെ റിപ്പബ്ലിക് ദിനമായതിനാല്‍ ഹൈക്കോടതി അവധിയാണ്. കേസിന്‍റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്‍റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപകേഷയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുക. ഗൂഡാലോചനയിൽ കഴമ്പുണ്ടെന്ന് കണ്ടാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി വിധി പുറപ്പെടുവിക്കും.
അതേസമയം ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന പിക് പോക്കറ്റ് സിനിമയിൽ നിന്ന് പിൻമാറുന്നതായി തന്നെ അറിയിച്ചത് ബാലചന്ദ്രകുമാർ തന്നെയാണെന്ന് സംവിധായകൻ റാഫി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകിയതിന് ശേഷമായിരുന്നു റാഫിയുടെ പ്രതികരണം. ദിലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാർ പറഞ്ഞിട്ടില്ല. പക്ഷേ പിക് പോക്കറ്റ് സിനിമ നീണ്ട് പോകുന്നതിൽ ബാലചന്ദ്രകുമാറിന് വിഷമം ഉണ്ടായിരുന്നുവെന്നും റാഫി പറഞ്ഞു. എന്തു കൊണ്ടാണ് സിനിമയിൽ നിന്നും പിൻമാറിയതെന്നതിനെകുറിച്ച് അറിയില്ല. പിൻമാറിയെന്ന് മാത്രമാണ് തന്നെ വിളിച്ചറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പിക് പോക്കറ്റ് സിനിമയിൽ നിന്ന് പിൻമാറിയത് താനായിരുന്നുവെന്ന ദിലീപിന്‍റെ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് റാഫിയുടെ വെളിപ്പെടുത്തൽ. ജയിലിൽ നിന്നിറങ്ങിയ ശേഷം പോക്കറ്റടിക്കാരന്‍റെ റോൾ ചെയ്യുന്നത് തനിക്ക് ദോഷം ചെയ്യുമെന്ന് ബാലചന്ദ്രകുമാറിനെ അറിയിച്ചിരുന്നുവെന്നും ഇതിനെറെ ദേഷ്യത്തിലാണ് ബാലചന്ദ്രകുമാർ കള്ളപരാതി നൽകിയത് എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.
അതിനിടെ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കാര്യങ്ങളെല്ലാം സുനിൽ കുമാർ തുറന്ന് പറയമെന്ന് സുനിൽ കുമാറിൻ്റെ അമ്മ വ്യക്തമാക്കി. സുനിൽ കുമാറിനെ ജയിലിൽ കണ്ട ശേഷമായിരുന്നു ശോഭനയുടെ പ്രതികരണം. നടന്ന സംഭവങ്ങൾ പുറം ലോകത്തോട് പറയുമെന്ന് സുനിൽ കുമാർ പറഞ്ഞു. ചെയ്ത് പോയതിൽ സുനിലിന് കുറ്റ ബോധമുണ്ട്. ദിലീപിന്‍റെ വാക്കില്‍ താന്‍ പെട്ട് പോയി എന്നാണ് സുനിൽ കുമാർ പറഞ്ഞതെന്നും ശോഭന കൂട്ടിച്ചേര്‍ത്തിരുന്നു.
പുതിയ സാക്ഷി ദിലീപിന്റെ വീട്ടിലെ മുൻ ജോലിക്കാരനായ ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസന്റെ മൊഴിയും രേഖപ്പെടുത്തി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണത്തെക്കുറിച്ചായിരുന്നു മൊഴി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് ബലം നൽകുന്നതാണ് ഈ വിവരമെന്നാണ് സൂചന.