നടന്‍ കമല്‍ഹാസന് കോവിഡ് സ്ഥിരീകരിച്ചു

നടന്‍ കമല്‍ഹാസന് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കോവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കമലിന്റെ ട്വീറ്റ്. ചെന്നൈയില്‍ ഇന്നു കമല്‍ പങ്കെടുക്കേണ്ടിയിരുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടി റദ്ദാക്കി.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്ര’മാണ് താരത്തിന്റെ പുതിയ പ്രോജക്ട്. വിജയ് സേതുപതി, ഫഹദ് ഫാസിൽ, അർജുൻ ദാസ്, സമ്പത്ത് രാജ്, നരൈൻ, ശിവാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. കമൽഹാസൻ തന്നെയാണ് നിർമാണം.

താരനിര്‍ണ്ണയം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് വിക്രം. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്‍ന്‍, കാളിദാസ് ജയറാം എന്നിങ്ങനെയാണ് താരനിര. വിജയ് നായകനായ ‘മാസ്റ്ററി’നു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൊവിഡ് ആദ്യ തരംഗത്തിനു പിന്നാലെ തുറന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തി ബിഗ് റിലീസ് ആയിരുന്നു മാസ്റ്റര്‍.

Noora T Noora T :