ഇന്ധനവില നിശ്ചയിക്കാനുള്ള അവകാശം പെട്രോള്‍ കമ്പനികള്‍ക്ക് നല്‍കിയ കോണ്‍ഗ്രസിനു ഇങ്ങനെ പ്രഹസന സമരം നടത്താന്‍ എന്ത് യോഗ്യതയാണുള്ളത്; ജിയോ ബേബി

കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തില്‍ പരസ്യമായ പ്രതിഷേധം അറിയിച്ച നടന്‍ ജോജു ജോര്‍ജിനെ പിന്തുണച്ച് സംവിധായകന്‍ ജിയോ ബേബി. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ധനവില നിശ്ചയിക്കാനുള്ള അവകാശം പെട്രോള്‍ കമ്പനികള്‍ക്ക് നല്‍കിയ കോണ്‍ഗ്രസിനു ഇങ്ങനെ പ്രഹസന സമരം നടത്താന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് ജിയോ ബേബി ചോദിച്ചു.

സമരം ചെയ്തു തന്നെയാണ് ഇവിടെ അവകാശങ്ങള്‍ നേടിയെടുത്തിട്ടുള്ളതെന്നും ഇന്ന് ജോര്‍ജു ജോര്‍ജ് ചെയ്തതും സമരം തന്നെയാണെന്നും ജിയോ ബേബി പറഞ്ഞു. പൊതുമുതലും സ്വകാര്യ മുതലും നശിപ്പിച്ചു കൊണ്ടുള്ള സമരം പ്രാകൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വാഹനത്തിന്റെ ചില്ല് കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്തിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.

Noora T Noora T :