ദിലീപിനെ എ എം എം എ യിൽ നിന്നും പുറത്താക്കാതെ എന്തു സഹതാപ പോസ്റ്റിട്ടിട്ടും കാര്യമില്ല; പരിഹാസവുമായി എൻ എസ് മാധവൻ

ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള തന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്ന് വ്യക്തമാക്കി ആക്രമിക്കപ്പെട്ട നടി തിങ്കളാഴ്‌ച ഒരു പോസ്റ്റിട്ടിരുന്നു.

നടിയെ പിന്തുണച്ച് സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, പൂർണിമ ഇന്ദ്രജിത്ത്, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സയനോര തുടങ്ങിയ താരങ്ങളെല്ലാം പിന്തുണ അറിയിച്ചു.

ഇപ്പോഴിതാ സൂപ്പർതാരങ്ങളുടെ പിന്തുണയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ.

ദിലീപിനെ എ എം എം എ യിൽ നിന്നും പുറത്താക്കാതെ എന്തു സഹതാപ പോസ്റ്റിട്ടിട്ടും കാര്യമില്ലെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്.

നടി പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശ്ശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍.

ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.

Noora T Noora T :