ആ കാര്യത്തിൽ ഭയമുണ്ട്, കേസ് അട്ടിമറിയ്ക്കും? ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി! കേസിൽ വൻ നീക്കം..മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസും അതിനെ തടുർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് ആക്രമണത്തിനെ അതിജീവിച്ച നടി.

കേസില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതും സംവിധായകന്റെ ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലും ആശങ്കയുണ്ടാക്കുന്നതാണെന്നും കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് കത്തില്‍ പറയുന്നത്. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് തന്നില്‍ ഭയമുണ്ടാക്കുന്നുണ്ടെന്നും കത്തില്‍ നടി പറയുന്നതായാണ് ചാനൽ പറയുന്നത്

കോടതി പക്ഷപാതപരമായാണ് ഇടപെടുന്നതെന്ന ആശങ്ക നേരത്തെ തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണമെന്ന് കത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്കുള്‍പ്പെടെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആക്രമിക്കപ്പെട്ട നടി. നേരത്തെ കേസില്‍ തുടരന്വേഷണം വേണമെന്നും വിചാരണ നിര്‍ത്തിവെയ്ക്കണമെന്നുമാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ഹരജി ജനുവരി നാലിന് കോടതി വീണ്ടും പരിഗണിക്കും.

കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. അഡ്വക്കേറ്റ് വി.എന്‍. അനില്‍ കുമാറാണ് രാജിവെച്ചത്. വിചാരണ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു രാജി. വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാക്ഷിപട്ടിക പൂര്‍ണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനര്‍വിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു.

ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടര്‍ രാജിവെക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി ദിലീപ് രംഗത്ത് എത്തിയിരുന്നു. ആരെന്ത് പറഞ്ഞാലും തനിക്കൊന്നും പറയാനാവാത്ത അവസ്ഥയാണുള്ളത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ മാധ്യമങ്ങളെ കാണുന്നതെന്നും അതിനപ്പുറം ഒന്നും പറയാനാവില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

നടിയെ ആക്രമിച്ച കേസില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയ ‘വിഐപി’ യെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിഐപിയുടെ ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണം ദിലീപിന്റെ സുഹൃത്തുക്കളായ രാഷ്ട്രീയ നേതാക്കളിലേക്കും നീങ്ങുകയാണെന്നാണ് സൂചന. ഇതിനായി രഹസ്യാന്വേഷണ വിഭാഗം ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.

Noora T Noora T :