തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അവരാണ്, രണ്ടും കൽപ്പിച്ച് കങ്കണ..ഒടുവിൽ ആ നീക്കം

സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കുന്നവര്‍ക്കെതിരെ പരാതിയുമായി നടി കങ്കണ റണൗട്ട്. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ചിത്രത്തിനോടൊപ്പം താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സിഖ് സമുദായത്തെ ഖലിസ്ഥാനികളെന്ന് പറഞ്ഞ് അധിക്ഷേപിച്ചതില്‍ കങ്കണക്കെതിരെ നേരത്തെ മുംബൈ സബര്‍ബന്‍ഘര്‍ പൊലീസ് കേസെടുത്തിരുന്നു.

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റും ഏറെ വിവാദത്തിന് വഴി വെച്ചിരുന്നു. അതിനു പിന്നാലെ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന ഭീഷണിയാണ് പരാതി നല്‍കാന്‍ താരത്തെ പ്രകോപിപ്പിച്ചത്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിനു ഉത്തരവാദി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം നടത്തുന്നവര്‍ മാത്രമാണെന്നും നടി പറഞ്ഞു. അതോടൊപ്പം ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ പഞ്ചാബ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് കങ്കണ ഇടക്കാല കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ‘ഖലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു വനിതാ പ്രധാനമന്ത്രിയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. സ്വന്തം ജീവന്‍ തന്നെ അതിന് വിലയായി നല്‍കേണ്ടി വന്നെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത്’ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

Noora T Noora T :