ഈ കാര്യങ്ങളിൽ വീഴ്ചയുണ്ടാകാൻ സാധ്യതയില്ല, ഇവിടെ ചതിച്ചത് അതാണ്! പ്രതികരണവുമായി മേജർ രവി

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്‍റെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന് പിന്നിൽ മോശം കാലാവസ്ഥയാകാമെന്ന് റിട്ട.സൈനികനും സംവിധായകനുമായ മേജര്‍ രവി. പെട്ടെന്ന് മഞ്ഞുകയറി വിശ്വസിക്കാനാകാത്ത രീതിയിൽ കാഴ്ച മറയ്ക്കപ്പെടുന്ന പ്രദേശമാണിതെന്നും കശ്മീരിൽ പോലും ഇങ്ങനെ അപകടകരമായ സാഹചര്യമില്ലെന്നും മേജർ രവി പറഞ്ഞു.

പെട്ടെന്ന് മഞ്ഞുകയറി വരുന്നതിനാൽ മുന്നിലുള്ളതൊന്നും പൈലറ്റിന് കാണാൻ സാധിക്കില്ല. “മലകളാല്‍ നിറഞ്ഞ പ്രദേശത്തുള്ള പ്രത്യേക സംഭവവികാസമാണിത്. അതിനാല്‍ കാലാവസ്ഥ തന്നെയാണ് ഇവിടെ ചതിച്ചതെന്ന് കരുതാം.” മേജർ രവി പറഞ്ഞു.

കാഴ്ച തടസപ്പെട്ട് കഴിഞ്ഞാൽ ഹെലികോപ്റ്ററിന്‍റെ വേഗത കൂടി പരിഗണിക്കുമ്പോൾ ചിന്തിക്കുന്നതിന് മുൻപ് തന്നെ എവിടെയെങ്കിലും ഇടിച്ചിട്ടുണ്ടാകും. അപകടത്തിൽപ്പെട്ട എംഐ 17വി5 ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം തകർന്നുവീഴാൻ യാതൊരു സാധ്യതയും ഇല്ലെന്നും മേജർ രവി ചൂണ്ടിക്കാട്ടി. അത്യാധുനിക സംവിധാനങ്ങളുള്ള ഹെലികോപ്റ്ററാണിത്. മുതിർന്ന ഓഫീസറുമായി യാത്ര ചെയ്യുമ്പോൾ വിദഗ്ധരായ ഉദ്യോഗസ്ഥരായിരിക്കും ഒപ്പമുണ്ടാവുക. സാങ്കേതിക പരിശോധന നടത്തുന്നതും വിദഗ്ധരായിരിക്കും. അതുകൊണ്ട് തന്നെ ഈ കാര്യങ്ങളിൽ വീഴ്ചയുണ്ടാകാൻ സാധ്യതയില്ലെന്നും മേജർ രവി പറഞ്ഞു,

ബിപിന്‍ റാവത്തിന്‍റെ വിയോഗത്തിലൂടെ മികച്ച സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായതെന്നും മേജർ രവി അനുസ്മരിച്ചു. ബിപിൻ റാവത്തടക്കം 14 പേർ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടർ ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 13 പേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എയർ മാർഷൽ മാനവേന്ദ്രസിംഗിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് ഇക്കാര്യം പാർലമെന്‍റിനെ അറിയിച്ചത്. ഹെലികോപ്റ്ററിന്‍റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ ഡാറ്റാ റെക്കോർഡർ പരിശോധന സഹായകമാകും.

Noora T Noora T :