കൊച്ചിയിൽ മോഡലുകളുടെ മരണം; മാളത്തിൽ നിന്ന് അയാൾ പുറത്തേക്ക്; സൈജു പോലീസ് സ്റ്റേഷനിൽ

കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി ഡ്രൈവർ സൈജു തങ്കച്ചന്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇത് രണ്ടാം തവണയാണ് ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഇയാൾ ഒളിവിലായിരുന്നു

കളമശേരിയിൽ എറണാകുളം മെട്രോ പൊലീസ് സ്റ്റേഷനിലാണ് ഇയാൾ അഭിഭാഷകർക്കൊപ്പം ഹാജരായത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സൈജുവിന് നോട്ടിസ് നൽകിയിരുന്നു. ഇയാൾ ഒളിവിൽ ആയിരുന്നതിനാൽ സഹോദരനാണ് നോട്ടിസ് കൈപ്പറ്റിയത്. ഇയാളുടെ സ്ഥാപനങ്ങളിലും നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്. കേസിൽ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യത കാണിച്ച് സൈജു തങ്കച്ചൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

എന്നാൽ ഇയാളെ പ്രതി ചേർത്തിട്ടില്ലാത്തതിനാൽ അറസ്റ്റു ചെയ്യേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നായിരുന്നു പൊലീസ് കൊടുത്ത റിപ്പോർട്ട്. ഇതു പരിഗണിച്ച് ഹൈക്കോടതി ഹർജി തീർപ്പാക്കി. തുടർന്നാണ് ഇയാളോട് ചോദ്യംചെയ്യലിനു ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് സൈജുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സൈജുവാണ് പൊലീസിനെ വിവരം വിളിച്ച് അറിയിച്ചത്.

അപകടത്തിൽ മരിച്ച മോഡലുകളായ അൻസി കബീറും അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ള ആളാണ് സൈജവെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസം ഇയാൾ ഹോട്ടലിൽ ഉണ്ടായിരുന്നെന്നും കുണ്ടന്നൂരിൽവച്ച് മോഡലുകളുമായി വാക്കുതർക്കം ഉണ്ടായിയെന്നും പൊലീസ് കണ്ടെത്തി.

ഇതിനിടെ കൊച്ചിയില്‍ മോഡലുകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഡിവിആര്‍ കണ്ടെത്താനുള്ള തെരച്ചില്‍ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. മൂന്ന് ദിവസം തെരച്ചില്‍ നടത്തിയിട്ടും ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായില്ല. കായലില്‍ ചെളിയടിഞ്ഞു കിടക്കുന്നത് വലിയ പ്രതിസന്ധിയായി. ഇതേ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിച്ചത്.

Noora T Noora T :