ഇനി ഒടിടിയിലേയ്ക്ക്; മോഹന്‍ലാലിന്റെ നേരിന്റെ ഒടിടി റിലീസ് ഡേറ്റ് പുറത്ത്

മോഹന്‍ലാലിന്റേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു നേര്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍, ക്രിസ്മസ് റിലീസായി ഡിസംബര്‍ 21ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന് 100 കോടി ക്ലബില്‍ കയറാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തിയേറ്ററുകളില്‍ അലയടിച്ച ചിത്രം ഇനി ഒടിടിയിലും എത്തുകയാണ്.

സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ജനുവരി 23നാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്.

ത്‌യേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രത്തിന് ഒടിടിയിലും പ്രേക്ഷക സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

2023ല്‍ റിലീസ് ചെയ്ത് 100 കോടി ക്ലബ്ബിലെത്തിയ സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് നേര്. രാജ്യത്ത് 500 തിയേറ്ററുകളിലും ഇന്ത്യക്ക് പുറത്ത് 400 തിയേറ്ററുകളിലുമാണ് നേര് പ്രദര്‍ശിപ്പിച്ചത്. ആദ്യദിനം മുതല്‍ മികച്ച കളക്ഷനാണ് ജീത്തു ജോസഫ് ചിത്രമായ നേര് നേടിയത്.

അനശ്വര രാജന്‍, ജഗദീഷ്, സിദ്ദിഖ്, പ്രിയാമണി തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു.

Vijayasree Vijayasree :