കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം അവസാനഘട്ടത്തിൽ എത്തിനിൽക്കവെയായിരുന്നു സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. ദിവസം തോറും പുതിയ വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ബലാത്സംഗത്തെ കുറിച്ച് ക്ലാസ് എടുത്തതായും അതില്‍ എന്താണ് കരാര്‍ ബലാത്സംഗം എന്നു കാണിക്കാന്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതായും സംവിധായകന്‍ ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം പോലീസ് നടത്തിയ തുടര്‍ നടപടികളെക്കുറിച്ച് ചോദിച്ച് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കേസില്‍ പോലീസിനോട് പത്ത് ചോദ്യങ്ങൾ ചോദിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത്
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയായിരുന്നു
ദിലീപ് കേസില്‍ കേരളാ പൊലീസിനോട് 10 ചോദ്യങ്ങള്‍
എത്ര ഭീതിദമായ കാര്യമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത് എന്നു നോക്കൂ. ഇക്കഴിഞ്ഞ ജനുവരി 15ന് ഞാന്‍ കൂടി പങ്കെടുത്ത ഒരു ചര്‍ച്ചയില്‍ അദ്ദേഹം പറയുന്നത് അന്നുരാവിലെ അദ്ദേഹത്തിനു ലഭിച്ച ഒരു ഫോണ്‍ കോളിനെ കുറിച്ചാണ്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ബലാത്സംഗത്തെ കുറിച്ച് ക്ലാസ് എടുത്തത്രേ. അതില്‍ എന്താണ് കരാര്‍ ബലാത്സംഗം എന്നു കാണിക്കാന്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്രേ.
[1] സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലോ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലോ ബലാത്സംഗത്തെ കുറിച്ച് വിശദീകരിക്കാന്‍ വിഡിയോ പ്രദര്‍ശനം നടത്താറുണ്ടോ?
[2] ഹോസ്റ്റലില്‍ വിഡിയോ പ്രദര്‍ശിപ്പിച്ചതിനു കാരണം എന്താണ്?
[3] നടി ആക്രമിക്കപ്പെട്ട വിഡിയോ അവര്‍ക്ക് എങ്ങനെ കിട്ടി?
[4] ആരൊക്കെയാണ് വിഡിയോ പ്രദര്‍ശിപ്പിച്ചത്? ആരൊക്കെ അത് കണ്ടു?
[5] എന്നാണ് വിഡിയോ പ്രദര്‍ശിപ്പിച്ചത്?
[6] വിഡിയോ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത് ആരാണ്?
[7] ആരാണ് ബാലചന്ദ്രകുമാറിനോട് ഇത് പറഞ്ഞ വ്യക്തി?
[8] അദ്ദേഹത്തിന് ഇതുമായി ബന്ധമെന്താണ്?
[9] അദ്ദേഹം എന്തുകൊണ്ട് ഇത് പൊലീസിനെ അറിയിക്കാതെ ബാലചന്ദ്രകുമാറിനെ അറിയിച്ചു?
[10] പൊലീസിന് തന്റെ നമ്ബര്‍ കൊടുത്തോളൂ എന്നാവശ്യപ്പെട്ട അദ്ദേഹം എന്തുകൊണ്ട് നേരിട്ട് ഈ വിവരം പൊലീസിനെ ധരിപ്പിക്കാന്‍ തയ്യാറായില്ല?
ഇതൊക്കെയും പൊലീസ് അന്വേഷിക്കേണ്ടതല്ലേ? സര്‍ക്കാര്‍ സംവിധാനത്തില്‍ സംഭവിച്ച കാര്യമെന്ന് ദിലീപ് കേസിലെ സുപ്രധാന സാക്ഷി പരസ്യമായി പറഞ്ഞ കാര്യമാണ്. ബാലചന്ദ്രകുമാറിന് ലഭിച്ച കോളുകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തെ വിളിച്ച ആളിന്റെ നമ്ബര്‍ കിട്ടും. ആളിനെ ചോദ്യം ചെയ്യണം. അത് പൊലീസ് ചെയ്യുന്നുണ്ടോ? എന്നാണ് ശ്രീജിത്ത് ഫേസ്ബുക്കിലൂടെ ചോദിക്കുന്നത്