കുറുപ്പിന്റെ മുഖം ആരാധകരിലേയ്ക്ക് എത്തുമ്പോൾ! സോഷ്യൽ മീഡിയയിൽ വൈറലാകുന്ന യഥാർത്ഥ സുകുമാര കുറുപ്പിന്റെ ജീവിത കഥ…ഈ കുറുപ്പ് ഹീറോ അല്ല, പിന്നെ?

ഒരു കൊലയാളിയെ ന്യായീകരിക്കുന്ന ചിത്രമാണ് കുറുപ്പ് എന്ന നിഗമനം ആരധകരടക്കം പലർക്കും ആശങ്കയുണ്ടായിരുന്നെങ്കിലും തിരശീലയിൽ എത്തുന്നത് സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ, അല്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിരുന്നു. പൂർണമായും യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ ചിത്രമെന്നും ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങൾ ആ സിനിമയ്ക്കകത്ത് ഉണ്ടെന്നും, കുറുപ്പിന്റെ കൈകൊണ്ട് കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ ചാക്കോയും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇരു കൂട്ടരുടെയും വാക്കുകൾ കുറുപ്പ് എന്ന ചിത്രത്തിന് നൽകുന്ന ഹൈപ്പ് ചില്ലറയൊന്നുമല്ല. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പുക പോലെ മാഞ്ഞ യഥാർത്ഥ സുകുമാര കുറുപ്പിന്റെ ജീവിത കഥയാണ്.

1984 ജനുവരി 22 നാണ് സുകുമാര കുറുപ്പും അളിയനും ഡ്രൈവറും ചേർന്ന് എൻ ജെ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം. ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് തന്ത്രപൂർവം കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് അയാൾ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി ആളൊഴിഞ്ഞ വഴിയരുകിൽ കാറുൾപ്പെടെ കത്തിക്കുകയായിരുന്നു.

ചെറിയനാട് സ്വദേശിയായ സുകുമാരക്കുറുപ്പ് തന്റെ ഭാര്യയോടൊപ്പം ജോലിസ്ഥലമായ അബുദാബിയിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടയിൽ എപ്പോഴോ പെട്ടെന്ന് പണക്കാരണകാരനാകണം എന്ന മോഹം ഉള്ളിൽ ഉദിക്കുന്നു. ഇതിനായി പല പദ്ധതികളും പ്ലാൻ ചെയ്തു. ഏറ്റവും ഒടുവിൽ അബുദാബിയിൽ വച്ച് ഏകദേശം 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുക്കുന്നു. താൻ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു എന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചെടുത്താൽ ഭാര്യയ്ക്ക് കിട്ടുന്ന ഇൻഷുറൻസ് തുകയുമായി എവിടെയെങ്കിലും സുഖമായി ജീവിക്കാൻ സാധിക്കുമെന്ന തീരുമാനത്തിൽ എത്തുന്നു. ഇതിനായി പങ്കാളികളാക്കിയത് സുകുമാരക്കുറുപ്പിന്റെ അളിയനെയും, വിശ്വസ്തനായ ഡ്രൈവറെയും, അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂണിനെയുമായിരുന്നു. പദ്ധതി വിജയിപ്പിക്കാൻ ആലപ്പുഴ മെഡിക്കൽ കോളജ് ലബോറട്ടറിയിൽ നിന്ന് അല്പം “ഈതർ’ കൈക്കലാക്കി.

1984 ജനുവരിയിൽ സുകുമാരക്കുറുപ്പിന്റെ അളിയനും പ്യൂണിനുമൊപ്പം തിരുവനന്തപുരത്തേയ്ക്ക് എത്തി ഭാര്യവീട്ടിൽ ഒത്തുചേർന്ന് പദ്ധതി നടപ്പാക്കാനുള്ള കരുക്കൾ നീക്കി. ഇതിനായി 1984 ജനുവരി 21-ാം തീയതി അവർ തെരഞ്ഞെടുത്തു. ആ ദിവസം അവർ നാലുപേരും ഒരു ടൂറിസ്റ്റ് ഹോട്ടലിൽ ഒത്തുചേർന്നു. സുകുമാരക്കുറുപ്പ് തന്റെ അമ്പാസിഡർ കാറിലാണ് അവിടെ എത്തിച്ചേർന്നത്. മറ്റുള്ളവർ കേസിലെ ഒന്നാം പ്രതിയായ കുറുപ്പിന്റെ അളിയന്റെ കാറിലും. തുടർന്ന് സുകുമാര കുറുപ്പിന്റെ രൂപ സാദൃശ്യമുള്ള ആളെ തെരഞ്ഞ് യാത്ര തുടർന്നു. 23 കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടും ആരെയും കണ്ടെത്താനാകാതെ നിരാശരായി മടങ്ങുന്നതിനിടെ ഒരാൾ അവരുടെ കാറിനു നേരേ കൈ കാണിച്ച് ലിഫ്റ്റ് അഭ്യർത്ഥിച്ചു. ക്രൂരമായി കൊല്ലപ്പെട്ട ചാക്കോയായിരുന്നു അത്. സുകുമാരക്കുറുപ്പിന്റെ വലിപ്പം ഉണ്ടെന്നു തോന്നിയ സംഘം ചാക്കോയ്ക്ക് ലിഫ്റ്റ് നല്കി. കുടിക്കാൻ പാനീയം നൽകിയെങ്കിലും അത് ചാക്കോ നിരസിച്ചു. ഒടുവിൽ നിരന്തരമായ നിർബന്ധം മൂലം ഈതർ’ കലർന്ന ബ്രാണ്ടി ചാക്കോയ്ക്ക് കുടിക്കേണ്ടി വന്നു. ഇതിനിടയിൽ ചാക്കോയുടെ കഴുത്ത് ഒരു ടവ്വൽകൊണ്ട് ബലമായി മുറുക്കുകയും കഴുത്ത് ഒടിക്കുകയും ചെയ്തു.

പിന്നീട് ഭാര്യ വീട്ടിൽ തിരികെ എത്തി ചാക്കോയുടെ മൃതദേഹത്തിൽ സുകുമാരക്കുറുപ്പിന്റെ ലുങ്കിയും ഷർട്ടും ധരിപ്പിച്ചു. കാറിന്റെ ഡിക്കിയിൽ മൃതദേഹം സൂക്ഷിച്ച് രണ്ട് കാറുകളിലായി യാത്ര ആരംഭിച്ചു. കൊല്ലക്കടവ് എത്തിയപ്പോഴേക്കും ചാക്കോയുടെ ശരീരം എടുത്ത് കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയശേഷം സമീപത്തെ നെൽവയലിലേക്ക് തള്ളിവിട്ടു. അകത്തും പുറത്തും പെട്രോൾ തളിച്ചിരുന്ന കാറിന് തീപിടിച്ചതോടെ സംഘം ഇവിടെ നിന്ന് കടന്നുകളഞ്ഞു. തീ കൊടുക്കാനുള്ള ശ്രമത്തിനിടെ ഒന്നും രണ്ടും പ്രതികൾക്ക് പൊള്ളലേറ്റിരുന്നു. അവിടെ ഓടി രക്ഷപ്പെടുമ്പോൾ, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാൻ അവർ ശ്രദ്ധിച്ചുമില്ല. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഇത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരുകിൽ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിൽ കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്.

ഏറെ ട്വിസ്റ്റുകൾ നിറഞ്ഞ ഈ കൊലപാതക കേസ് അവസാനിച്ചു കാണാൻ ഇപ്പോഴും ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകനും കാത്തിരിപ്പ് തുടരുകയാണ്. സുകുമാരക്കുറുപ്പ് മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമാണ്. ചെറിയനാട്ടെ കുറുപ്പിന്റെ വീട് ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇൻഷുറൻസ് തട്ടിപ്പ് നടത്തി വണ്ടാനത്തെ ബംഗ്ലാവ് നിർമാണം പൂർത്തിയാക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. ജീവിച്ചിരിപ്പുണ്ടെങ്കിൽ സുകുമാരക്കുറുപ്പിന് ഇപ്പോൾ 74 വയസ്സുണ്ടാകും. ഏതായാലും വെള്ളിത്തിരയിലെ സുകുമാര കുറുപ്പിനെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരും.

Noora T Noora T :