നടിയെ ആക്രമിച്ച കേസ്; കാവ്യ പത്തിലധികം വിളിച്ചു! ആ കാര്യം പുറത്ത് പറയരുതെന്ന് ദിലീപ്! നടന്റെ മുഖം മൂടി അഴിഞ്ഞുവീണു, സുഹൃത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസില്‍പ്രതിയായ നടന്‍ ദിലീപിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. സംവിധായകനും നടന്‍റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാറാണ് ഇപ്പോൾ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തന്നെ സ്വാധീനിക്കാൻ ദിലീപും കുടുംബവും ശ്രമിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ബാലചന്ദ്ര കുമാർ. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ വെച്ച് കണ്ട വിവരം പുറത്ത് പറയാതിരിക്കാനാണ് തന്നോട് ആവശ്യപ്പെട്ടത് എന്നും ബാലചന്ദ്ര കുമാർ ഒരു ചാനലിന് നൽകിയ നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.

ജയിലിൽ വെച്ച് ദിലീപ് തന്നെ കാണാൻ വിളിപ്പിച്ചുവെന്നും കാവ്യാ മാധവനും ദിലീപിന്റെ അനുജനും അടക്കമുളളവർ നിരന്തരം വിളിച്ചുവെന്നും ബാലചന്ദ്ര കുമാർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തി ബാലചന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.

ബാലചന്ദ്ര കുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു

വീട്ടില്‍ വെച്ച് കണ്ടത് സുനിയെ തന്നെ ആണെന്ന് ദിലീപ് പറഞ്ഞു. അവനുമായി എല്ലാ സിനിമാക്കാര്‍ക്കും പല ഇടപാടുകളും ഉണ്ട്. മുകേഷുമായിട്ടൊക്കെ നല്ല അടുപ്പമാണ്. അവനെ കണ്ട കാര്യം ഒരു കാരണവശാലും പുറത്ത് പറയരുത് എന്ന് തിരുവനന്തപുരത്ത് വെച്ച് ഡിങ്കന്റെ സെറ്റില്‍ വെച്ച് പറഞ്ഞു. തന്നെ കൂടുതല്‍ സ്‌നേഹിക്കുന്നതായി അഭിനയിക്കുകയും ചെയ്തു. ദിലീപിന്റെ അനിയന്‍ അനൂപ് സെപ്റ്റംബര്‍ 12ന് തന്നെ വിളിച്ചിട്ട് ചേട്ടന് അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു.

സന്ദര്‍ശകരെ വിലക്കിയിട്ടുണ്ട് എന്ന് പത്രങ്ങളില്‍ കാണുന്നുണ്ടല്ലോ, പിന്നെ എങ്ങനെ വന്ന് കാണുമെന്ന് താന്‍ ചോദിച്ചു. അപ്പോള്‍ അനൂപ് പറഞ്ഞു, അതൊന്നും പ്രശ്‌നമല്ല ഭായ്, സൂപ്രണ്ടുമായി സംസാരിച്ചിട്ടുണ്ട് എന്ന്. 13ാം തിയ്യതി താന്‍ ആലുവയിലെത്തി. അപേക്ഷ എഴുതി കൊടുത്ത ഉടനെ ജയിലിന് അകത്ത് കൊണ്ട് പോയി. അവിടെ പുളളിക്ക് കിട്ടിയിരുന്ന ട്രീറ്റ്‌മെന്റ് ജയില്‍ എന്ന തരത്തിലായിരുന്നില്ല. കുറ്റവാളികളെ സാധാരണ കാണുന്ന ഇടത്ത് പോയല്ല ദിലീപിനെ കണ്ടത്. സൂപ്രണ്ടിന്റെ റൂമില്‍ ഒരു ഗസ്റ്റിനെ പോലെ ഇരിക്കുകയായിരുന്നു ദിലീപ്. പള്‍സര്‍ സുനിയെ തന്റെ വീട്ടില്‍ കണ്ട കാര്യം ബാലു പുറത്ത് പറയരുത, ജാമ്യത്തിനെ ബാധിക്കും എന്ന് പറഞ്ഞു. അന്ന് മുതല്‍ തനിക്ക് വിഷമം തോന്നി. ഒരു കാര്യം അറിഞ്ഞിട്ടും പറയാനാകുന്നില്ലല്ലോ എന്ന്. അനൂപ് നിരന്തരം വിളിച്ചിരുന്നു. സഹോദരിയുടെ ഭര്‍ത്താവായ സുരാജും നിരന്തരം വിളിച്ചിരുന്നു. കാവ്യ നിരന്തരം വിളിച്ചുകൊണ്ടിരുന്നു.

ജാമ്യം കിട്ടുന്നത് വരെ അവര്‍ പറഞ്ഞുകൊണ്ടിരുന്നത് ഒരേയൊരു കാര്യം ആയിരുന്നു. പള്‍സര്‍ സുനിയെ അവിടെ വെച്ച് കണ്ടു എന്നുളള കാര്യം ആരോടും പറയരുത്. കാവ്യ പത്തിലധികം തവണയെങ്കിലും ഇക്കാര്യം പറഞ്ഞ് വിളിച്ചിട്ടുണ്ട്. ഞാന്‍ ജയിലില്‍ പോയി കാണുന്ന ദിവസം കാവ്യ ആഹാരം കഴിച്ചിട്ടില്ലെന്ന് പറഞ്ഞു. ബാലുവിന്റെ ഭാഗത്ത് നിന്ന് ക്ലാരിറ്റി കിട്ടുന്നത് വരെ ആഹാരം കഴിക്കില്ലെന്ന് വാശി പിടിച്ചുവെന്നും കാവ്യ പറഞ്ഞു. ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് നോര്‍ത്ത് പറവൂര്‍ സിഐ ക്രിസ്പിന്‍ സര്‍ തന്നെ വിളിച്ചു. ദിലീപുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയണം എന്ന് പറഞ്ഞു. എഴുതി തയ്യാറാക്കിയ കുറച്ച് ചോദ്യങ്ങള്‍ തന്നോട് ചോദിച്ചു. പള്‍സര്‍ സുനിയെ ദിലീപിനൊപ്പം കണ്ടിരുന്നോ എന്ന ചോദ്യം തന്നോട് ചോദിച്ചില്ല. അതുകൊണ്ട് അക്കാര്യം പറഞ്ഞില്ല. ജാമ്യം കിട്ടിയ ഉടനെ ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് തന്നെ വിളിച്ചു. ജാമ്യം കിട്ടി ബാലൂ, സന്തോഷമുണ്ട് എന്ന് തന്നോട് പറഞ്ഞു

മൂന്നാം ദിവസം അനൂപ് തനിക്ക് മെസ്സേജ് അയച്ചു, ബാലൂ ചേട്ടന്‍ നിങ്ങളെ കാത്തിരിക്കുന്നു എന്ന്. ആ മെസ്സേജ് താന്‍ മുഖ്യമന്ത്രിക്ക് കൊടുത്തിട്ടുണ്ട്. നവംബര്‍ 13ന് കാവ്യയുടെ നമ്പറില്‍ നിന്ന് ദിലീപ് തന്നെ വിളിച്ചു. 16ാം തിയ്യതി കമ്മാര സംഭവം ഷൂട്ടിന് പോകുന്നു. നാളെ രാവിലെ വന്നോളൂ, ഒരു ധാരണമായി പിരിയാം എന്ന് പറഞ്ഞു. എവി ജോര്‍ജ് പത്രക്കാരോട് സംസാരിക്കുന്നതൊക്കെ യൂട്യൂബിലിട്ട് ഫ്രീസ് ചെയ്ത് വെച്ചിട്ട് പറയും, നിങ്ങള്‍ അഞ്ച് പോലീസുകാരും അനുഭവിക്കും.

ദൈവം തരും എന്നല്ല, ഞാന്‍ വെച്ചിട്ടുണ്ട് എന്നാണ് പുളളി പറയും. സുദര്‍ശന്‍ എന്ന് പറയുന്ന ഉദ്യോഗസ്ഥന് അടി കൊടുത്തിരിക്കും എന്ന് അവര്‍ തന്റെ സാന്നിധ്യത്തില്‍ തീരുമാനമെടുത്തു. കാരണം അദ്ദേഹം ദിലീപേട്ടന്റെ മേല്‍ കൈ വെച്ചു. ബാലു കാണുന്നുണ്ടോ പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍, എന്ന് തന്നോട് ചോദിച്ചു. അപ്പോള്‍ തന്നെ തനിക്ക് കത്തി. പള്‍സര്‍ സുനി ചെയ്ത ഒരേയൊരു ക്രൂരകൃത്യമേ തന്റെ അറിവിലുളളൂ, അതായിരിക്കാം. വീഡിയോ ക്ലിപ്പിലെ സൗണ്ട് കേള്‍ക്കുന്നില്ലെന്ന് ടാബ് കൊണ്ടുവന്ന വിഐപി പറഞ്ഞു. ആരുടേയോ കയ്യില്‍ കൊടുത്ത് 20 തവണ ബൂസ്റ്റ് അപ് ചെയ്തു ഓഡിയോ എന്നും പറഞ്ഞു. ലാല്‍ മീഡിയയില്‍ കൊടുത്ത് ആണ് ചെയ്തത്. എന്നിട്ടും ഇത്രയും ഓഡിയോ ഉളളൂ. ഓഡിയോ ബൂസ്റ്റ് അപ് ചെയ്തത് നമുക്ക് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം. ആ വീഡിയോയില്‍ ഉളള വാചകങ്ങള്‍ ഇന്നും തനിക്ക് ഓര്‍മ്മയുണ്ട്‌” – ബാലചന്ദ്ര കുമാർ പറഞ്ഞു.

ഈ വിവരങ്ങളെല്ലാം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.

അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നടന്‍ ദിലീപ് പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെ ആവശ്യമെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീം കോടതി അനുമതി നല്‍കി.

വിടുതല്‍ഹര്‍ജി തള്ളിയതിന് എതിരെ 2020 ജനുവരിയിലായിരുന്നു ദിലീപ് സുപ്രീംകോടതിയില്‍ ഹർജി നല്കിയത്. ഈ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫിലിപ്പ് ടി. വര്‍ഗീസ് കോടതിയെ അറിയിച്ചു. വിചാരണക്കോടതിയില്‍ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതായും അദ്ദേഹം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, സി. ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്.

Noora T Noora T :