ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു

ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു. 66 വയസ്സായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ചെമ്പോലു സീതാരാമ ശാസ്ത്രി എന്നാണ് യഥാർത്ഥ നാമം.

1984-ൽ ജനനി ജന്മഭൂമി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സിരിവെണ്ണേല ശാസ്ത്രി, കെ വിശ്വനാഥ് സംവിധാനം ചെയ്ത സിരിവെണ്ണേല എന്ന ചിത്രത്തിലെ വിധാത്ത തലപ്പുന എന്ന ഗാനം രചിച്ച് പ്രശസ്തനായി. ക്ഷണക്ഷണം, സ്വർണ്ണ കമലം, സ്വയംക്രുഷി, സ്വാതി കിരണം, ശ്രുതിലയലു, സിന്ധൂരം, നുവ്വേ കാവലി, ഒക്കഡു, വർഷം, ഗമ്യം തുടങ്ങിയ സിനിമകൾക്കായി ഗാനങ്ങൾ രചിച്ച അദ്ദേഹം ഇതുവരെ ഏകദേശം മൂവായിരത്തിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് 2019ന് പദ്മശ്രീ നൽകി രാജ്യം അംഗീകരിക്കുകയുണ്ടായി.

ശ്രദ്ധേയമായ ഒട്ടനവധി ഗാനങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് നിരവധി തവണ നന്ദി അവാർഡും ഫിലിം ഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്. നരപ്പ, മോസ്റ്റ് എലിജിബിൾ ബാച്ചിലർ തുടങ്ങിയ സിനിമകൾക്കായാണ് ഏറ്റവും ഒടുവിൽ ഗാനങ്ങളെഴുതിയത്. പുറത്തിറങ്ങാനിരിക്കുന്ന എസ്എസ് രാജമൌലി ചിത്രമായ ആർആർആർ എന്ന സിനിമയിൽ ദോസ്തി എന്ന ഗാനവും അദ്ദേഹം രചിച്ചിട്ടുണ്ട്.

Noora T Noora T :