വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു പ്രതികള്‍ക്ക് നോട്ടീസ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചു. കേസില്‍ വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രോസിക്യൂഷന്റെ ചില ആവശ്യങ്ങള്‍ വിചാരണ കോടതി തള്ളിയതിനെതിരേയുള്ള ഹര്‍ജികളാണ് ചൊവ്വാഴ്ച ഫയലില്‍ സ്വീകരിച്ചത്. ഹര്‍ജിയില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് പ്രത്യേക ദൂതന്‍വഴി ഹൈക്കോടതി നോട്ടീസ് അയച്ചു. ജനുവരി ആറിന് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.

പ്രതികളുടെ ഫോണ്‍വിളികളുടെ യഥാര്‍ഥ രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യവും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും വിചാരണക്കോടതി തള്ളിയതിനെതിരേയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ വിചാരണ കോടതി ഈ ആവശ്യം പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല. ഇതിനെതിരേയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 16 പേരുടെ പട്ടികയില്‍ ഏഴുപേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരില്‍നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികളുടെ ഫോണ്‍ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ടെലിഫോണ്‍ കമ്പനികള്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു. തുടര്‍ന്ന് യഥാര്‍ഥരേഖകള്‍ വിളിച്ചുവരുത്താന്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ നവംബര്‍ 16-ന് അപേക്ഷ നല്‍കി. വിചാരണക്കോടതി ഡിസംബര്‍ 21-ന് അപേക്ഷ തള്ളി.

പ്രോസിക്യൂഷന്റെ നിര്‍ണായകവാദത്തെ അപ്രസക്തമാക്കുന്ന നടപടിയാണിതെന്ന് അഡീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിനുവേണ്ടി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും ഡിസംബര്‍ 21-ന് വിചാരണക്കോടതി തള്ളി. പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി നിഷേധിച്ചത് നിയമപരമല്ലെന്നാണ് ഹര്‍ജിയിലെ വാദം.

Noora T Noora T :