മലയാള സിനിമയിലെ രണ്ട് യുവതാരങ്ങളുടെ കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

മലയാള സിനിമയിലെ രണ്ട് യുവതാരങ്ങളുടെ കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. നികുതി അടയ്ക്കാത്തതിനെത്തുടര്‍ന്നാണ് അറസ്സിലായത്.

താരങ്ങള്‍ക്ക് വിശ്രമിക്കാനായി എത്തിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് പിടികൂടിയത്. ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം നികുതി അടയ്ക്കാതെ നാട്ടില്‍ ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് കാരവന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാരവന്‍ ഇരുമ്പനം റോഡരികിലെ സിനിമാ ചിത്രീകരണത്തിനിടെയാണ് കസ്റ്റഡിയിലെടുത്തത്.

കൊച്ചി സ്വദേശിയാണ് കാരവന്‍ ഇവിടെ വാടകയ്ക്ക് നല്‍കിയിരുന്നത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഭരത് ചന്ദ്രന്‍, കെ.എം. രാജേഷ് എന്നിവര്‍ ചേര്‍ന്ന് കാരവന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നികുതി ഇനത്തില്‍ ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയും പിഴയുമടയ്ക്കാന്‍ വാഹന ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Noora T Noora T :