എല്ലാ പ്രതീക്ഷകളും അസ്ഥാനത്ത്.. സിനിമ പ്രേമികളെ നിരാശയാക്കി കൊണ്ട് മോഹൻലാൽ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഒടിടിയിലേക്ക്! കുറ്റക്കാർ ആരാണ്?

സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരയ്‌ക്കാര്‍ അറബിക്കടലിന്റെ സിംഹം ഇനി ഒടിടിയില്‍ കാണാം..നീണ്ട നാളത്തെ അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ട് ചിത്രം ഒ.ടി.ടിയില്‍ തന്നെ റിലീസിനെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുമ്പോൾ ഒരു ഞെട്ടലോടെ മാത്രമേ സിനിമ പ്രേമികൾക്ക് ഇത് കേൾക്കുവാൻ സാധിക്കുകയുള്ളു….ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചെന്ന് ഫിലിം ചേമ്പര്‍ പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുകയാണ്.

മരക്കാർ ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് ആദ്യം മാധ്യമങ്ങളെ അറിയിച്ചത്. സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. ആമസോൺ പ്രൈമുമായി ചർച്ചകൾ നടക്കുകയാണ്. തിയേറ്ററിലും ഒടിടിയിലും ഒരേസമയം റിലീസ് ചെയ്യുകയില്ലെന്നും അദ്ദേഹം പറയുകയായിരുന്നു.

തിയേറ്റര്‍ റിലീസിന് ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാമെന്ന് തിയേറ്ററുടമകള്‍ ആന്റണിയോട് വ്യക്തമാക്കിയിരുന്നു. പണം ഡിപ്പോസിറ്റായി നല്‍കാന്‍ തയ്യാറാണെന്ന് തിയേറ്ററുടമകള്‍ സമ്മതിച്ചു. എന്നാല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. അത്രയും തുക നല്‍കാനാവില്ലെന്ന് തിയേറ്ററുടമകള്‍ പറഞ്ഞു. തുടര്‍ന്ന് ഫിലിം ചേംബറുമായി നടത്തിയ ചര്‍ച്ചയും പരാജയമാവുകയായിരുന്നു.

മാസങ്ങളോളം നീണ്ട ലോക്ഡൗണും നിയന്ത്രണങ്ങളും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ സിനിമാ വ്യവസായത്തെ നയിച്ചത്. തിയേറ്ററുകള്‍ എപ്പോള്‍ തുറക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നീണ്ടതോടെ പ്രമേയത്തിലും പരിചരണത്തിലും വരുമാന മാര്‍ഗ്ഗത്തിലുമെല്ലാം ഇന്ത്യന്‍ സിനിമ പുതിയ വഴികള്‍ തേടിയെന്നതാണ് കോവിഡ് കാലത്തിന്റെ പ്രത്യേകത. അതായത്, തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് പകരം ഒടിടി പ്ലാറ്റ് ഫോമിലൂടെ സിനിമകള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയായിരുന്നു. തിയേറ്ററുകള്‍ തുറന്നാലും ഒടിടി പ്ലാറ്റ് ഫോമുകള്‍ വെല്ലുവിളിയാകുമോയെന്ന ആശങ്ക തിയേറ്റര്‍ ഉടമകൾക്ക് ആദ്യം മുതൽക്ക് തന്നെയുണ്ടായിരുന്നു. ഒടുവിൽ മരക്കാറിലൂടെ അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കുറ്റക്കാർ ആരാണ് എന്ന ചോദ്യം മാത്രമാണ് ഇനി ബാക്കിയുള്ളത്…. തിയേറ്ററിൽ വിസിലടിച്ച് ആരവത്തോടെ സിനിമ കാണാമെന്നുള്ള സിനിമ പ്രേമികളും അഗ്രഹവും സ്വപ്നവുമാണ് ഇതോടെ കെട്ടടങ്ങിയത്

കഴിഞ്ഞ വർഷം കോവിഡ് വ്യാപനം തുടങ്ങിയതോടെ ആദ്യം ലോക്ക് വീണത് തിയറ്ററുകൾക്ക് ആയിരുന്നു. 2020 മാർച്ചിലാണ് ആദ്യത്തെ ലോക്കിൽ കുടുങ്ങി തിയറ്ററുകൾക്ക് പൂട്ട് വീണത്. പിന്നീട്, 10 മാസത്തിനു ശേഷം പകുതി സീറ്റുകളിൽ മാത്രം ആളുകൾ എന്ന കർശന നിയന്ത്രണത്തോടെ 2021 ജനുവരി 13 ന് തുറന്നെങ്കിലും വീണ്ടും ഏപ്രിൽ പകുതിക്കു ശേഷം അടയ്ക്കേണ്ടി വന്നു. പിന്നീട് ഒക്ടോബർ 25 നാണ് തിയേറ്റർ വീണ്ടും തുറന്നത്. ആ സന്തോഷം കെട്ടടങ്ങുന്നതിന് മുൻപാണ് ഇടുത്തീ അടുത്ത വാർത്ത വന്നത്. മരക്കാര്‍ ഒടിടിയില്‍ തന്നെ പ്രദർശിപ്പിക്കുമെന്നുള്ള വാർത്ത ഒരു ഞെട്ടലോടെ മാത്രമേ സിനിമ പ്രേമികൾക്ക് കേൾക്കാൻ സാധിക്കുകയുള്ളു..

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്ന മലയാളചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയറ്ററുടമകള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഇത്തവണത്തെ ദേശീയ, സംസ്ഥാന അവാര്‍ഡുകളിലായി ആറ് പുരസ്‌കാരങ്ങളും നേടിയ ചിത്രമാണിത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്.

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഒടിടിയില്‍ ആമസോണ്‍ അടക്കമുള്ള പ്‌ളാറ്റ് ഫോമുകള്‍ മരയ്ക്കാറിന് വേണ്ടി നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരുന്നത്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങള്‍ കൂടി ഉള്ളതിനാല്‍ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പന്‍ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.100കോടി രൂപയാണ് മരക്കാറിന്റെ ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്.

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയാണ് മരക്കാര്‍, അറബിക്കടലിന്റെ സിംഹം. മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, സിദ്ദീഖ്, സംവിധായകന്‍ ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.ഇവര്‍ക്ക് പുറമെ ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്.16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം. കൂറ്റന്‍ വിഎഫ്എക്‌സ് സെറ്റുകളിലാണ് സിനിമയിലെ കടല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്.

Noora T Noora T :