ആര്യൻ ഖാന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിഭാഗം അഭിഭാഷക സംഘത്തിലുള്ള സതീഷ് മനേഷിണ്ഡേ. സത്യം ജയിക്കട്ടെ എന്നാണ് സതീഷ് മനേഷിണ്ഡേ പ്രതികരിച്ചത്.
മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹ്തഗി ആണ് ആര്യന് വേണ്ടി കോടതിയിൽ ഹാജരായത്. പ്രതിയിൽനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആര്യൻഖാൻ ജയിൽ മോചിതനാകുന്നത്. ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബാസ് മാർച്ചൻ്റിനും മുൻ മുൻ ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. മുൻപ് രണ്ട് തവണ ആര്യന്‍ ഖാന് ജാമ്യം നിഷേധിച്ചിരുന്നു. 20 ദിവസം മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലും 5 ദിവസം എന്‍സിബിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലും കഴിഞ്ഞതിന് ശേഷമാണ് ഒക്ടോബര്‍ 28ന് ഒടുവില്‍ ജാമ്യം ലഭിച്ചത്.
23 കാരനായ ആര്യൻ ഖാൻ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്‍ഡിനിടെ കസ്റ്റഡിയിലായത്. തുടര്‍ന്ന് മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യന് മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്‍സാപ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് കോടതിയില്‍ വാദിച്ചത്.
ആര്യനിൽ നിന്നും ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യപരിശോധനാഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്‍റെ സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്‍റെ അളവ് ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്‍സ്ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യൻഖാന് മുൻകാല കുറ്റകൃത്യങ്ങളുടെ ചരിത്രമില്ല എന്ന കാര്യവും ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടു.