സ്വവര്‍ഗാനുരാഗി ആയതിനാല്‍ ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും രാജിവെക്കേണ്ടി വന്ന പട്ടാളക്കാരന്റെ ജീവിതം കഥയാക്കിയ സിനിമക്ക് അനുമതി നിഷേധിച്ച് പ്രതിരോധ മന്ത്രാലയം.
ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ തസ്തികയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ജീവിതമായിരുന്നു സിനിമയാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തിരക്കഥ വിശദമായി പഠിച്ചെന്നും അനുമതി നല്‍കാനാകില്ല എന്നുമാണ് പ്രതിരോധ മന്ത്രാലയം ഒനിറിന് അയച്ച മറുപടി.ദേശീയ അവാര്‍ഡ് ജേതാവ് ഒനിറിന്റെ പുതിയ ചിത്രത്തിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ആര്‍മിയെ പ്രമേയമാക്കിയോ കഥാപരിസരമായോ വരുന്ന സിനിമകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുമ്പ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും അനുമതി നേടിയിരിക്കണം എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഒനിര്‍ തിരക്കഥ പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.
2020ല്‍ ആയിരുന്നു ഈ നിയമം വന്നത്. കഴിഞ്ഞ ഡിസംബര്‍ 19ന് ആയിരുന്നു ഒനിര്‍ തിരക്കഥ മെയില്‍ അയച്ചത്. ജനുവരി 19ന് ആണ് തിരക്കഥക്ക് അനുമതി നിഷേധിച്ചു കൊണ്ട് മറുപടി വന്നത്. ഇതിനെതിരെ പ്രതികരിച്ച് ഒനിര്‍ രംഗത്തെത്തി.
”സ്വാതന്ത്ര്യം നേടി 75 വര്‍ഷവും സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍ കുറ്റമല്ലാതാക്കിയിട്ട് മൂന്ന് വര്‍ഷവും പിന്നിട്ടും ഇവിടെ മനുഷ്യരെ തുല്യതയോടെ പരിഗണിക്കുന്ന കാര്യത്തില്‍ നമ്മള്‍ ബഹുദൂരം പിന്നിലാണ്. ലോകത്തെ 56 രാജ്യങ്ങള്‍ എല്‍ജിബിടിക്യു അംഗങ്ങളെ ആര്‍മിയില്‍ സ്വീകരിക്കുന്നുണ്ട്.”
”എന്നാല്‍ ഇന്ത്യന്‍ ആര്‍മിക്ക് മാത്രം ഇത് ഇപ്പോഴും നിയമവിരുദ്ധമായി തുടരുകയാണ്” എന്നാണ് ഒനിര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ സേനയോട് എന്നും ബഹുമാനവും സ്നേഹവും മാത്രമേയുള്ളുവെന്നും സേനയില്‍ സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ വിവേചനം പാടില്ലെന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഒനിര്‍ വ്യക്തമാക്കി.