തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ തെരുവിലെ ജനങ്ങള്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതും ഒരു ജിഹാദി രാജ്യമാണ്…. കടുത്ത വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്

വിവാദമായ മൂന്ന് കാര്‍ഷിക നിമയങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകരുടെ സമരം ഒരു വര്ഷം തികയുമ്പോഴാണ് ഇത്തരമൊരു പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കടുത്ത വിമര്‍ശനവുമായി നടി കങ്കണ റണാവത്ത് രംഗത്ത്. തീരുമാനം നാണക്കേടുണ്ടാക്കുന്നതും ദുഖകരവുമാണെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ തെരുവിലെ ജനങ്ങള്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതും ഒരു ജിഹാദി രാജ്യമാണ്. അതുപോലെ ആകണമെന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി.

അടുത്ത പോസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും നടി ഓര്‍ത്തു. രാജ്യത്തിന്റെ ധര്‍മ്മ ബോധം ഉറങ്ങിക്കിടക്കുന്ന അവസ്ഥയില്‍ സ്വേച്ഛാദിപത്യമാണ് നല്ലതെന്ന് ഇന്ദിരാ ഗാന്ധിയുടെ ഫോട്ടോയ്‌ക്കൊപ്പം നടി കുറിച്ചു.

ഇന്ദിരാഗാന്ധിയുടെ ജന്‍മദിനമായ ഇന്ന് പിറന്നാളാസംശകളും നടി നേര്‍ന്നു.അതേസമയം മറ്റ് ബോളിവുഡ് താരങ്ങളായ തപ്‌സി പന്നു, സോനു സൂദ്, റിച്ച ഛദ്ദ തുടങ്ങിയവര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെ അനുകൂലിച്ച് കൊണ്ട് രംഗത്തു വന്നു.

പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജനന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Noora T Noora T :