”ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും”; വിനായകന്‍

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ബജറ്റ് ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയിലടക്കം നടന്നത്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനായി ഫിയോക് യോഗം സംഘടിപ്പിച്ചെങ്കിലും ചര്‍ച്ച പരാജയമാവുകയായിരുന്നു. 25 ലക്ഷം രൂപയാണ് ഓരോ തിയേറ്ററില്‍ നിന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് ഫിയോക് വ്യക്തമാക്കി.

മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ എത്തുമെന്ന വാര്‍ത്തകളും ഇതോടെ പുറത്തെത്തി. ഈ വിഷയത്തില്‍ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ വിനായകന്‍. ”ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും” എന്നാണ് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് ആണ് മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വിവരം പുറത്തുവിട്ടത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.

എന്നാല്‍ തിയറ്ററുകളുടെ എണ്ണം സംബന്ധിച്ച് ധാരണയാകാത്തതാണ് ചിത്രം ഒ.ടി.ടിക്ക് നല്‍കാന്‍ നിര്‍മാതാവിനെ പ്രേരിപ്പിച്ചത്. തിയറ്റര്‍ റിലീസിനായി പല സംഘടനകളും സമ്മര്‍ദം ചെലുത്തിയെങ്കിലും ഒടുവില്‍ മരക്കാര്‍ ആമസോണിനു നല്‍കാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. 2020 മാര്‍ച്ച് 26-ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു.

Noora T Noora T :