മോഡലുകൾ കൊല്ലപ്പെട്ട ദിവസം ഹോട്ടൽ റജിസ്റ്ററിൽ പേരും വിലാസവും രേഖപ്പെടുത്താതെ താമസിച്ചു.. ആ സംശയം ബാക്കി.. മുറികളിൽ താമസിച്ചവരിലേക്ക് അന്വേഷണം നീളുന്നു

മുൻ മിസ് കേരള വിജയികൾ കാറപകടത്തിൽ കൊല്ലപ്പെട്ട ദിവസം രാത്രി ഫോർട്ടുകൊച്ചിയിലെ ഹോട്ടലിൽ തങ്ങിയവരിലേക്ക് അന്വേഷണം നീളുന്നു. ഹോട്ടൽ 18യിലെ 208, 218 മുറികളിൽ താമസിച്ചവരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇവർ ഹോട്ടൽ റജിസ്റ്ററിൽ പേരും വിലാസവും രേഖപ്പെടുത്താതെയാണ് താമസിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ഈ ഹോട്ടലിൽ നടന്ന പാർട്ടിയ്ക്ക് ശേഷം മടങ്ങവെയായിരുന്നു മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും, മറ്റൊരു സുഹൃത്തും കാറപകടത്തിൽ കൊല്ലപ്പെട്ടത്. മോഡലുകൾ പാർട്ടിയ്ക്ക് വന്ന ദിവസം രാത്രിയിൽ 208, 218 നമ്പർ മുറികളിൽ താമസക്കാരുണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ റജിസ്റ്ററിൽ ഇല്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം. പേര് വിവരങ്ങൾ നൽകാതെ ആളുകൾ താമസിച്ചിരുന്ന ഈ മുറികളുടെ വാതിലുകൾ വ്യക്തമായി കാണാവുന്ന രണ്ടാം നിലയിലെ ഇടനാഴിയിലെ സിസിടിവി ദൃശ്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്

സിനിമാമേഖലയിലെ ചില പ്രമുഖര്‍ ഈ ഹോട്ടലില്‍ അപകടദിവസം തങ്ങിയതായി വിവരമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാര്‍ട്ടിയില്‍വെച്ച് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായാണ് കരുതുന്നത്. തുടര്‍ന്ന് പിണങ്ങിപ്പോയ സംഘവുമായുള്ള പ്രശ്നം പറഞ്ഞുതീര്‍ക്കാനാണ് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഔഡി കാര്‍ പിന്തുടര്‍ന്നത്. റജിസ്റ്ററിൽ പേരും വിലാസവും രേഖപ്പെടുത്താതെ താമസിച്ചത് സിനിമ മേഖലയിൽ ഉള്ളവരാണോയെന്ന സംശയവും ഇപ്പോൾ ബലപ്പെടുന്നുണ്ട്.

വാഹനാപകടം നടക്കുന്നതിന് ഒരാഴ്ചമുമ്പ് ഹോട്ടലില്‍ റേവ് പാര്‍ട്ടി നടന്നതായി വിവരമുണ്ട്. ഫാഷന്‍ രംഗത്തുള്ള പ്രമുഖ കൊറിയോഗ്രാഫറാണിത് സംഘടിപ്പിച്ചത്. ദുബായില്‍നിന്ന് ഇയാള്‍ സിന്തറ്റിക് മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചെന്നാണ് വിവരം. ഈ കൊറിയോഗ്രാഫർ ആരാണെന്നുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്

മോഡ‍ലുകൾ ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കായലിലെറിഞ്ഞെന്ന്ജീ വനക്കാരുടെ നിർണായക വെളിപ്പെടുത്തൽ പുറത്തുവന്നിട്ടുണ്ട്. ഹോട്ടൽ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിർദേശപ്രകാരമാണ് ഇതു ചെയ്തതെന്നും ജീവനക്കാർ മൊഴി നൽകി.

സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിജിറ്റൽ വിഡിയോ റെക്കോർഡർ നശിപ്പിച്ചതിന് ഹോട്ടലുടമ റോയി ജോസഫ് വയലാട്ടും അഞ്ച് ജീവനക്കാരുമടക്കം ആറു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. രണ്ടു ജീവനക്കാരെ ‍ഡിവിആർ ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തിൽ എത്തിച്ച് തെളിവെടുത്തിരുന്നു.

ബുധനാഴ്ച രാത്രിയാണ് ആറു പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. റോയിയെ ചൊവ്വാഴ്ച 11 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായ റോയ് ജെ. വയലാട്ടുമായി നമ്പർ 18 ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. റോയി പൊലീസിന് കൈമാറിയ ‍ഡിവിആറിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഹോട്ടലിൽ വീണ്ടും പരിശോധന നടത്തിയത്. ഇതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് റോയിയെ ഉൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്.

അതേസമയം മകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അൻസി കബീറിന്‍റെ കുടംബം പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്. ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മകളും സംഘവും സഞ്ചരിച്ച വാഹനം മറ്റൊരു കാർ പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്. അതിനിടെ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനം ഓടിച്ചിരുന്ന കാർ ഡ്രൈവർ അബ്ദുറഹ്മാന് ജാമ്യം ലഭിച്ചു. കാക്കനാട് ജയിലിൽ നിന്നും അബ്ദുറഹ്മാൻ പുറത്തിറങ്ങി. അപകടത്തിൽ ഡ്രൈവർ ഒഴികെ കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേരും കൊല്ലപ്പെട്ടിരുന്നു.

Noora T Noora T :