ഇന്ത്യക്കാരുടെ പ്രതീക്ഷ തെറ്റിച്ചില്ല ഈ 20 കാരന്‍… ദേശീയ റെക്കോര്‍ഡ് മറികടന്ന് ചരിത്രം കുറിച്ച് നീരജ് ചോപ്ര

ഇന്ത്യക്കാരുടെ പ്രതീക്ഷ തെറ്റിച്ചില്ല ഈ 20 കാരന്‍… ദേശീയ റെക്കോര്‍ഡ് മറികടന്ന് ചരിത്രം കുറിച്ച് നീരജ് ചോപ്ര

ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ ഇന്ത്യയുടെ സ്വന്തം നീരജ് ചോപ്ര. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ യുവതാരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ പുതിയ ദേശീയ റെക്കോഡോടെയാണ് ഈ 20 കാരന്‍ സ്വര്‍ണം നേടിയത്.

88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് നീരജ് നീരജിന്റെ തന്നെ ദേശീയ റെക്കോര്‍ഡ് തിരുത്തി ഇന്ത്യക്ക് എട്ടാം സ്വര്‍ണം സമ്മാനിച്ചു. ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റില്‍ 87.43 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് നേടിയ ദേശീയ റെക്കോര്‍ഡാണ് നീരജ് മറികടന്നത്.

ഇതോടെ എട്ടു സ്വര്‍ണവും 13 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യ ആകെ 41 മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് നീരജിന്റെ ഈ സുവര്‍ണനേട്ടം. ചൈനീസ് താരം ല്യു കിസെന്‍ 82.22 മീറ്റര്‍ പിന്നിട്ട് വെള്ളിയും പാകിസ്താന്റെ നദീം അര്‍ഷാദ് 80.75 മീറ്റര്‍ പിന്നിട്ട് വെങ്കലും നേടി. നീരജ് ജാവലിന്‍ പായിച്ചതിനേക്കാള്‍ ആറു മീറ്റര്‍ ദൂരം കുറവായിരുന്നു വെള്ളി നേടിയ താരം ജാവലിന്‍ പായിച്ചത്.


ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ നീരജിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു നീരജിന്റേത്. ഈ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും നീരജ് സ്വന്തമാക്കി. ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 86.47 മീറ്ററോടെ നീരജ് സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും നീരജ് തന്നെയായിരുന്നു ഒന്നാമത്.

Neeraj Chopra wins first gold Javelin thrower

Farsana Jaleel :